29 March Friday

സഹകരണ ബാങ്കുകൾ ജനകീയം ; കുപ്രചാരണങ്ങൾ തള്ളുക : ബെഫി

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022


കൊച്ചി   
ജനകീയ ഇടപെടലുകൾ തുടരുന്ന സഹകരണപ്രസ്ഥാനത്തെ തകർക്കാനാണ്‌ ഒറ്റപ്പെട്ട സംഭവങ്ങളിൽ ചിലർ കുപ്രചാരണം സംഘടിപ്പിക്കുന്നതെന്ന്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(ബെഫി) വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങളെ പിടിച്ചടക്കി, സാധാരണക്കാരുടെ പണം കുത്തകകളുടെ കൈകളിലെത്തിക്കാനാണ്‌ നീക്കം. സഹകരണനിയമം ഭേദഗതിചെയ്ത്‌ പുതിയ മന്ത്രാലയമുണ്ടാക്കി കേന്ദ്ര ആഭ്യന്തരമന്ത്രിക്കുതന്നെ ചുമതല നൽകിയത്‌ ഈ ലക്ഷ്യത്തോടെയാണ്.
സ്വാതന്ത്ര്യത്തിനുശേഷം 1969വരെ 774ഉം 1969ലെ ദേശസാൽക്കരണത്തിനുശേഷം 36 പ്രമുഖ വാണിജ്യ ബാങ്കും തകർന്നു. കേരളത്തിലെ നെടുങ്ങാടി ബാങ്ക്, പറവൂർ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് കൊച്ചിൻ എന്നിവയൊക്കെ ഇങ്ങനെ തകർന്നവയാണ്.  തകർന്ന ബാങ്കുകളിൽ റിസർവ്‌ ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചാൽ ഇടപാടുകാർക്ക് നിശ്ചിതകാലത്തേക്ക് നിക്ഷേപം പിൻവലിക്കാനാകില്ല. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ്‌ ക്രഡിറ്റ് ഗ്യാരന്റി കോർപറേഷൻ നൽകുന്ന പരമാവധി നിക്ഷേപ പരിരക്ഷ അഞ്ച് ലക്ഷംരൂപ മാത്രമാണ്.

2010 മുതൽ 2020വരെ  രാജ്യത്തെ വാണിജ്യബാങ്കുകൾ എഴുതിത്തള്ളിയ വായ്പ 8,83,168 കോടി രൂപയാണ്. ഇതിൽ 50 വൻകിട കുത്തക മുതലാളിമാരുടേതുമാത്രം 68,607 കോടി രൂപവരും. എഴുതിത്തള്ളിയതിൽ 90 ശതമാനവും അഞ്ച് കോടിക്ക് മുകളിലുള്ള വായ്‌പകളാണ്‌. 34,000 കോടിയുടെ തിരിമറി നടന്ന ദിവാൻ ഹൗസിങ് ഫിനാൻസ്, 13,000 കോടിയുടെ നീരവ് മോദി തട്ടിപ്പ്, 20,000 കോടിയുടെ എബിജി ഷിപ്യാർഡ് അടക്കം ആകെ ഒരു ലക്ഷത്തിലധികം കോടി രൂപയുടെ തട്ടിപ്പ്‌ നടന്നിട്ടുണ്ട്‌. പത്തനംതിട്ടയിലെ ദേശസാൽകൃത ബാങ്കിൽ എഴുകോടിക്കുമേൽ തട്ടിപ്പ് നടന്നിട്ടും വാർത്തയെഴുതി ആ ബാങ്കിനെ ആരും തകർത്തിട്ടില്ല. എന്നാൽ, ചിലർ അസത്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ച് കേരളത്തിലെ സഹകരണ മേഖലയെയാകെ ഇകഴ്ത്തിക്കാണിക്കുകയാണ്‌.

ധനസ്ഥാപനത്തിന്റെ വിശ്വാസ്യത ഇല്ലാതായാൽ ഇടപാടുകാർ പണം പിൻവലിക്കും. അതോടെ പിടിച്ചുനിൽക്കാനാകാതെ അവ തകരും. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ്  കുപ്രചാരകരുടെ ലക്ഷ്യം. അതെല്ലാംതള്ളി സഹകരണമേഖലയെ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് പ്രസിഡന്റ്‌ ഷാജു ആന്റണി, ജനറൽ സെക്രട്ടറി എൻ സനിൽ ബാബു എന്നിവർ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top