23 April Tuesday
തുറമുഖത്തെ സ്വാഗതം ചെയ്യുമ്പോൾത്തന്നെ 
അഴിമതി തടയുമെന്ന നിലപാടാണ്‌ 
ദേശാഭിമാനി ഉയർത്തിയത്

വിഴിഞ്ഞം തുറമുഖപദ്ധതി : അന്നും ഇന്നും 
ഒരേ നിലപാട്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

2016 ഏപ്രിൽ 25ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രം


തിരുവനന്തപുരം  
വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ സമരം ഒറ്റപ്പെട്ടതോടെ സമരസമിതി പ്രചരിപ്പിക്കുന്ന ആറുവർഷം മുമ്പുള്ള ‘ദേശാഭിമാനി’ അന്ന് ഉയർത്തിപ്പിടിച്ചതും ഇന്നത്തെ നിലപാടുതന്നെ.  2016 ഏപ്രിൽ 25ലെ ‘ദേശാഭിമാനി’യാണ്‌ നിലപാട്‌ മാറ്റിയെന്ന പേരിൽ ചിലർ തെറ്റിദ്ധരിപ്പിക്കുന്നത്‌. തുറമുഖത്തെ സ്വാഗതം ചെയ്യുമ്പോൾത്തന്നെ അതിന്റെ പേരിലെ അഴിമതി തടയുമെന്നും കടലോരമക്കളെ കണ്ണീർ കുടിപ്പിക്കാൻ അനുവദിക്കില്ലെന്ന സിപിഐ എം നിലപാടാണ്‌ ദേശാഭിമാനി ഉയർത്തിപ്പിടിച്ചത്‌.

2016 ഏപ്രിൽ 25ലെ പ്രധാന വാർത്തയിങ്ങനെ: ‘‘ പദ്ധതി നടപ്പാക്കുന്നതിന് അദാനി പോർട്സുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളിലെ അഴിമതിയെയാണ് ചോദ്യംചെയ്തത്. സംസ്ഥാന സർക്കാരിന് പൂർണനിയന്ത്രണവും നിർണായക പങ്കാളിത്തവുമുള്ള ലാൻഡ് ലോർഡ് മോഡലിൽ തുറമുഖം നിർമിക്കാനായിരുന്നു എൽഡിഎഫ് സർക്കാർ നടപടിയെടുത്തത്. തുറമുഖനിർമാണം സർക്കാർ നേരിട്ട് നടപ്പാക്കുക, തുറമുഖത്തിന്റെ പ്രവർത്തനത്തിന് പൊതു‐ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക‐ ഇതാണ് എൽഡിഎഫ് ഉദ്ദേശിച്ചത്. ഇതിനുവേണ്ടി 450 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് 2500 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചു. റോഡും റെയിലും ഉണ്ടാക്കി. ലോകത്തിലെ വിവിധ വൻകിട തുറമുഖങ്ങളുടെ അനുഭവംകൂടി കണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ ആ വഴിക്ക് നീങ്ങിയത്. തുറമുഖനിർമാണത്തിന് കരാറുകാരെ കണ്ടെത്താനും 30 വർഷം തുറമുഖം ഓപ്പറേറ്റ് ചെയ്യുന്നതിന് ഏജൻസിയെ കണ്ടെത്തുന്നതിനും ടെൻഡർ ക്ഷണിച്ചു. ഈ ഘട്ടത്തിലാണ് എൽഡിഎഫ് സർക്കാർ സ്ഥാനമൊഴിഞ്ഞത്. ’’

‘കടലിന് കണ്ണീരിന്റെ ഉപ്പ് ’ എന്ന മറ്റൊരു വാർത്തയിൽ ഞങ്ങൾ പറഞ്ഞു: ‘‘തുറമുഖനിർമാണം ആരംഭിച്ചതോടെ, വരുമാനമാർഗം അടഞ്ഞു. യുഡിഎഫ്‌ സർക്കാർ വാഗ്ദാനം പാഴ്‌വാക്കായി. പദ്ധതി ഉദ്ഘാടനത്തിനുമുമ്പ് ഏതാനും പേർക്ക് നഷ്ടപരിഹാരത്തുക നൽകി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഫിഷറീസ് മന്ത്രി ബാബുവും വാർത്ത സൃഷ്ടിച്ചു. എന്നാൽ, പിന്നീട് ഇത് നിലച്ചു. വിഴിഞ്ഞത്തെ അമ്പതിനായിരത്തോളം തീരദേശവാസികൾ ആത്മഹത്യയുടെ വക്കിലാണ്. ’’  എന്നാൽ, എൽഡിഎഫ്‌ സർക്കാർ വന്നതോടെ തീരത്തെ സ്ഥിതി അതല്ല. അദാനിയുമായി യുഡിഎഫ്‌ കാലത്തുണ്ടാക്കിയ കരാറിൽ മാറ്റം വരുത്താൻ എൽഡിഎഫിന്‌ നിയമപരമായി സാധിക്കില്ല. പക്ഷേ, തീരവാസികളുടെ ആവശ്യങ്ങൾ ഓരോന്നായി നടപ്പാക്കുകയാണ്‌ സർക്കാർ. ഇനിയും പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹരിക്കാനും സന്നദ്ധമാണെന്ന നിലപാടാണ്‌  സ്വീകരിച്ചിട്ടുള്ളതും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top