29 March Friday

കിഫ‌്ബിയിൽ വിദേശ നിക്ഷേപം : അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസം ആർജിച്ച‌് കേരളം

എം കെ പത്മകുമാർUpdated: Saturday Mar 30, 2019



കിഫ‌്ബിയിലൂടെ അന്താരാഷ്ട്ര വിപണിയിൽ ചുവടുറപ്പിച്ച കേരളത്തിന‌് മുന്നിൽ തുറക്കുന്നത‌് സാധ്യതകളുടെ വിശാലലോകം. ലണ്ടൻ, സിംഗപ്പുർ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വഴി മസാല ബോണ്ട‌് വിൽപ്പനയിലൂടെ കേരളം നേടിയത‌് 2150 കോടി രൂപ മാത്രമല്ല, അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസം കൂടിയാണ‌്. മറ്റ‌് മേഖലകളിൽക്കൂടി വൻ വിദേശ നിക്ഷേപത്തിന‌ുള്ള സാധ്യതകളാണ‌് ഇതിലൂടെ തുറന്നു കിട്ടിയത‌്. പ്രളയത്തിൽ തകർന്ന സംസ്ഥാനത്തെ പുനർനിർമിക്കുന്ന സർക്കാരിന‌് ആത്മവിശ്വാസം പകരുന്നതാണ‌് കടപ്പത്ര വിൽപ്പനയിലെ വിജയം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി വെല്ലുവിളികളും വിമർശനങ്ങളും അതിജീവിച്ചാണ‌് കിഫ‌്ബി മസാലബോണ്ടുമായി അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറിയത‌്.

ഉഡായിപ്പല്ല; വലിയ ശരിയെന്ന‌് തെളിഞ്ഞു
വിൽപ്പനയ‌്ക്ക‌് വച്ചതിനുപിന്നാലെ 2150 കോടി സമാഹരിക്കാനായതോടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ചാലകശക്തിയായ കിഫ‌്ബി വലിയ ശരിയാണെന്ന‌് തെളിഞ്ഞു. കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ പ്രവേശിക്കുന്നതിനായി ഏജൻസികളുടെ ക്രഡിറ്റ‌് നേടുന്നതുമുതൽ ബോണ്ടുകൾ വിൽക്കുന്നതുവരെ വിവിധ കടമ്പകൾ കടന്നാണ‌് കിഫ‌്ബി ഇവിടെ എത്തിയത‌്. ഇതിനിടെ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല കിഫ‌്ബി ഉഡായിപ്പാണെന്ന പ്രസ്താവനയുമായി രംഗത്തെത്തി. ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിൽ മസാല ബോണ്ടുകൾ വിൽപ്പനയ‌്ക്കുവച്ച അതേദിവസമാണ‌് ചെന്നിത്തല ഉഡായിപ്പ‌് പ്രയോഗവുമായി രംഗത്തെത്തിയത‌്. ലക്ഷ്യം ഒന്നുമാത്രം–-ധനസമാഹരണം തടയുക. എന്നാൽ, കിഫ‌്ബിയുടെ പ്രവർത്തന രീതികളുടെ മികവും ധനവിനിയോഗത്തിലെ സുതാര്യതയും നേരിട്ടുമനസ്സിലാക്കിയ ‘കാനഡ പെൻഷൻ പ്ലാൻ ഇൻവെസ‌്റ്റ‌്മെന്റ‌് ബോർഡ‌്’ ഉൾപ്പെടെയുള്ള നിക്ഷേപകർ ഇരുകൈയും നീട്ടി കേരളത്തെ സ്വീകരിച്ചു.കനേഡിയൻ സംഘം രണ്ടുതവണയാണ‌് കേരളത്തിലെത്തി ചർച്ച നടത്തിയത‌്.

പദ്ധതികൾ ഇഴകീറി പരിശോധിച്ച അവർ ധന സമാഹരണവും വിനിയോഗവും നേരിട്ട‌് മനസ്സിലാക്കി.  അംഗീകാരം നൽകുന്നതിനുമുമ്പ‌് നടത്തുന്ന വിശദമായ പരിശോധന, പണം ഫലപ്രദമായി വിനിയോഗിക്കാനുള്ള കഴിവ‌്, പാഴ‌്ച്ചെലവുകൾ ഒഴിവാക്കൽ, പദ്ധതികൾ ഏറ്റെടുക്കുന്ന ഏജൻസികൾ പാലിക്കുന്ന നടപടിക്രമങ്ങൾ, ഫണ്ടുകൾ വകമാറ്റാതിരിക്കുന്നത‌് എന്നിവയൊക്കെ വിദേശ നിക്ഷേപകരെ ആകർഷിച്ചു. അന്താരാഷ‌്ട്ര കൺസൾട്ടന്റിനെ നിയോഗിച്ചാണ‌് നിക്ഷേപകർ കിഫ‌്ബി പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന‌് പരിശോധിച്ചത‌്.

മുന്നൊരുക്കം നേട്ടമായി
കടപ്പത്രങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ‌്ക്ക‌് വയ‌്ക്കുന്നതിന‌് മുന്നോടിയായി ലണ്ടൻ, സിംഗപ്പുർ, റോങ്കോങ‌്, ദുബായ‌് തുടങ്ങിയ നഗരങ്ങളിൽ റോഡ‌് ഷോ നടത്തിയിരുന്നു. ഈ മുന്നൊരുക്കങ്ങളാണ‌് മൂന്നുദിവസം കൊണ്ട‌് 2150 കോടി രൂപ സമാഹരിക്കാൻ സഹായകമായത‌്. ഇത് ഒരു തുടക്കം മാത്രമാണെന്ന‌് ധനമന്ത്രി ഡോ. ടി എം തോമസ‌് ഐസക‌് പറഞ്ഞു.  ഇത‌് ചരിത്ര നിമിഷമാണെന്ന‌് കിഫ‌്ബി സിഇഒ ഡോ. കെ എം അബ്രഹാം പറഞ്ഞു. കേരളത്തിന‌് ധൈര്യമായി പണം നൽകാമെന്ന‌ അന്താരാഷ‌്ട്ര നിക്ഷേപകരുടെ പ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഇനി ഡയസ്പോറാ ബോണ്ട‌്
കിഫ്ബി മുഖേനെയുള്ള വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ‍ ധനസമാഹരണം നടത്താനുള്ള വഴികളും ഒരുങ്ങി. ഡയസ്പോറാ ബോണ്ടാണ് അടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ കഴിയുന്ന ഇന്ത്യാക്കാരിൽ നിന്ന‌് പണം സമാഹരിക്കാനുള്ള കടപ്പത്രമാണ് ഡയസ്പോറാ ബോണ്ട്. ഇന്ത്യയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ‍ നിന്നുള്ള ധനസമാഹരണം വേറെയുമുണ്ടാകും.
.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top