24 April Wednesday

പൊലീസ്‌ സംരക്ഷണം : ട്വന്റി 20യുടെ ആവശ്യം ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


കൊച്ചി
പൊലീസ് സംരക്ഷണം വേണമെന്ന ട്വന്റി–-20 പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ ആവശ്യം ഹൈക്കോടതി തള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി–-20 അധികാരത്തിൽ വന്ന മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് പൊലീസ്‌ സംരക്ഷണം തുടരണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചത്‌. പ്രതിപക്ഷത്തിന്‌ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാതെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും പരാതിയുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും ഉത്തരവിട്ടാണ്‌ ഹർജി തീർപ്പാക്കിയത്‌. 

നേരത്തേ ഇടക്കാല ഉത്തരവിലൂടെ പഞ്ചായത്തുകളിൽ പൊലീസ്‌ സംരക്ഷണം അനുവദിച്ചിരുന്നു. അത്‌ തുടരണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഐക്കരനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീന ദീപക്‌, കുന്നത്തുനാട്‌ പ്രസിഡന്റ്‌ എം വി നിതാമോൾ, മഴുവന്നൂർ പ്രസിഡന്റ്‌ ബിൻസി ബൈജു എന്നിവരാണ്‌ ഹർജി നൽകിയത്‌. മൂന്നു പഞ്ചായത്തുകളിലെയും പ്രതിപക്ഷ അംഗങ്ങൾ, പ്രതിപക്ഷ പാർടി ഭാരവാഹികൾ തുടങ്ങിയവരെ എതിർകക്ഷിയാക്കിയിരുന്നു. 

പഞ്ചായത്ത് യോഗം, സ്ഥിരംസമിതി യോഗം, ആസൂത്രണസമിതി യോഗം, വർക്കിങ് ഗ്രൂപ്പ്‌ യോഗം, ഗ്രാമസഭ യോഗം എന്നിവയ്‌ക്ക്‌ സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. തങ്ങളുടെ ജീവനുനേരെ ഭീഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂർണമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, പഞ്ചായത്തുകളിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ഭരണകാലാവധി മുഴുവൻ സംരക്ഷണം നൽകേണ്ടതില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു. ജനാധിപത്യപരമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. ഇത്‌ തുടരാൻ അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചു. പ്രതിപക്ഷ പാർടികൾക്കും പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും അവ നിയമപരമായി തുടരാമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top