29 March Friday

ന്യൂനപക്ഷപദവി 
പുനർനിർവചിക്കണമെന്ന 
ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


കൊച്ചി
സംസ്ഥാനത്തെ സമുദായങ്ങളുടെ ‘ന്യൂനപക്ഷപദവി' പുനർനിർവചിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേരളത്തിലെ മുസ്ലിം, -ക്രിസ്ത്യൻ സമുദായങ്ങൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉയർന്ന നിലയിലാണെന്നും പദവി പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ സിറ്റിസൺസ് അസോസിയേഷൻ ഫോർ ഡെമോക്രസി ഇക്വാളിറ്റി ആൻഡ്‌ സെക്യുലറിസം എന്ന സംഘടന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

ഭരണഘടനയിലോ നിയമത്തിലോ ന്യൂനപക്ഷം എന്ന് പ്രത്യേകം പറയുന്നില്ലെന്നും കേന്ദ്രസർക്കാർ ദേശീയ ന്യൂനപക്ഷ കമീഷൻ രൂപീകരിച്ച് ചില സമുദായങ്ങളെ ഉൾപ്പെടുത്തി സംരക്ഷണം നൽകുകയാണെന്നും ഹർജിക്കാർ ആരോപിച്ചു. മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച പാലോളി കമീഷന്റെ റിപ്പോർട്ട്‌ വസ്തുതകളും കണക്കുകളും മറച്ചുവച്ചുള്ളതാണെന്നും ഹർജിയിൽ ബോധിപ്പിച്ചു.

കേന്ദ്രസർക്കാർ ന്യൂനപക്ഷമായി വിജ്ഞാപനം ചെയ്തതുകൊണ്ടാണ് ഒരു സമുദായത്തിന് ന്യുനപക്ഷ പദവി ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പൗരനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പുറത്തല്ല. ഭരണഘടനയിൽ ന്യൂനപക്ഷം എന്ന് നിർവചിച്ചിട്ടില്ലെങ്കിലും നാം ഇന്ത്യക്കാർ എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ വെള്ളം ചേർക്കാനാകില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ രൂപീകരിച്ചത്‌. ന്യൂനപക്ഷ ക്ഷേമാണ് കമീഷന്റെ ലക്ഷ്യം. കമീഷന് പാർലമെന്റ്‌ നിയമപരമായ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്‌. സമുദായങ്ങൾക്ക് കേന്ദ്രം ന്യൂനപക്ഷ പദവി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കമീഷന്റെ വിലയിരുത്തലുകളും നടപടികളും. ന്യുനപക്ഷ സംരക്ഷണവും പുരോഗതിയും ക്ഷേമവും ലക്ഷ്യമിട്ട്  സംസ്ഥാനത്തും ന്യൂനപക്ഷ കമീഷൻ രൂപീകരിച്ചിട്ടുണ്ട്. കമീഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന  ഉത്തരവിറക്കാനാകില്ലെന്നും ഹർജിയിലെ ആവശ്യങ്ങളിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top