20 April Saturday

തരൂരിനെ 
നിരീക്ഷിച്ച്‌ നേതൃത്വം ; അനുകൂലികളെ പൂട്ടാൻ നീക്കം

പ്രത്യേക ലേഖകൻUpdated: Wednesday Nov 30, 2022


തിരുവനന്തപുരം  
ശശി തരൂർ ഉലയൂതിവിട്ട തീക്കനലുകൾ കോൺഗ്രസിൽ നീറിപ്പുകയുന്നു. താൽക്കാലികമായി ഇരു കൂട്ടരും പിൻവാങ്ങിയെങ്കിലും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉൾപ്പെടെ തരൂരിനെ ഭയക്കുന്ന നേതാക്കൾ പ്രതിസന്ധി എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ്‌. എന്താണ്‌ തരൂരിന്റെ പദ്ധതിയെന്നും ഏതു വഴിക്കാണ്‌ നീങ്ങുന്നതെന്നും സംസ്ഥാന നേതാക്കൾക്ക്‌ ഒരു പിടിയുമില്ല. കൃത്യമായ പദ്ധതി തരൂരിന്‌ ഉണ്ടെന്നും അതിനാവശ്യമായ രഹസ്യനീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ്‌ കണക്കുകൂട്ടൽ.

തരൂരിനെ പരസ്യമായി എതിർക്കുന്നത്‌ ബുദ്ധിയല്ലെന്ന നിർദേശമാണ്‌ ഹൈക്കമാൻഡിൽനിന്നടക്കം കിട്ടിയ ഉപദേശം. തരൂരിനെ പിന്തുണയ്ക്കുന്നവരെ നിർവീര്യമാക്കാനാകുമോയെന്ന പരീക്ഷണമാണ്‌ നടപ്പാക്കുക. തരൂർ അനുകൂലികൾക്കെതിരെ പരാതികൾ കൊടുപ്പിച്ച്‌ സമ്മർദത്തിലാക്കും. എംപിമാരായ എം കെ രാഘവൻ, ഹൈബി ഈഡൻ, മാത്യു കുഴൽനാടൻ എംഎൽഎ, കെ എസ്‌ ശബരീനാഥ്‌  തുടങ്ങിയവർക്കെതിരെ തന്ത്രങ്ങൾ ഒരുങ്ങി. ശബരീനാഥനെതിരെ ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിന്റെ പിന്തുണയോടെ കോട്ടയത്ത്‌ യൂത്ത്‌ കോൺഗ്രസിലെ ഒരു വിഭാഗം പരാതി നൽകും. ഇതിനെതിരെ ശക്തമായ എതിർപ്പും ഉയർന്നു.

ദേശീയ അധ്യക്ഷസ്ഥാനത്ത്‌ മത്സരിച്ചപ്പോൾ ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തരൂരിനുവേണ്ടി രഹസ്യാന്വേഷണങ്ങൾ നടത്തിയിരുന്നുവെന്നും ലീഗ്‌ അടക്കം അതിൽ തൃപ്തി രേഖപ്പെടുത്തിയെന്നുമാണ്‌ പുറത്തുവരുന്ന വിവരങ്ങൾ. കരുണാകരനെ മുമ്പ്‌ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ മാറ്റുന്നതിനു മുന്നോടിയായും ലീഗിന്റെ സമ്മതമാണ്‌ അന്വേഷിച്ചത്‌. 

ആരും ഒപ്പമില്ലെന്നു കരുതിയ വേളയിൽ തരൂരിനുവേണ്ടി മുന്നിട്ടിറങ്ങിയ എം കെ രാഘവനും ഏതാനും യുവനേതാക്കളും ശക്തമായി നിലകൊള്ളുകയാണെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പറഞ്ഞു. മലപ്പുറം മാത്രമല്ല ചങ്ങനാശേരിയും പാലായും താമസിയാതെ തരൂരിനുവേണ്ടി രംഗത്തിറങ്ങുന്നതോടെ അവർ വിവരം അറിഞ്ഞോളുമെന്നാണ്‌ നേതാവിന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top