29 March Friday

തൊഴിലാളികളുടെ പലായനം: കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം-കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

തിരുവനന്തപുരം > ലോക്ക്ഡൗണ്‍പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. ഇവര്‍ എന്തുചെയ്യണമെന്നോ ഇവര്‍ക്ക് എന്തെങ്കിലും സൗകര്യമൊരുക്കിയിട്ടുണ്ടോ എന്നൊന്നും പറയാതെ, എല്ലാവരും ഇപ്പോഴുള്ള ഇടങ്ങളില്‍ തന്നെ നില്‍ക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പട്ടത്.

ദിവസ വേതനത്തൊഴിലാളികളായവരെല്ലാം തന്നെ തങ്ങളുടെ അവശേഷിക്കുന്ന സമ്പാദ്യവുമെടുത്ത് കുട്ടികളെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് സ്വന്തം സംസ്ഥാനങ്ങളിലേക്ക് നടന്നത് ആ സാഹചര്യത്തിലാണ്. യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് താമസ-ഭക്ഷണ സൗകര്യമൊരുക്കിയത് കേരളം മാത്രമായിരുന്നു.

ട്രെയിന്‍ സര്‍വീസുകളും ബസ്സുകളുമില്ലാത്ത ലോക്ക് ഡൗണ്‍ സമയത്ത് വിഭജന കാലത്തെ അഭയാര്‍ഥി പ്രവാഹം ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലായിരുന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ദില്ലിയില്‍ റസ്റ്റോറന്റില്‍ തൊഴിലാളിയായിരുന്ന രണ്‍ബീര്‍ സിങ്ങ് മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്ക് കാല്‍നടയായി പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടത് ഹൃദയഭേദകമായിരുന്നു. പത്തിലധികം തൊഴിലാളികള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് റോഡുകളില്‍ കൊല്ലപ്പെട്ടിരിക്കുന്നു. നടക്കാനാവാത്ത പിഞ്ചുകുഞ്ഞ് പൊരിവെയിലില്‍ തളര്‍ന്ന് നടുറോഡില്‍ കുമ്പിട്ടിരിക്കുന്ന ചിത്രം മനസാക്ഷിയുള്ളവരെയെല്ലാം വല്ലാതെ ഉലച്ചുകളഞ്ഞു.

കൊറോണ വ്യാപനത്തിന് നടുവില്‍ ഇത്തരമൊരു ദുരന്തം ലോക്ക്ഡൗണിന് ആവശ്യമായ മുന്നൊരുക്കം നടത്താതിരുന്നതുകൊണ്ട് സംഭവിച്ചതാണ്. ഈ സംഭവങ്ങള്‍ക്ക് ശേഷം മാത്രമാണ് തൊഴിലാളികള്‍ക്ക് കുറച്ചെങ്കിലും വാഹനസൗകര്യം വിവിധ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയത്.

കേരളത്തില്‍ മാത്രമാണ് അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നില്‍ക്കാനുളള അവസ്ഥയുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ ഇവരെ പാര്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്നിറക്കിവിടാന്‍ പാടില്ലെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവര്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് മനസിലാവുന്ന വിധത്തില്‍ വിവിധ ഭാഷകളില്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ ലഭ്യമാക്കുകയും ഇവര്‍ക്ക് മാത്രമായി കോള്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ നാട്ടിലെ ഭക്ഷണം അവര്‍ക്ക് കിട്ടുന്നതരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുകയും ടെലിവിഷന്‍ പോലുള്ള വിനോദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

കേരളത്തിന്റെ ഈ മാതൃക ലോക്ക് ഡൗണിന് മുന്നേ എല്ലാ സംസ്ഥാനങ്ങളും സജ്ജമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കില്‍ റോഡുകളില്‍ പൊലിഞ്ഞ അതിഥി തൊഴിലാളികളുടെ ജീവന്‍ നമുക്ക് രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഇനിയെങ്കിലും സത്വര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top