30 January Monday

കേന്ദ്ര അനുമതി മതി, 
സിൽവർ ലൈൻ റെഡി ; കെ റെയിൽ പ്രവർത്തനങ്ങൾ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022


തിരുവനന്തപുരം   
സിൽവർ ലൈനിൽ കേരളം കാത്തിരിക്കുന്നത് കേന്ദ്ര സർക്കാർ നിലപാടിനെ. സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്‌ ആകാവുന്ന പദ്ധതിക്ക്‌ അന്തിമാനുമതി നൽകുന്നതിൽ ഒളിച്ചുകളി തുടരുകയാണ്‌ കേന്ദ്രം. വിശദ പദ്ധതിരേഖ റെയിൽവേ ബോർഡിനുമുന്നിലുണ്ട്‌. കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതോടെ തുടക്കമിട്ട പ്രാരംഭപ്രവർത്തനങ്ങൾ കെ–-റെയിൽ തുടരുകയാണ്‌. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടുന്നമുറയ്‌ക്ക്‌ ടെൻഡർ നടപടികളിലേക്ക്‌ കടക്കും.

പദ്ധതിയിൽ നിക്ഷേപത്തിനുമുമ്പുള്ള പ്രവർത്തനങ്ങളെല്ലാം ആരംഭിക്കാമെന്ന്‌ 2016 ആഗസ്ത്‌ അഞ്ചിന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സാധ്യതാ പഠനം, വിശദ പദ്ധതിരേഖ തയ്യാറാക്കൽ, പ്രാരംഭ പരീക്ഷണങ്ങൾ, സർവേകളും അന്വേഷണങ്ങളും, ഭൂമിക്ക് നഷ്ടപരിഹാരം നൽകൽ, അതിർത്തി മതിൽ, റോഡ്‌, ചെറുപാലങ്ങളും കലുങ്കുകളും, ജല–-വൈദ്യുത ലൈൻ, പദ്ധതിപ്രദേശത്തെ ഓഫീസ്‌, താൽക്കാലിക താമസ സൗകര്യം തുടങ്ങിയവയുടെ നിർമാണം, പരിസ്ഥിതി പരിപാലന പദ്ധതി തയ്യാറാക്കൽ, വനം–-വന്യജീവി വകുപ്പുകളുടെ അനുമതി, ബദൽ വനവൽക്കരണം, വനഭൂമി തരംമാറ്റാനുള്ള പണം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഏറ്റെടുക്കാമെന്നായിരുന്നു അറിയിപ്പ്‌.

ഇതനുസരിച്ച് സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാനും  സാമൂഹികാഘാത പഠനം നടത്താനുംഅധികാരമുണ്ടായിരുന്നു. എന്നാൽ അന്തിമാനുമതിക്കുശേഷം ഇവ മതിയെന്നാണ്‌ തീരുമാനം. ഇതിനാലാണ്‌ സർവേ ജീവനക്കാരെ മറ്റ്‌ ചുമതലകളിലേക്ക്‌ താൽക്കാലികമായി പുനർവിന്യസിക്കുന്നത്‌.
 

കേരളം പിന്നോട്ടില്ല
കേരള വികസനത്തിന് അത്യന്താപേക്ഷിതമായ സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം ഒരുക്കാനാണ്‌ സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്‌തത്‌. സുദീർഘമായ വികസന ചർച്ചകളിലൂടെയാണ്‌ ഇത്‌ രൂപംകൊണ്ടത്‌. പദ്ധതിയുമായി മുന്നോട്ടുപോകാൻതന്നെയാണ്‌ കേരള സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ–- റെയിലിന്റെ തീരുമാനം.

കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌,  കാക്കനാട്‌ മേഖലകളിൽ രൂപപ്പെടുന്ന ഇടനാഴികളിലും  തൃശൂർ–- പാലക്കാട് ഇടനാഴിയുമായിരിക്കും കേരളത്തിന്റെ ഭാവി വ്യവസായവികസനം. തിരുവനന്തപുരത്ത് ഔട്ടർറിങ്‌  വ്യവസായ ഇടനാഴി രൂപപ്പെടുന്നു. വേഗ റെയിൽപ്പാത ബന്ധിപ്പിക്കുന്ന ഈ മേഖലകൾ നിക്ഷേപസൗഹൃദമാകും. തിരുവനന്തപുരത്തെ ഔട്ടർറിങ്ങിനെയും പാലക്കാട്ടെ പാർക്കുകളെയും കെ- –- റെയിലുമായി ബന്ധിപ്പിക്കാൻ പ്രത്യേക ഗതാഗതസംവിധാനം വരും. ടൂറിസം വികസനത്തിന്‌ കുതിപ്പേകും. മലബാറിലെ ബീച്ചുകൾക്കാകും കൂടുതൽ നേട്ടം. പരമ്പരാഗത ടൂറിസം കേന്ദ്രങ്ങൾക്കും നവകേന്ദ്രങ്ങൾക്കുമിടയിലെ സഞ്ചാരസമയം കുറയും. വിജ്ഞാനാധിഷ്ഠിത തൊഴിൽ മേഖലയ്‌ക്കും കുതിപ്പേകും. 

നിലവിലെ റെയിൽപ്പാളങ്ങളുടെ നവീകരണം കേന്ദ്രം പരിഗണിക്കുന്നില്ല. രണ്ടു പതിറ്റാണ്ടായിട്ടും തിരുവനന്തപുരം -–- മംഗളൂരു പാത ഇരട്ടിപ്പ്‌ ലക്ഷ്യത്തിലെത്തിയില്ല. ഓട്ടോമാറ്റിക് സിഗ്നലിങ്‌ സംവിധാനമൊരുക്കലും ഇതേ സ്ഥിതിയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ സിൽവർലൈൻ രൂപപ്പെടുന്നത്‌.അന്തിമാനുമതിക്കായി സംസ്ഥാന സർക്കാർ വിവിധ തലത്തിൽ ഇടപെടുന്നു. റെയിൽവേ ബോർഡ്‌ ചെയർമാനും മുഖ്യമന്ത്രിയും പങ്കെടുത്ത്‌ യോഗംചേർന്നു. റെയിൽ മന്ത്രിയെ മുഖ്യമന്ത്രി നേരിട്ടുകണ്ടും കത്തിലൂടെയും വിവരങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ നേരിട്ട്‌ നിവേദനം നൽകി.

കേന്ദ്രം 
ചെയ്യേണ്ടത്‌
പദ്ധതിക്ക്‌ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരംവേണം.  റെയിൽവേ ബോർഡ്‌ അംഗീകരിക്കുന്ന വിശദ പദ്ധതിരേഖ‌ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ ഉപസമിതിക്ക്‌ നൽകും. സമിതിയാണ്‌‌ ഇത്‌ കേന്ദ്രമന്ത്രിസഭാ യോഗത്തിലേക്ക്‌ ശുപാർശ ചെയ്യേണ്ടത്‌.  2020 സെപ്തംബറിൽ കെ–-റെയിൽ സമർപ്പിച്ച ഡിപിആർ റെയിൽവേ ബോർഡ് പരിഗണനയിലാണ്. പ്രാഥമിക പരിശോധനയ്‌ക്കുശേഷം, ബോർഡ്‌ ആവശ്യപ്പെട്ട അധികവിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top