24 April Wednesday
ലീഗ് പതാക യുഡിഎഫ് പരിപാടിയിൽ വിലക്കിയത്‌ 
മൂന്നാം തവണ

ലീഗ് കൊടിക്ക് വിലക്ക് ; കോൺഗ്രസ്‌ പയറ്റുന്നത്‌ സംഘപരിവാർ മോഡൽ ; 
‘സെമികേഡറിസം’ അനുയായികളിലൂടെ പുറത്തുവരുന്നു

റഷീദ് ആനപ്പുറംUpdated: Sunday Jul 31, 2022


മലപ്പുറം
യുഡിഎഫ് പരിപാടിയിൽനിന്ന്‌ മുസ്ലിംലീഗ് കൊടി അഴിച്ച് മലപ്പുറത്തേക്കോ പാകിസ്ഥാനിലേക്കോ കൊണ്ടുപോകണമെന്ന കോൺഗ്രസ് നേതാവിന്റെ ആക്രോശം സംഘപരിവാറിന്റെ  ‘ഉത്തരേന്ത്യൻ മോഡലി’ന്റെ തനിയാവർത്തനം. കെ സുധാകരൻ കെപിസിസി പ്രസിഡന്റും വി ഡി സതീശൻ പ്രതിപക്ഷനേതാവുമായശേഷം കേരളത്തിലെ കോൺഗ്രസ് സംഘപരിവാർ രൂപത്തിലേക്ക്‌ മാറുന്നതിന്റെ സാക്ഷ്യമാണ് കഴക്കൂട്ടം ആറ്റിപ്രയിൽ കണ്ടത്. പാർടി പതാക വിലക്കിയ കോൺഗ്രസിനെതിരെ മിണ്ടാനാകാതെ ലീഗ്‌ തീർത്തും ദുർബലവുമായി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെതിരെ  പ്രതികരിക്കാത്ത ലീഗ് അതേസമീപനം തുടരുന്നു.

മൂന്നാം തവണയാണ്‌ ലീഗ് പതാക യുഡിഎഫ് പരിപാടിയിൽ വിലക്കിയത്‌. വയനാട് പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയുടെ റാലിയിൽ ലീഗ് കൊടി ഒഴിവാക്കി. ഉത്തരേന്ത്യയിൽ ബിജെപി പാകിസ്ഥാൻ പതാകയെന്ന്‌ പ്രചരിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു അത്‌. നിയമസഭാ തെരഞ്ഞെടുപ്പിലും വയനാട്ടിൽ ലീഗ് കൊടി വിലക്കി.

സുധാകരനും സതീശനും ചേർന്ന്‌ നടപ്പാക്കുന്ന ‘സെമികേഡറിസ’മാണ് അനുയായികളിലൂടെ പുറത്തുവരുന്നത്‌. വേണ്ടിവന്നാൽ ബിജെപിയിൽ ചേരാൻ മടിക്കില്ലെന്ന് പറഞ്ഞ സുധാകരന്റെ ലൈനിന് കോൺഗ്രസിൽ വലിയ പിന്തുണ കിട്ടുന്നുവെന്നതിന് തെളിവാണിത്‌. വി ഡി സതീശൻ  ആർ എസ്എസ് വോട്ടുനേടിയാണ് നിയമസഭയിലെത്തിയതെന്ന് ബിജെപി നേതാവ് വെളിപ്പെടുത്തിയത്‌ ഈയിടെയാണ്‌. 

കോൺഗ്രസിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടിനെ നേരത്തെ ലീഗ്‌ എതിർത്തിരുന്നു. മുസ്ലിങ്ങൾ സമ്മർദംചെലുത്തി അനർഹമായി പലതും നേടുന്നുവെന്ന എ കെ ആന്റണിയുടെ പ്രസ്താവനയെ അന്ന്‌ പാർടി പ്രസിഡന്റായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ പരസ്യമായി ചോദ്യംചെയ്തു. അണികൾ തെരുവിലിറങ്ങി. ഒടുവിൽ സോണിയഗാന്ധി തങ്ങളെ  വിളിച്ച് ക്ഷമ പറഞ്ഞു. ആന്റണി ഖേദം പ്രകടിപ്പിച്ചു. എന്നാൽ ഇപ്പോഴാകട്ടെ പ്രതികരണശേഷിയില്ലാത്തവരായി മാറി ലീഗ്‌ നേതൃത്വം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top