27 April Saturday

നഗരത്തിൽ കുതിക്കാൻ 150 ഇ ഓട്ടോറിക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


കൊച്ചി
ഇന്ധനവില കുതിക്കുമ്പോൾ കുറഞ്ഞ ചെലവിലും പ്രകൃതിസൗഹൃദപരമായും നഗരത്തിൽ കറങ്ങാൻ കൂടുതൽ ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ. 150 ഓട്ടോകളാണ്‌ സർവീസ്‌ നടത്താൻ തയ്യാറെടുക്കുന്നത്‌. നവംബർ മധ്യത്തോടെ 50 എണ്ണം മെട്രോ റെയിൽ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ ഓട്ടംതുടങ്ങും. 22 മെട്രോ സ്‌റ്റേഷനുകളിൽനിന്ന്‌ സർവീസ്‌ ആരംഭിക്കാൻ കെഎംആർഎല്ലും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണസംഘവുമായി തീരുമാനമായിരുന്നു. ഓരോ സ്‌റ്റേഷനിൽനിന്നു രണ്ട്‌ ഓട്ടോവീതമാണ്‌ സർവീസ്‌ നടത്തുക. ഇതിനായി വ്യവസായവകുപ്പും കേരള ഓട്ടോമൊബൈൽ ലിമിറ്റഡുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന്‌ സഹകരണ സംഘം പ്രസിഡന്റ്‌ എം ബി സ്യമന്തഭദ്രൻ പറഞ്ഞു. മെട്രോയിൽ യാത്രതുടങ്ങുന്ന സ്ഥലത്തുനിന്നുതന്നെ എത്തിച്ചേരുന്ന സ്ഥലത്തെ ഓട്ടോറിക്ഷകൾ ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ഭാവിയിൽ നിലവിൽവരും. ഓട്ടോറിക്ഷക്കൂലി മെട്രോ ട്രെയിൻ ടിക്കറ്റിനൊപ്പം നൽകാനാകും.

ഇതിനെക്കുറിച്ചുള്ള കൂടുതൽ ചർച്ച നടക്കുകയാണ്‌. നിലവിൽ ഒരേസ്ഥലത്തേക്ക്‌ പോകുന്ന യാത്രക്കാർക്ക്‌ യാത്രക്കൂലി പങ്കിട്ട്‌ സഞ്ചരിക്കാവുന്ന ഇലക്‌ട്രിക്‌ ഷെയർ ഓട്ടോറിക്ഷകൾ പരീക്ഷണാടിസ്ഥാനത്തിൽ മെട്രോ സ്‌റ്റേഷനുകളിൽ സർവീസ്‌ നടത്തുന്നുണ്ട്‌. കൊച്ചി കോർപറേഷൻ ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ 100 ഇ–-ഓട്ടോകൾ ഉടൻ നിരത്തിലിറങ്ങുക. ഇതിന്‌ സംസ്ഥാന സർക്കാരിന്റെ അനുമതി ഉടൻ ലഭ്യമാക്കുമെന്ന്‌ മേയർ എം അനിൽകുമാർ അറിയിച്ചു. കോർപറേഷൻ കൗൺസിലിന്റെ അനുമതി പദ്ധതിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഒരുകോടിയാളം രൂപയാണ്‌ കോർപറേഷൻ മുതൽമുടക്കുക. ബാക്കിയുള്ള തുക ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണസംഘം വായ്പയിലൂടെ കണ്ടെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top