25 April Thursday

കള്ളമല്ലാതെ കഴമ്പുള്ളത്‌ വല്ലതുമുണ്ടോ ? ചെന്നിത്തലയോട്‌ എൽഡിഎഫ്‌ കൺവീനർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


തൃശൂർ
എൽഡിഎഫ്‌ സർക്കാരിനെതിരെ കഴമ്പുള്ള ഒരാക്ഷേപം പോലും ഉന്നയിക്കാൻ പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പ്രതിപക്ഷനേതാവിന്റെ വിലകുറഞ്ഞ ആരോപണങ്ങൾ  ബിജെപിയും ഏറ്റുപിടിക്കുന്ന വിചിത്ര നീക്കമാണ്‌ കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നല്ലനിലയിൽ മുന്നോട്ടുപോകുന്ന സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്.

കോവിഡ് പ്രതിരോധത്തിലുൾപ്പെടെ  രാജ്യത്തിനകത്തും പുറത്തുനിന്നുമായി സംസ്ഥാന സർക്കാരിന് വലിയ അംഗീകാരമാണ്‌ ലഭിക്കുന്നത്‌. ഇത്‌ വരാനിരിക്കുന്ന  തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ചെന്നിത്തലയുടേയും കൂട്ടരുടേയും അസത്യപ്രചാരണത്തിന്‌ പിന്നിൽ‌. മാഹാമാരി പടരുന്ന സമയത്ത്‌ ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചും സമരനാടകങ്ങൾ നടത്തി. ഇതുപോലൊരു സാഹചര്യത്തിൽ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ സമരം നടത്താൻ ഒരു പ്രതിപക്ഷകക്ഷികളും തയ്യാറായിട്ടില്ല.  

1.33 ലക്ഷംപേർക്ക് പിഎസ്‌സിവഴി നിയമനം നൽകിയപ്പോൾ, മുൻ യുഡിഎഫ് സർക്കാർ ആകെ നൽകിയത് 1.29 ലക്ഷം മാത്രം. യുഡിഎഫ് കാലത്തെ താൽക്കാലിക നിയമനം 39,898, ഇപ്പോൾ  11,674. എന്നിട്ടും ചെന്നിത്തല നിയമനത്തെക്കുറിച്ച് കള്ളക്കഥകൾ ചമയ്‌ക്കുന്നു.

സമീപകാലത്ത് തെളിയിക്കപ്പെട്ട ടൈറ്റാനിയം അഴിമതി നടന്നത്‌ കോൺഗ്രസ്‌ നേതൃത്വം നൽകിയ ഭരണകാലത്താണ്‌.  108 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ട്‌ 256 കോടിയുടെ കണക്കുണ്ടാക്കിയായിരുന്നു തട്ടിപ്പ്.   ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള വർഗീയവാദികൾക്കൊപ്പം കൂട്ടുകെട്ടിന്  ഒരുങ്ങുകയും സംഘപരിവാറിന് സഹായകമായ നിലപാട്‌  സ്വീകരിക്കുകയും ചെയ്യുന്നു‌. ഇതു മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ കള്ളപ്രചാരവേല.

ജൂലൈ 28ന്‌ ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിയത് എൽഡിഎഫിലെ അനൈക്യം മൂലമാണെന്ന ചെന്നിത്തലയുടെ വാദം തള്ളിക്കളയുന്നതായും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top