04 December Monday

തെളിവുണ്ടായിട്ടും മനോരമയ്ക്കുമാത്രം വിശ്വാസമില്ല ; സംശയമുന്നയിക്കുന്നത്‌ വിവാദം കത്തിച്ചുനിർത്താൻ

അശ്വതി ജയശ്രീUpdated: Saturday Sep 30, 2023


തിരുവനന്തപുരം
ആയുഷിൽ താൽക്കാലിക ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണംതട്ടിയ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗത്തിന്‌ പങ്കില്ലെന്നതിന്‌ തെളിവുകളുണ്ടായിട്ടും മനോരമയ്ക്കുമാത്രം വിശ്വാസമാകുന്നില്ല. ഹരിദാസൻ പണം നൽകിയെന്നു പറയുന്ന ദിവസം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അഖിൽ മാത്യു പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. എന്നാൽ, "കൈക്കൂലി വാങ്ങിയ ദിവസം അഖിൽ മാത്യു സെക്രട്ടറിയറ്റിലോ കല്യാണവിരുന്നിലോ?'എന്ന തലക്കെട്ടോടെയാണ്‌ മനോരമ വെള്ളിയാഴ്ച വാർത്ത നൽകിയത്‌. അഖിൽ ഏപ്രിൽ 10ന്‌ എവിടെയായിരുന്നു എന്നത്‌ കണ്ടെത്തുന്നതാണ്‌ നിർണായകമെന്നും ലേഖകൻ കുറിക്കുന്നു. എല്ലാ തെളിവുമുണ്ടായിട്ടും യുഡിഎഫ്‌ പത്രം സംശയമുന്നയിക്കുന്നത്‌ വിവാദം കത്തിച്ചുനിർത്താനാണെന്ന്‌ വ്യക്തം. ദൃശ്യങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരം ഒന്നാംപേജ്‌ വാർത്തയിൽ ചേർക്കാനും പത്രം "മറന്നു'. അതേസമയം, വ്യാഴം പകൽ 2.54ന്‌ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട്‌ "അഖിൽ മാത്യു അന്ന് പത്തനംതിട്ടയിൽ; കോഴ ആരോപണത്തിന് മറുപടിയായി ദൃശ്യങ്ങൾ' എന്നായിരുന്നു.

കൈക്കൂലിവിവാദം 
നാൾവഴി

ഏപ്രിൽ 10
പകൽ 2.32ന്‌ സെക്രട്ടറിയറ്റിനു സമീപമുള്ള ഓട്ടോസ്റ്റാൻഡിൽവച്ച്‌ അഖിൽ മാത്യുവിന്‌ പണം കൈമാറിയതായി ഹരിദാസൻ (ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ച പരാതിയിൽ പറയുന്നത്‌). എന്നാൽ, ഈ ദിവസം അഖിൽ പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു എന്നതിന്‌ വീഡിയോ ദൃശ്യങ്ങൾ അടക്കം നിരവധി തെളിവുകൾ.

ആഗസ്ത്‌ 17
മലപ്പുറം സ്വദേശി ബാസിത്‌ എന്നയാൾ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ്‌ സെക്രട്ടറിയോട്‌ പരാതി പറയുന്നു. രേഖാമൂലം പരാതി നൽകണമെന്ന്‌ ബാസിതിനോട്‌ മന്ത്രി ഓഫീസ്‌ ആവശ്യപ്പെടുന്നു.

സെപ്‌തംബർ 13
28–-ാം ദിവസം ഹരിദാസന്റെ പേരിലുള്ള പരാതി രജിസ്‌റ്റേഡ്‌ പോസ്റ്റായി മന്ത്രി ഓഫീസിൽ ലഭിച്ചു. പരാതി നൽകാൻ വൈകിയതും ഒരുമാസക്കാലയളവിൽ പൊലീസിനെ സമീപിക്കാത്തതും ദുരൂഹം. (ഈസമയം നിപാ പ്രതിരോധം ഏകോപനത്തിന്‌ മന്ത്രി കോഴിക്കോട്‌)

സെപ്‌തംബർ 20
മന്ത്രിയുടെ ഓഫീസ്‌ വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിക്കുന്നു.

സെപ്‌തംബർ 23
ഇത്തരമൊരു പരാതി കിട്ടിയെന്നും അതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രൈവറ്റ്‌ സെക്രട്ടറി ഡിജിപിക്ക്‌ പരാതി നൽകുന്നു.

സെപ്‌തംബർ 26
തന്റെ പേര്‌ ദുരുപയോഗം ചെയ്‌തെന്നും ആൾമാറാട്ടം നടത്തിയെന്നും വ്യക്തമാക്കി അഖിൽ മാത്യു കന്റോൺമെന്റ്‌ പൊലീസിൽ പരാതി നൽകി.

സെപ്‌തംബർ 27
കന്റോൺമെന്റ്‌ പൊലീസ്‌ സ്‌റ്റേഷനിൽ എത്തി അഖിൽ മാത്യു മൊഴി നൽകുന്നു. വൈകിട്ടോടെ എഫ്‌ഐആർ ഇടുന്നു.

സെപ്‌തംബർ  28
ഹരിദാസന്റെ മൊഴി രേഖപ്പെടുത്താൻ കന്റോൺമെന്റ്‌ പൊലീസ്‌ സംഘം മലപ്പുറത്തേക്ക്‌. ഇതിനിടെ കൈക്കൂലി വിവാദത്തിൽ അഖിൽ മാത്യുവിന്‌ പങ്കില്ലെന്ന്‌ വ്യക്തമാക്കുന്ന അഖിൽ സജീവിന്റെ വീഡിയോ സന്ദേശം മാധ്യമങ്ങളിൽ. പണം നൽകിയത്‌ അഖിൽ മാത്യുവിനുതന്നെയാണോ എന്ന്‌ അറിയില്ലെന്ന്‌ ഹരിദാസൻ ചാനലുകളോട്‌.

സെപ്‌തംബർ 29
കന്റോൺമെന്റ്‌ പൊലീസ്‌ ഹരിദാസന്റെ മൊഴി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top