29 March Friday

വീടും വിദ്യാലയം, സമ്മാനങ്ങളും കിട്ടും

എ എസ് ജിബിനUpdated: Tuesday Mar 31, 2020


കൊച്ചി
മുത്തശ്ശിയുടെ വിളികേട്ട് അമ്മു ഞെട്ടിയുണര്‍ന്നു. ‘‘മോളേ... നീ എന്താ ഇങ്ങനെ കിടക്കുന്നത്?’’.  ‘‘അതോ, ഞങ്ങള്‍ക്ക് ഇന്നുമുതല്‍ സ്‌കൂളില്ല. ടിവിയിൽ വാര്‍ത്ത വായിക്കുന്ന ചേച്ചി പറയുന്നത് മുത്തശ്ശി കേട്ടില്ലേ, ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും’’. ‘‘അയ്യോ! ഞാനത് കേട്ടില്ല. നീയൊന്ന് പറഞ്ഞേ എന്താ ഈ കൊറോണയെന്ന്’’.

കൊറോണയെക്കുറിച്ച്‌ മുത്തശ്ശിക്ക്‌ അമ്മു പറഞ്ഞുകൊടുത്ത കാര്യ‌ങ്ങൾ എന്തൊക്കെയായിരിക്കും?  എഴുതിക്കൊടുത്താൽ സമ്മാനം ഉറപ്പ്‌. ഒട്ടും മടിച്ചുനിന്നില്ല മൂന്നാംക്ലാസുകാരി നക്ഷത്ര. വൃത്തിയുള്ള ഒരു കടലാസെടുത്തു. കൊറോണയെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം എഴുതി. ഇടയ്ക്ക് സംശയം വന്നപ്പോള്‍ അമ്മയോടും അച്ഛനോടും ചോദ്യങ്ങളായി, ചര്‍ച്ചയായി. എല്ലാം എഴുതി അയച്ചു. ഇനി സമ്മാനത്തിനുള്ള കാത്തിരിപ്പ്‌.

കൊറോണ പ്രതിരോധത്തിനൊപ്പം, വീട്ടിലിരുന്ന് അവധിക്കാലം മനോഹരമാക്കാന്‍ കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ടിഎ എറണാകുളം ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ‘വീടൊരു വിദ്യാലയം' പദ്ധതിയില്‍ നക്ഷത്രയെപ്പോലെ നിരവധി വിദ്യാര്‍ഥികളാണ് പങ്കാളികളാകുന്നത്. ക്ലാസ് 1-2, ക്ലാസ് 3-4, ക്ലാസ് 5-7 എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ കുട്ടികള്‍ക്കായി അവധിക്കാല പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നത്.

പദ്ധതിയില്‍ പങ്കാളിയാകാന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപ്പിലൂടെ പിഡിഎഫ് രൂപത്തില്‍ ചോദ്യങ്ങള്‍ ലഭിക്കും. ഉത്തരം കണ്ടെത്താന്‍ വീട്ടിലുള്ളവരുടെ സഹായം തേടാം. കൂട്ടുകാരോടും അധ്യാപകരോടും സാമൂഹ്യമാധ്യമങ്ങളിലൂടെയോ ഫോണിലൂടെയോ സംവദിക്കുകയുമാകാം. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കൊറോണ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിച്ച്‌ വേണം ഉത്തരം കണ്ടെത്തേണ്ടത് എന്ന നിബന്ധനയുണ്ട്.

ഉത്തരമെഴുതാന്‍ മൂന്നുദിവസം സമയം നല്‍കും. ഉത്തരങ്ങൾ കടലാസിലെഴുതി ഫോട്ടോയെടുത്ത് ചോദ്യം വന്ന നമ്പറിലേക്ക് അയച്ചുനല്‍കണം. മികച്ച ഉത്തരങ്ങള്‍ക്ക് സമ്മാനവും നൽകും. അധ്യാപകര്‍ ഉത്തരങ്ങള്‍ വിലയിരുത്തി അഭിപ്രായം അറിയിക്കും. സര്‍ക്കാരിന്റെ കൊറോണ നിര്‍ദേശങ്ങളും നൽകും. തിങ്കളാഴ്ച ആരംഭിച്ച ‘വീടൊരു വിദ്യാലയം’ പദ്ധതിയില്‍ നിലവില്‍ 750 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കെഎസ്ടിഎ സബ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ വി ബെന്നി പറഞ്ഞു. കെഎസ്ടിഎ സബ് കമ്മിറ്റി നല്‍കുന്ന ലിങ്കിലൂടെ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പിന്നീട് ഓരോ ആഴ്ചയും രസകരമായ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ തേടി എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top