29 March Friday
മന്ത്രിസഭായോഗ തീരുമാനം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ ആനുകൂല്യം , മെഡിസെപ്പിന് നോഡൽ സെൽ , കെൽട്രോണിൽ ഇടക്കാലാശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ ആനുകൂല്യം

സംസ്ഥാന സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐടി അനുബന്ധ സ്റ്റാർട്ടപ്പുകൾക്ക്  സർക്കാർ നൽകുന്ന  ആനുകൂല്യങ്ങൾ ഐടി ഇതര സ്റ്റാർട്ടപ് മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കും. സ്റ്റോർ പർച്ചേസ് വകുപ്പും വിവര സാങ്കേതികവിദ്യാ വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന വ്യവസ്ഥയ്ക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായാണ് ആനുകുല്യം അനുവദിക്കുക. രജിസ്‌ട്രേഷൻ തീയതി മുതൽ മൂന്ന്‌ വർഷമോ അല്ലെങ്കിൽ ഉൽപ്പന്നത്തിന് സ്റ്റാർട്ടപ് മിഷൻ അംഗീകാരം നൽകിയ തീയതി മുതൽ  മൂന്ന്‌ വർഷമോ ഏതാണ് ഒടുവിൽ വരുന്നത് അതായിരിക്കും ആനുകൂല്യങ്ങളുടെ കാലാവധി.

സ്റ്റേറ്റ് യുണീക്‌ ഐഡിയുള്ള സ്റ്റാർട്ടപ്പുകളുടെ എല്ലാത്തരം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകൾക്കുള്ള ധനപരിധി 20 ലക്ഷം രൂപയിൽനിന്ന് 50 ലക്ഷം രൂപയായി ഉയർത്താനും തീരുമാനിച്ചു. സ്റ്റേറ്റ് യുണീക്‌ ഐഡിയുള്ള വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് ലിമിറ്റഡ് ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള പരിധി ഒരു കോടി രൂപയിൽനിന്ന് മൂന്ന്‌ കോടി രൂപയാക്കി ഉയർത്തും.

ഡിജിറ്റൽ റീ-സർവേ: പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം
സംസ്ഥാനത്തെ 1,550 വില്ലേജിന്റെ ഡിജിറ്റൽ റീ-സർവേ പദ്ധതിക്ക് തത്വത്തിൽ നൽകിയ അനുമതി 858 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. 

ദുരിതാശ്വാസനിധിയിൽനിന്ന് 3 ലക്ഷം
അപൂർവ രോഗം ബാധിച്ച് 14 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന തിരുവനന്തപുരം പാറശാല സ്വദേശി ലിജോയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ മൂന്ന്‌ ലക്ഷം രൂപ അനുവദിക്കും. കൂടുതൽ തുക അനുവദിക്കേണ്ടതുണ്ടെങ്കിൽ ഒരു വർഷം കഴിഞ്ഞ് പരിഗണിക്കും.

മെഡിസെപ്പിന് നോഡൽ സെൽ
ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി -മെഡിസെപ്പിന് ധനകാര്യ വകുപ്പിൽ സ്റ്റേറ്റ് നോഡൽ സെൽ രൂപീകരിക്കും. ആറാം ധനകാര്യ കമീഷന് സൃഷ്ടിച്ച ആറ്‌  താൽക്കാലിക തസ്തികകൾ നിലനിർത്തി പുനർവിന്യസിക്കും. 10 സാങ്കേതിക തസ്തികകൾ സൃഷ്ടിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകും.

കെൽട്രോണിൽ ഇടക്കാലാശ്വാസം
കെൽട്രോണിലെ സ്ഥിരം ജീവനക്കാർക്ക് ഉത്തരവ് തീയതി മുതൽ ജോലിയിൽ പ്രവേശിച്ച തീയതി കണക്കിലെടുക്കാതെ 3,000 രൂപ ഇടക്കാലാശ്വാസം നൽകാൻ തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top