29 March Friday

സർക്കാർ പറയുന്നു; അതിഥി ദേവോ ഭവ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


കൊച്ചി
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം അതിഥിത്തൊഴിലാളികളുള്ള പെരുമ്പാവൂരിൽ അവരുടെ ഇഷ്‌ടഭക്ഷണങ്ങൾ മാത്രം വച്ചുവിളമ്പുന്ന നൂറുകണക്കിന്‌ ഹോട്ടലുകളാണുണ്ടായിരുന്നത്‌. ലോക്ക്‌ഡൗൺ വന്നതോടെ അതെല്ലാം പൂട്ടി. സമൂഹ അടുക്കളകളിൽനിന്ന്‌ മുടങ്ങാതെ  ഭക്ഷണമെത്തിയെങ്കിലും ചപ്പാത്തിയും ദാലും ചാട്ട്‌ മസാലയുമൊന്നും മെനുവിലില്ലാത്തത്‌ അവരെ വിഷമത്തിലാക്കിയത്‌ സ്വാഭാവികം. അവരുടെ ആവശ്യം കണ്ടറിഞ്ഞാണ്‌  അയ്യായിരത്തോളം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാലക്കാട്ടുതാഴം കോളനിയിലേക്ക്‌ കഴിഞ്ഞദിവസം ചപ്പാത്തിയുണ്ടാക്കുന്ന മെഷീൻ എത്തിച്ചത്‌. അവരുടെ രുചിക്കനുസരിച്ചുള്ള ഭക്ഷണം സ്വയം പാകം ചെയ്യാൻ ഭക്ഷ്യധാന്യങ്ങൾ നൽകാനും ജില്ലാ ഭരണനേതൃത്വം നടപടിയെടുത്തു. സംസ്ഥാനത്താകെ അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള വിശദ പദ്ധതിക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞു.  

തൊഴിൽവകുപ്പിന്റെ കണക്കുപ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ്‌ കൂടുതൽ അതിഥിത്തൊഴിലാളികളുള്ളത്‌.  തൊഴിലുടമകൾക്ക്‌ കീഴിൽ ജോലി ചെയ്യുന്നവരും കരാറുകാർക്ക്‌ കീഴിലുള്ളവരും രണ്ട്‌ വിഭാഗത്തിലും പെടാത്തവരുമുണ്ട്‌. കുടുംബസമേതം കഴിയുന്നവരും ഏറെ. കോവിഡ്‌ ബാധയുടെ സാഹചര്യത്തിൽ തൊഴിലും കൂലിയും ഇല്ലാതായത്‌ ഏറെപ്പേരെയും പ്രതിസന്ധിയിലാക്കി. ചില തൊഴിലുടമകളും കരാറുകാരും കൈയൊഴിഞ്ഞതും താമസസ്ഥലങ്ങളിൽനിന്ന്‌ ഇറക്കിവിട്ടതും പോലുള്ള സംഭവങ്ങളുമുണ്ടായി. 

എല്ലാറ്റിനും പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കിടയിലാണ്‌ പായിപ്പാട്ട്‌ ഉണ്ടായതുപോലുള്ള മുതലെടുപ്പു നീക്കങ്ങളുണ്ടായത്‌. ഈ സാഹചര്യത്തിലാണ്‌ സർക്കാർ അതിഥിത്തൊഴിലാളി ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള വിശദപദ്ധതിക്ക്‌ രൂപം നൽകിയത്‌.  അതിഥിത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ അവരുടെ പരാതികൾ അറിയിക്കാനുള്ള കോൾ സെന്റർ ജില്ലകളിലെല്ലാം തുറന്നുകഴിഞ്ഞു.  തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ ഭാഷകളിൽ പരാതി കേൾക്കാനും പരിഹരിക്കാനുമുള്ള ക്രമീകരണമാണ്‌ ഇവിടെയുള്ളത്‌.  ജില്ലാതലത്തിൽ ഹെൽപ് ഡെസ്‌കുകളിൽ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീമിന്റെ സേവനം 24 മണിക്കൂറും ലഭിക്കും.

ലേബർ കമീഷണറേറ്റിൽ അഡീഷണൽ ലേബർ കമീഷണർ (എൻഫോഴ്‌സ്‌മെന്റ്), ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ്, ഡെപ്യൂട്ടി ലേബർ കമീഷണർ (തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനതല കോ–-ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌.  ജില്ലകളിലെ പ്രവർത്തനങ്ങൾക്ക്‌ ജില്ലാ ലേബർ ഓഫീസർമാരെ നോഡൽ ഓഫീസർമാരായും നിയോഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top