25 April Thursday

ഭായ്‌ കോളനിയിൽ കാര്യങ്ങൾ കുശാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


പെരുമ്പാവൂർ
പാലക്കാട്ടുതാഴം പാലത്തിന് സമീപമുള്ള ഭായ് കോളനിയിൽ കാര്യങ്ങൾ ഉഷാറാണ്‌. ആവശ്യത്തിന്‌ ഭക്ഷണം. അതും സമൂഹ അടുക്കള വഴി. അതിഥിത്തൊഴിലാളികൾ പട്ടിണി കിടക്കാതിരിക്കാൻ ജില്ലാ ഭരണനേതൃത്വവും തൊഴിൽവകുപ്പും കെട്ടിട ഉടമകളുടെ സഹകരണത്തോടെ ഞായറാഴ്‌ച മുതൽ ഇവിടെ സമൂഹ അടുക്കള തുറക്കുകയായിരുന്നു. വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളുടെയും പെരുമ്പാവൂർ നഗരസഭയുടെയും സംഗമ പ്രദേശമായ പാലക്കാട്ടുതാഴത്ത്‌ ആയിരത്തോളം അതിഥിത്തൊഴിലാളികൾ കുടുംബസമേതം താമസിക്കുന്നുണ്ട്‌. ഇവിടെ ഭക്ഷണ വിതരണത്തിന് കേന്ദ്രീകൃത ഭക്ഷണശാലയും ചപ്പാത്തി നിർമാണ യൂണിറ്റും ഞായറാഴ്‌ച മുതൽ പ്രവർത്തനമാരംഭിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ആറായിരത്തോളം ചപ്പാത്തിയും കറിയും തയ്യാറാക്കി വിതരണം ചെയ്തു. ഉച്ചയ്ക്ക് ചോറും കറികളും തയ്യാറാക്കി പൊതിയാക്കി ഓരോ കെട്ടിടങ്ങളിലേക്കും എത്തിച്ചുകൊടുത്തു.  ഇതിനിടെ കോളനി സന്ദർശിക്കാനെത്തിയ കലക്ടർക്ക്‌ മുന്നിൽ ചില തൊഴിലാളികൾ പ്രതിഷേധിച്ചു. കലക്ടർ എസ് സുഹാസും പൊലീസ് മേധാവി കെ കാർത്തികും ചേർന്ന് തൊഴിലാളികളോട് സംസാരിച്ച് രംഗം ശാന്തമാക്കി. തൊട്ടുപിന്നാലെ മന്ത്രി വി എസ് സുനിൽകുമാറും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു.  ഉത്തരേന്ത്യൻ വെജിറ്റേറിയൻ ഭക്ഷണം  തയ്യാറാക്കി നൽകുമെന്ന് ഉറപ്പും നൽകി. ലോക്ക്‌ഡൗൺ ആയതിനാൽ നാട്ടിലേക്ക്‌ പോകാനാകില്ലെന്നുംഅധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ കലക്ടറും എസ്‌പിയുമടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top