29 March Friday

ആനുകൂല്യ വിതരണം : ബാങ്കിലെ തിരക്ക്‌ ഒഴിവാക്കണം: മന്ത്രി ഐസക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

സ്വന്തം ലേഖകൻ
വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന്റെ ഭാഗമായി ബാങ്ക്‌ ശാഖകളിലുണ്ടാകുന്ന തിരക്കൊഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. ഇക്കാര്യത്തിൽ കാര്യമായ ഇടപെടലിന്‌ ബാങ്കുകളെ ചുമതലപ്പെടുത്താൻ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയോട്‌ ധനമന്ത്രി നിർദേശിച്ചു.

വയോജന പെൻഷനാണ്‌ ആൾക്കൂട്ടത്തിന്‌ കാരണമായതെന്ന ആക്ഷേപത്തിൽ അർഥമില്ല. ജൻധൻ അക്കൗണ്ടിലേക്ക്‌ 500 രൂപവീതം നിക്ഷേപിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. മൂന്ന്‌ ഗഡുക്കളായി ഈ സ്കീമിലുള്ള 1500 രൂപ ലഭിക്കുമെന്നാണ്‌ പ്രഖ്യാപനം. ആദ്യത്തെ ഗഡു പിൻവലിച്ചാലേ അടുത്ത ഗഡു ലഭിക്കൂവെന്ന്‌ പലരും തെറ്റിധരിച്ചു.  അതാണ്‌ ബാങ്കുകളിലെ തിരക്ക്‌.

സംസ്ഥാന സർക്കാരിന്റെ വയോജന-ക്ഷേമ പെൻഷനുകളുടെ വലിയഭാഗം സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തി. ബാക്കിയുള്ളവർക്ക് അക്കൗണ്ടിലേക്ക്‌  27ന് പണമിട്ടു. സാധാരണപോലെ പല ദിവസങ്ങളിലായി ആവശ്യത്തിനനുസരിച്ച്‌ പണം പിൻവലിച്ചാൽ മതിയാകും. സാമൂഹ്യ-ക്ഷേമ പെൻഷനായാലും കേന്ദ്രത്തിന്റെ 500 രൂപയായാലും അനുവദിച്ച ആളിന്റെ അക്കൗണ്ടിൽത്തന്നെയുണ്ടാകും. പാസ്‌ബുക്കിൽ പതിക്കാത്തതുമൂലം പണം നഷ്ടപ്പെടില്ല. 

ക്ഷേമപെൻഷനുകളുടെയും ജൻധൻ അക്കൗണ്ടുകാരുടെയും പണം പിൻവലിക്കുന്നതിന്, അവരുടെ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ദിവസം നിശ്ചയിച്ചുനൽകണമെന്നാണ്‌ ബാങ്കേഴ്സ് സമിതിയോട്‌ ആവശ്യപ്പെട്ടത്‌. ഓരോ ദിവസവും നിശ്ചയിക്കപ്പെട്ടവർക്ക്‌ പെൻഷൻ കൊടുത്തുതീരുംവരെ ബാങ്കുകൾ പ്രവർത്തിപ്പിക്കണം.

അഞ്ച് ദിവസത്തിൽ പെൻഷൻ വിതരണം പൂർത്തികരിക്കുന്ന സമയക്രമം ബാങ്കേഴ്സ് സമിതി ഇറക്കും. ഈ പരീക്ഷണത്തിന്റെ അനുഭവം നോക്കിയായിരിക്കും വിഷുവിന്‌ മുന്നോടിയായുള്ള പെൻഷൻ വിതരണമെന്നും ധനമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top