11 December Monday
വെന്റിലേറ്ററിൽനിന്ന്‌ ജീവിതത്തിലേക്ക്‌ ; ഇത്‌ കേരള മോഡൽ

കേരളം പിടിച്ചുകെട്ടി ; നിപാ രോഗികൾ ആശുപത്രി വിട്ടു , 21 ദിവസംകൂടി 
നിരീക്ഷണം,

സ്വന്തം ലേഖികUpdated: Saturday Sep 30, 2023

നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ സ്വദേശിയായ അവസാനരോഗി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുമ്പോൾ പരിചരിച്ച ആരോഗ്യപ്രവർത്തകരോട് യാത്രപറയുന്നു / ഫോട്ടോ: ബിനുരാജ്


കോഴിക്കോട്‌
നാലാംതവണ ഭീതിവിതച്ചെത്തിയ നിപായെ മൂന്നാഴ്‌ചത്തെ ചെറുത്തുനിൽപ്പിലൂടെ ആരോഗ്യകേരളം പിടിച്ചുകെട്ടി. വെന്റിലേറ്ററിലായിരുന്ന കുട്ടിയുൾപ്പെടെ നാലുപേരും നിപാ മുക്തിനേടി ആശുപത്രി വിട്ടു. വെന്റിലേറ്ററിലായ നിപാ രോഗി ജീവിതത്തിലേക്ക്‌ തിരിച്ചുവരുന്നത്‌ അപൂർവമാണ്‌. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 568 പേരുടെ നിരീക്ഷണക്കാലയളവ്‌  ഒക്‌ടോബർ അഞ്ചിന്‌ കഴിയും. 21 ദിവസത്തെകൂടി നിരീക്ഷണശേഷം 26ന്‌ ജില്ല നിപാ മുക്തമായി പ്രഖ്യാപിക്കും.

ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി, ആസ്‌റ്റർ മിംസ്‌, ഇഖ്‌റ എന്നിവിടങ്ങളിൽ ചികിത്സയിലിരുന്നവർ വെള്ളി വൈകിട്ടോടെയാണ്‌ ആശുപത്രി വിട്ടത്‌. നാലുപേരുടെയും മൂന്ന്‌ സ്രവ സാമ്പിളുകൾ അഞ്ച്‌ ദിവസത്തെ ഇടവേളയിൽ രണ്ട്‌ തവണയായി പരിശോധിച്ച്‌ നെഗറ്റീവായി. ഇവർ 14 ദിവസംകൂടി നിരീക്ഷണത്തിൽ തുടരണം.

ഉയർന്ന മരണനിരക്കോ, വ്യാപനമോ ഇല്ലാതെ നിപായെ നിയന്ത്രിക്കാനായത്‌ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന്‌ മന്ത്രി വീണാ ജോർജ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായി തുടർച്ചയായി കമ്യൂണിറ്റി സർവൈലൻസ്‌ നടത്തും. ജന്തുക്കളുടെ അസ്വാഭാവിക മരണമുൾപ്പെടെ നിരീക്ഷി‌ക്കും. ജില്ല‌യ്ക്കായി കർമപദ്ധതി തയ്യാറാക്കി. വേഗത്തിൽ ഫലം ലഭിക്കുന്ന ട്രൂനാറ്റ്‌ പരിശോധന‌യ്ക്ക്‌ എൻഐവി അംഗീകാരമായി. എൻഐവി, ഐഎവി, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി എന്നിവയുടെ നേതൃത്വത്തിൽ തദ്ദേശീയമായി മോണോ ക്ലോണൽ ആന്റിബോഡി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഈ മാസം 12നാണ്‌ കോഴിക്കോട്‌ നിപാ സ്ഥിരീകരിക്കുന്നത്‌. മരുതോങ്കര കള്ളാട്‌ സ്വദേശി മുഹമ്മദലിയും ആയഞ്ചേരി സ്വദേശി ഹാരിസുമാണ്‌ മരിച്ചത്‌.  നിപാ സ്ഥിരീകരിച്ചശേഷം മരണമുണ്ടായില്ല. 70 ശതമാനമാണ്‌ പൊതുവെ നിപാ മരണനിരക്ക്‌. ഇവിടെ 33 ശതമാനമായി കുറഞ്ഞു. നേരത്തെ രോഗംനിർണയിച്ച്‌ ആന്റി വൈറൽ മരുന്നുകൾ നൽകിയതാണ്‌ മരണനിരക്ക്‌ കുറച്ചതെന്ന്‌ മന്ത്രി പറഞ്ഞു. രോഗമുക്തരുമായി മന്ത്രി വീഡിയോകോളിൽ സംസാരിച്ചു. 


വെന്റിലേറ്ററിൽനിന്ന്‌ ജീവിതത്തിലേക്ക്‌ ; ഇത്‌ കേരള മോഡൽ
മൂന്നാഴ്‌ച നീണ്ട അനിശ്‌ചിതത്വം,  മരണത്തെ മുഖാമുഖം കണ്ട്‌ രണ്ടാഴ്‌ച  വെന്റിലേറ്ററിൽ. പ്രതീക്ഷകളെല്ലാം അസ്‌തമിക്കുകയാണെന്ന്‌ തോന്നിപ്പിച്ച്‌ മസ്‌തിഷ്‌ക  ജ്വരവും അപസ്‌മാരബാധയും. നിപായുടെ മരണമുനമ്പിൽനിന്ന്‌ രക്ഷപ്പെട്ട്‌ ഒമ്പത്‌ വയസ്സുകാരൻ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങുന്നത്‌ ആരോഗ്യ മേഖലയിൽ പുതുചരിത്രമെഴുതിയാണ്‌. നിപാ ബാധിച്ച്‌ വെന്റിലേറ്ററിൽ കഴിഞ്ഞവർ മടങ്ങി വരുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മിംസ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയും അമ്മയുടെ സഹോദരനും മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും  ഇഖ്‌റ ആശുപത്രിയിലുമായി  ചികിത്സയിലിരുന്നവരും വെള്ളിയാഴ്‌ച ആശുപത്രിവിട്ടു. 

നിപാ ബാധിച്ച്‌ മരിച്ച മരുതോങ്കര കള്ളാട്‌ സ്വദേശി മുഹമ്മദലിയുടെ ഒമ്പതു വയസ്സുള്ള മകനെയും ഭാര്യാ സഹോദരനെയും കഴിഞ്ഞ 10നാണ്‌  മിംസ്‌ ആശുപത്രിയിലെത്തിച്ചത്‌. കുട്ടിക്ക്‌ ന്യുമോണിയയും മസ്‌തിഷ്‌കജ്വരവും സ്ഥിരീകരിച്ചു. പീഡിയാട്രിക്‌ ഐസിയുവിൽ കഴിയുന്നതിനിടെ 11ന്‌ അപസ്‌മാരബാധയുണ്ടായി. ഇതോടെ വെന്റിലേറ്ററിലേക്ക്‌ മാറ്റി.  മരുന്നുകളോട്‌ പ്രതികരിച്ചു തുടങ്ങിയതോടെ നാലാം നാൾ വെന്റിലേറ്ററിൽനിന്നുംമാറ്റി. ന്യൂറോ സംബന്ധമായ അസുഖങ്ങൾ കുട്ടിയുടെ ശരീരത്തിന്റെ ചലനശേഷിയെ സാരമായി ബാധിച്ചു. കൈകളുടെ ചലനശേഷി പൂർണമായി തിരിച്ചുകിട്ടിയിട്ടില്ല. ഫിസിയോ തെറാപ്പിയിലൂടെ ഇത്‌ പരിഹരിക്കാനാകുമെന്ന്‌ ഡോക്ടർമാർ പറഞ്ഞു. രണ്ടാം പരിശോധനാഫലവും നെഗറ്റീവ്‌ ആയതോടെയാണ്‌  നാലുപേരും ആശുപത്രി വിട്ടത്‌. രണ്ടാഴ്‌ച സമ്പർക്ക വിലക്ക്‌ തുടരും.

തുടക്കത്തിലേ രോഗനിർണയം സാധ്യമായതാണ്‌ നേട്ടമായത്‌. മരിച്ച രണ്ടുപേർക്ക്‌ ഉൾപ്പെടെ ആറുപേർക്കു മാത്രമാണ്‌ രോഗബാധയുണ്ടായത്‌. ആദ്യരോഗിയിൽ നിന്നുമാത്രമാണ്‌ രോഗം പടർന്നത്‌. രണ്ടാംതരംഗം പൂർണമായി പിടിച്ചുകെട്ടി. നാലാംതവണ ഭീതിവിതച്ചെത്തിയ നിപാ മഹാമാരിയെ 19 ദിവസത്തിന്‌ ശേഷം പിടിച്ചുകെട്ടുമ്പോൾ കേരളത്തിന്റെ ആരോഗ്യരംഗം ഒരിക്കൽക്കൂടി മികവറിയിക്കുകയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top