അങ്കമാലി
അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ 12.50 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി ബെന്നി ബഹനാൻ എംപി പറഞ്ഞു. ജനപ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച ചേർന്നിരുന്നു.
റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമിലെ റൂഫിങ് എക്സ്റ്റൻഷൻ, സ്റ്റേഷന്റെ തെക്കുഭാഗത്ത് പുതിയ നടപ്പാലം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക എസി കാത്തിരിപ്പുമുറി, നിലവിലെ സ്റ്റേഷൻ കെട്ടിടത്തിനുമുകളില്‍ നാലു പുതിയ വിശ്രമമുറി, എട്ടുപേർക്ക് താമസിക്കാവുന്ന എസി ഡോർമിറ്ററി, പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേ, കൂടുതൽ ഇരിപ്പിടങ്ങൾ, ലൈറ്റിങ്, ഫാൻ, കുടിവെള്ള സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നിലവിലെ പാർക്കിങ് സംവിധാനവും ഗുഡ്‌സ് ഷെഡ്‌ഡിന്റെ നവീകരണവും പദ്ധതിയിലുണ്ട്.
കൊച്ചി വിമാനത്താവളത്തിനടുത്തുള്ള സ്റ്റേഷൻ എന്നനിലയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിച്ചു. ചമ്പന്നൂർ റെയിൽവേ ഓവർബ്രിഡ്ജ് നിർമിക്കുന്നതിനുള്ള നടപടികൾ റെയിൽവേ തത്വത്തിൽ അംഗീകരിച്ചതായി ബെന്നി ബഹനാൻ പറഞ്ഞു. റോജി എം ജോൺ എംഎൽഎ, റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ, മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർപേഴ്സൺ റീത്ത പോൾ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..