24 April Wednesday
വിലകൂട്ടൽ എല്ലാ വർഷവും

അവശ്യമരുന്നുകളുടെ വിലയിൽ 
ഏറ്റവും വലിയ വർധന നാളെമുതൽ

പ്രത്യേക ലേഖകൻUpdated: Friday Mar 31, 2023



കൊച്ചി
അർബുദം, ഹൃദ്‌രോഗം, പ്രമേഹം എന്നിവയ്‌ക്ക്‌ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വിലയിൽ രാജ്യത്തെ ഏറ്റവും വലിയ വർധന ഏപ്രിൽ ഒന്നിന്‌ നിലവിൽവരും. 384 അവശ്യമരുന്നുകൾക്കും അവയുടെ ആയിരത്തോളം വകഭേദങ്ങൾക്കും 12.12 ശതമാനം വിലവർധിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ അനുമതി നൽകിയത്‌. കഴിഞ്ഞവർഷം 10.7 ശതമാനം വിലവർധനയ്‌ക്കാണ്‌ അനുമതി നൽകിയത്‌.  കേന്ദ്രസർക്കാരിനുകീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്‌ അതോറിറ്റിയാണ്‌ (എൻപിപിഎ), മൊത്ത വിലനിലവാര സൂചിക വർധനയ്‌ക്കനുസരിച്ച്‌ അവശ്യമരുന്നുകളുടെ വില കൂട്ടാൻ നിർമാതാക്കൾക്ക്‌ അനുമതി നൽകുന്നത്‌.

അവശ്യമരുന്നുകളുടെ പട്ടികയിൽ ഇല്ലാത്ത മരുന്നുകൾക്ക്‌ പ്രതിവർഷം 10 ശതമാനം വില കൂട്ടാനാണ്‌ സമിതി അനുമതി നൽകാറുള്ളത്‌. എന്നാൽ, അവശ്യമരുന്നുകൾക്ക്‌ 12 ശതമാനം വർധന അനുവദിക്കുന്നത്‌ ആദ്യമാണ്‌.  എല്ലാ വർഷവും മരുന്നുവില പുതുക്കിനിശ്‌ചയിക്കുന്ന മരുന്നുവിലനിയന്ത്രണ നിയമം 2013ൽ നിലവിൽ വന്നശേഷം ആദ്യമായാണ്‌ ഇത്ര ഉയർന്ന വർധന. അതിനുമുമ്പ്‌  മൂന്നുവർഷത്തിലൊരിക്കലായിരുന്നു വിലവർധന.

വിലവർധനയ്‌ക്കുമുന്നോടിയായി അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കുന്ന സ്‌റ്റാൻഡിങ്‌ കമ്മിറ്റി കഴിഞ്ഞദിവസം 34 പുതിയ മരുന്നുകളെ ഉൾപ്പെടുത്തിയും 26 മരുന്നുകളെ ഒഴിവാക്കിയും 384 മരുന്നുകളുടെ പട്ടിക പുറത്തിറക്കിയിരുന്നു. 2015നുശേഷം പട്ടിക പുതുക്കുന്നതും ഇതാദ്യമാണ്‌.
നിലവിൽ എംആർപി രേഖപ്പെടുത്തി വിപണിയിലുള്ള മരുന്നുകൾ ഇതേവിലയ്‌ക്ക്‌ വിൽക്കേണ്ടിവരും. പുതിയ സ്‌റ്റോക്ക്‌ വരുന്നമുറയ്‌ക്ക്‌ വിലയിൽ മാറ്റംവരും. സെപ്‌തംബറിൽ ചില മരുന്നുകളുടെ വില കുറച്ചശേഷം ആറുമാസത്തിനകം എല്ലാ മരുന്നുകളുടെയും വില കൂട്ടുകയാണ്‌ ഇപ്പോൾ ചെയ്‌തതെന്നും അവർ പറയുന്നു. മൂന്നുവർഷമെങ്കിലും കുറഞ്ഞ വില തുടർന്നിട്ട്‌ വില പുതുക്കുന്നതാണ്‌ രോഗികൾക്ക്‌ ഗുണം ചെയ്യുന്നതെന്നും അവർ പറയുന്നു.

മരുന്നുവിലനിയന്ത്രണ അതോറിറ്റി മരുന്നുകമ്പനികളുടെ താൽപ്പര്യംമാത്രമാണ്‌ സംരക്ഷിക്കുന്നതെന്നും അവശ്യമരുന്നുകളുടെ വില എല്ലാ വർഷവും കുത്തനെ ഉയർത്തുന്നത്‌ ഇതിന്‌ തെളിവാണെന്നും കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ്‌ റപ്രസന്റേറ്റീവ്‌ അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ ജനറൽ സെക്രട്ടറി തോമസ്‌ മാത്യു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top