25 April Thursday

സയൻസിലും സോഷ്യൽ സയൻസിലും നൂതന പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുമായി എം ജി സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

കോട്ടയം> ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ സംയോജിപ്പിച്ച് സയൻസിലും സോഷ്യൽ സയൻസിലും രാജ്യാന്തര നിലവാരത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. പ്രോഗ്രാമുകൾ ആരംഭിക്കാനൊരുങ്ങി മഹാത്മാഗാന്ധി സർവകലാശാല. ഗവേഷണ മേഖലയെക്കുറിച്ച് ബിരുദതലത്തിൽ തന്നെ അറിവുപകരുകയും രാജ്യാന്തരതലത്തിലുള്ള മികച്ച അധ്യയനസൗകര്യം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയുമാണ് പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇതാദ്യമായാണ് സോഷ്യൽ സയൻസിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാം തുടങ്ങുന്നത്. എം.എസ്‌സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം സർവകലാശാല നടത്തി വന്നിരുന്നു. ഈ പ്രോഗ്രാം കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി നവീകരിച്ചാണ് പുതിയ പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. സർവകലാശാല കാമ്പസിലാണ് പ്രോഗ്രാമുകൾ നടക്കുക.

ഇന്റഗ്രേറ്റഡ് എം.എ. സോഷ്യൽ സയൻസസ്

ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ മൂന്നു മെയിൻ ഉൾക്കൊള്ളുന്നതാണ് സോഷ്യൽ സയൻസിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ബി.എ., എം.എ. കോഴ്‌സുകൾ സംയോജിപ്പിച്ചാണ് പഞ്ചവത്സര പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. മുപ്പതു സീറ്റുകളാണുള്ളത്. മൾട്ടി ഡിസിപ്ലിനറി പഠനപദ്ധതിയാണിത്. ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ ബി.എ. തലത്തിൽ ഇക്കണോമികസ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമുകളാണുള്ളത്. എം.എ. തലത്തിൽ ഡെവലപ്‌മെന്റ് സ്റ്റഡീസ്, ആന്ത്രപ്പോളജി, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ്, ഹിസ്റ്ററി, ഗാന്ധിയൻ സ്റ്റഡീസ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് സ്റ്റഡീസ്, ഹ്യൂമൻ റൈറ്റ്‌സ്, ആന്ത്രപ്പോളജി എന്നീ പ്രോഗാമുകളാണുള്ളത്. സാമ്പ്രദായിക വിഷയങ്ങളിലുള്ള കോഴ്‌സുകൾക്കു പുറമേ നൂതനമായ വിവിധ വിഷയങ്ങളും പഠനത്തിന്റെ ഭാഗമാകും. അധ്യാപകൻ മാർഗദർശിയാകുന്ന ഒരു സെമസ്റ്റർ പൂർണമായുള്ള ഫീൽഡ് വർക്ക് നിർബന്ധമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അക്കാദമിക പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാകും. ഔട്ട്കം ബേസ്ഡ് പാഠ്യപദ്ധതിയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. പ്ലസ് ടു വിന് 60 ശതമാനം മാർക്കോടെ പാസാകുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം ലഭിക്കുക. മൂന്നുവർഷം കഴിഞ്ഞാൽ എക്‌സിറ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ബി.എ. കരസ്ഥമാക്കാം. അല്ലെങ്കിൽ സ്‌പെഷലൈസ്ഡ് വിഷയത്തിൽ പി.ജി. പൂർത്തീകരിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.എ. വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സീറ്റൊഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ പി.ജി. പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി സൗകര്യവുമുണ്ട്.

ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ്


കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ്, കമ്പ്യൂട്ടർസയൻസ്, എൺവയോൺമെന്ററൽ സയൻസ് വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം. ത്രിവൽസര ഫൗണ്ടേഷൻ കോഴ്‌സായ ബി.എസ് സി.യും പി.ജി. കോഴ്‌സായ എം.എസ് സി.യും സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിലാണ്(ഐ.ഐ.ആർ.ബി.എസ്) പ്രോഗ്രാം നടക്കുക. പ്രത്യേകം തയാറാക്കിയ ഇന്റർ/മൾട്ടി ഡിസിപ്ലിനറി പാഠ്യപദ്ധതിയാണ് പ്രോഗാമിനുള്ളത്. രാജ്യാന്തരനിലവാരത്തിലുള്ള പഠനം ലഭ്യമാകും. ശാസ്ത്ര വിഷയങ്ങൾക്ക് പുറമേ സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, വിദേശഭാഷകൾ ഉൾപ്പടെയുള്ള ഭാഷപഠനം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്.

സ്‌പെഷിലൈസേഷൻ ചെയ്യുന്ന വിഷയങ്ങളിൽ ഉയർന്ന ശേഷി കൈവരിക്കാൻ കഴിയുന്ന നിലയിലാണ് പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. അത്യാധുനിക ലാബ് സൗകര്യങ്ങൾ ലഭ്യമാകുന്നതിനൊപ്പം അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായോഗിക പരീശീലനവും ലഭിക്കും. രാജ്യത്തെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രോജക്റ്റ്, ഇന്റേൺഷിപ്പ് എന്നീ സൗകര്യങ്ങളടക്കം വിഭാവനം ചെയ്യുന്നതാണ് പാഠ്യപദ്ധതി. മൊത്തം 20 സീറ്റിലേക്കാണ് പ്രവേശനം. ഓരോ വിഷയത്തിലും നാലു സീറ്റ് വീതമാണുള്ളത്. സയൻസ് വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ജയമാണ് യോഗ്യത.

പ്രവേശനം

രാജ്യാന്തരതലത്തിൽ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് പ്രഗത്ഭരായ അധ്യാപകരുടെയും ശാസ്ത്രജ്ഞരുടെയും ക്ലാസുകളിലും സെമിനാറുകളിലും പങ്കെടുക്കാൻ രണ്ടു പ്രോഗാമുകളിലൂടെയും അവസരം ലഭിക്കും. വിദ്യാർഥികൾക്ക് രാജ്യാന്തരതലത്തിലുള്ള ഉന്നതവിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടാം. ഈ അക്കാദമിക വർഷം പ്രോഗ്രാം ആരംഭിക്കും. ദേശീയതലത്തിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽഈ വർഷം ഏകജാലക പ്രവേശന സംവിധാനമായ ക്യാപിലൂടെ(CAP)യാകും പ്രവേശനം.
വിജ്ഞാപനം ഉടനുണ്ടാകും.
#


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top