20 April Saturday

പൊലീസ്‌ റാങ്ക്‌ലിസ്‌റ്റ്‌ : അവസാന നിമിഷം അഡ്വൈസ്‌ അയച്ചത്‌ 1895 ഉദ്യോഗാർഥികൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


തിരുവനന്തപുരം
സിവിൽ പൊലീസ്‌ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ പരമാവധി നിയമനം നൽകാൻ അവസാന നിമിഷം പിഎസ്‌സി അഡ്വൈസ്‌ അയച്ചത്‌ 1895 ഉദ്യോഗാർഥികൾക്ക്‌. ജൂൺ 30ന്‌ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ദിവസം റിപ്പോർട്ട്‌ ചെയ്‌ത ഒഴിവുകൾ പ്രകാരമാണ്‌ ഇതിൽ 1445 പേർക്കും നിയമന ശുപാർശ അയച്ചത്‌.

ഏഴ്‌ ബറ്റാലിയനിലുമായി 5601 പേർക്ക്‌ നിയമന ശുപാർശ നൽകി. ഇതിനു പുറമെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ 25 പേർക്കും നിയമനം നൽകി. 7577 പേരാണ്‌ റാങ്ക്‌ലിസ്റ്റിൽ ഉണ്ടായിരുന്നത്‌. ലിസ്റ്റിൽനിന്ന്‌ പരമാവധി നിയമനം നടത്താൻ എല്ലാ ഒഴിവുകളും റിപ്പോർട്ട്‌ ചെയ്യാൻ സർക്കാർ നിർദേശം നൽകിയിരുന്നു. റിപ്പോർട്ട്‌ ചെയ്‌ത മുഴുവൻ ഒഴിവിലേക്കും നിയമന ശുപാർശ അയച്ചതായി പിഎസ്‌സി വൃത്തങ്ങൾ പറഞ്ഞു.

മെയിൻ ലിസ്റ്റിനെമാത്രം കണക്കിലെടുത്ത്‌ നിയമനക്കണക്ക്‌ പെരുപ്പിച്ചുകാട്ടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‌. ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ മെയിൻ ലിസ്റ്റിൽ എത്രപേരെ ഉൾപ്പെടുത്തണമെന്നാണ് തീരുമാനിക്കുക. ഇതിന്‌ ആനുപാതികമായി ഉദ്യോഗാർഥികളെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തും. പല സംവരണ ജാതികൾക്കുമുള്ള സപ്ലിമെന്ററി ലിസ്റ്റിൽനിന്ന്‌ ചിലപ്പോൾ നിയമനം നടക്കാറേയില്ല. മെയിൻ ലിസ്റ്റിലെ എല്ലാവർക്കും ജോലി കിട്ടിക്കഴിഞ്ഞാൽ സപ്ലിമെന്ററി ലിസ്റ്റ്‌ നിലനിൽക്കില്ല. അതിനാൽ, മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ കണക്കേ എല്ലാക്കാലത്തും അടിസ്ഥാനമാക്കാൻ കഴിയൂവെന്ന്‌ പിഎസ്‌സി വൃത്തങ്ങൾ പറഞ്ഞു. പിഎസ്‌സിയെ പഴിചാരി സർക്കാരിനെതിരെ നടക്കുന്ന ആസൂത്രിത പ്രചാരണത്തെ പൊളിക്കുന്നതാണ്‌ നിയമനത്തിന്റെയും തസ്‌തികകൾ സൃഷ്ടിച്ചതിന്റെയും കണക്ക്‌.

ലോക്‌ഡൗൺകാലത്തുമാത്രം പതിനായിരത്തിലേറെ പേർക്കാണ്‌ പിഎസ്‌സി നിയമനശുപാർശ അയച്ചത്‌. ജൂൺ 30 വരെ എൽഡിഎഫ്‌ സർക്കാർ ജോലി നൽകിയത്‌‌‌‌ 1,39,303 പേർക്ക്‌. വിവിധ മേഖലകളിൽ പതിനയ്യായിരത്തിലേറെ പുതിയ തസ്‌തികയും സൃഷ്‌ടിച്ചു. ആരോഗ്യ–--സാമൂഹ്യനീതി മേഖലയിൽമാത്രം 5985 നിയമനമാണ്‌ നടത്തിയത്‌. പൊലീസിൽ 4933 തസ്തിക സൃഷ്ടിച്ചു. നീതിന്യായമേഖലയിൽ പുതുതായി 1990 തസ്തികയിലും പിഎസ്‌സിവഴി നിയമനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top