26 April Friday

നാലുവർഷ ബിരുദം വിദ്യാർഥികളിൽ ഗവേഷണതാൽപ്പര്യം 
സൃഷ്ടിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022


തിരുവനന്തപുരം
നൈപുണ്യ വികാസവും ഗവേഷണ താൽപ്പര്യവും സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലാകണം സംസ്ഥാനത്ത്‌ അടുത്ത അധ്യയനവർഷം ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകൾക്ക്‌ സർവകലാശാലകൾ രൂപം നൽകേണ്ടതെന്ന്‌ മന്ത്രി ആർ ബിന്ദു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സുമുൾപ്പെടെ പുതുതലമുറ കോഴ്സുകളും ഗണിതശാസ്ത്രത്തോടാപ്പം സംഗീതവും പഠിക്കാൻ കഴിയുന്ന വിശാലമായ സങ്കൽപ്പത്തിലേക്ക്‌ അക്കാദമിക സാഹചര്യം മാറണമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനായുള്ള ശിൽപ്പശാല തിരുവനന്തപുരം ലയോള കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാലുവർഷ കോഴ്സിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാരും മാനേജ്മെന്റുകളും മുൻകൈ എടുക്കും. വിദേശപഠനത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിലെ വർധനയ്ക്കുള്ള ഘടകങ്ങളും ചർച്ച ചെയ്യും. സംസ്ഥാന ബജറ്റിൽ  ആയിരം കോടിയോളം രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് നീക്കിവച്ചിരിക്കുന്നത്. സർഗശേഷിയും സ്വതന്ത്രചിന്തയുമുള്ള സാമൂഹ്യ ജീവികളായി വിദ്യാർഥികളെ രൂപപ്പെടുത്താൻ കഴിയുന്ന കരിക്കുലമാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സ്വന്തം അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാനും പഠിക്കാനും കഴിയണം. അനുഭവങ്ങളിലുടെയുള്ള പഠനവും സിലബസിന്റെ ഭാഗമാകണം.

ഓരോ സർവകലാശാലയ്‌ക്കും അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ കോഴ്സുകൾ രൂപകൽപ്പന ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാകും. വിദ്യാർഥി-, അധ്യാപക സമൂഹങ്ങളുൾപ്പെടെയുള്ളവരുമായി വിശദ ചർച്ചയിലൂടെ അഭിപ്രായം രൂപീകരിച്ച്‌ മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കൂ എന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

ശിൽപ്പശാലയിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, കാലിക്കറ്റ് സർവകലാശാല മുൻ പ്രൊഫസർ ഡോ. കെ  എൻ ഗണേഷ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വറുഗീസ് തുടങ്ങിയവരും പങ്കെടുക്കും. രണ്ടുദിവസത്തെ ശിൽപ്പശാല ബുധനാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top