25 April Thursday

‘പണി’ പാളില്ല; വരുന്നു തൊഴിൽമേളകൾ ; മൂന്നുമാസത്തിൽ 10,000 ജോലി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


തിരുവനന്തപുരം
അഭ്യസ്തവിദ്യരുടെ തൊഴിൽ ഉറപ്പാക്കൽ പദ്ധതിയിലൂടെ അഞ്ചുവർഷത്തിൽ‌ 20 ലക്ഷംപേർക്ക്‌ കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിലവസരം ഉറപ്പാക്കും.  അഞ്ചു ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക്‌ തൊഴിലവസരം ഉറപ്പാക്കുകയായിരിക്കുംആദ്യഘട്ട ദൗത്യം.  ഇതിന്‌ മന്ത്രിസഭാ യോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരമായി.

ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലകളിൽ തൊഴിൽമേള സംഘടിപ്പിക്കും. ഭിന്നശേഷിക്കാർക്കും തൊഴിലിൽ ഇടവേളവന്ന സ്ത്രീകൾക്കും പ്രത്യേക മേള. ഓൺലൈൻ തൊഴിൽമേളകളുമുണ്ടാകും. ആദ്യ മൂന്നുമാസത്തിൽ 10,000 തൊഴിലവസരം ഉറപ്പിക്കും. ഡിസംബർ മൂന്നാംവാരത്തിൽ പ്രചാരണ പരിപാടി തുടങ്ങാനാകുമെന്ന്‌ മിഷന്‌ നേതൃത്വം നൽകുന്ന കെ ഡിസ്‌കിന്റെ മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. 45 ലക്ഷംപേർക്ക്‌ തൊഴിൽ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം.

സംസ്ഥാനത്ത്‌ നേരത്തേ വിദഗ്‌ധ തൊഴിലിലുണ്ടായിരുന്നവരും നൈപുണ്യ പരിശീലനം നേടിയവരുമായ 15 ലക്ഷം തൊഴിൽരഹിതരുണ്ട്‌. ഇവർക്ക്‌ അഭിരുചിക്കും നൈപുണ്യത്തിനും അനുഭവസമ്പത്തിനും അനുയോജ്യമായ തൊഴിൽ ലഭ്യമാക്കും. ലോക തൊഴിൽമേഖലയിലെ മാറ്റങ്ങളും കോവിഡനാന്തര സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌‌ അനുസൃതമായ തൊഴിൽമേഖലകളിൽ എത്തിപ്പെടാനുള്ള സാധ്യതകളും മേളകളിൽ പരിചയപ്പെടുത്തും. സംസ്ഥാനത്ത്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്‌ത 34.24 ലക്ഷംപേരിൽ 22 ലക്ഷത്തിന്‌ പ്ലസ്‌ടുവിനുമുകളിൽ യോഗ്യതയുണ്ട്‌‌. സർക്കാർ വകുപ്പുകളിലും പൊതുമേഖലയിലുമായി അഞ്ചുവർഷം നൽകാവുന്ന തൊഴിൽവസരം രണ്ടുലക്ഷത്തിൽ താഴെയാണ്‌.

എല്ലാ തൊഴിൽരഹിതരെയും ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം (ഡിഡബ്ല്യുഎംഎസ്‌) പ്ലാറ്റ്‌ഫോമിൽ പങ്കാളിയാക്കും. സംസ്ഥാന എപ്ലോയ്‌മെന്റ്‌ പോർട്ടൽ, അസാപ്‌, കെയ്‌സ്‌, കുടുംബശ്രീ തുടങ്ങിയ ഏജൻസികളുടെ പോർട്ടലുകളിലെ വിവരങ്ങളും ഇതുമായി ബന്ധിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top