കൊച്ചി
ഒറ്റമുറിയിലൊരു കൃഷിത്തോട്ടം. വളരുന്നത് ഇരുപത്തഞ്ചിലധികം വ്യത്യസ്തമായ മൈക്രോഗ്രീൻ പച്ചക്കറി ഇനങ്ങൾ. ചിറ്റൂർ സ്വദേശി അജയ് ഗോപിനാഥിന്റെ വീട്ടിലാണ് 64 ചതുരശ്രയടി മുറിയിൽ മൈക്രോഗ്രീൻ പച്ചക്കറിയുടെ ‘ഗ്രോ ഗ്രീൻ’ ഫാമുള്ളത്. മണ്ണുക്ഷാമം നേരിടുന്നവർക്കും സ്ഥലസൗകര്യങ്ങൾ കുറവുള്ളവർക്കും മാതൃകയാക്കാവുന്നതാണ് മെെക്രോഗ്രീൻ കൃഷിരീതി.
പലതരം കടുക്, സൂര്യകാന്തി, ചൈനീസ് കാബേജായ പോക്‌ചോയ് തുടങ്ങി വ്യത്യസ്‌ത ഇനങ്ങളാണ് ഫാമിലുള്ളത്. വിറ്റാമിനും മിനറൽസും ആന്റി ഓക്‌സിഡന്റുകളും ബീറ്റ കരോട്ടിനും ഫാറ്റി അമിനോ ആസിഡുകളും അടങ്ങിയ മെെക്രോഗ്രീൻ ഒന്നുമുതൽ മൂന്ന് ഇഞ്ചുവരെ ഉയരം വയ്‌ക്കുമ്പോൾ വിളവെടുക്കാം. ഏഴുമുതൽ 15 ദിവസംവരെയാണ് വളർച്ചയ്ക്കുവേണ്ടത്.
മുകളിൽവയ്‌ക്കുന്ന സുഷിരങ്ങളുള്ള ട്രേയിൽ കൊക്കോപിറ്റ് നിറച്ച് അതിലാണ് വിത്ത് പാകുക. താഴത്തെ ട്രേയിൽ വേരുകൾക്ക് വലിച്ചെടുക്കാവുന്ന വിധത്തിൽ ഫിൽറ്റർ ചെയ്‌ത വെള്ളം നിറയ്‌ക്കും. ഒരുതവണ ഉപയോഗിച്ച വെള്ളവും ചകിരിച്ചോറും വീണ്ടും ഉപയോഗിക്കില്ല. മുറിക്കുള്ളിലെ താപനില 25 ഡിഗ്രിയിൽ താഴെയും ഈർപ്പം 40 മുതൽ 60 വരെയും ആയിരിക്കും. പത്തുവർഷം മുമ്പ് ബംഗളൂരുവിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വ്യത്യസ്‌തമായ ഗാർണിഷിങ് ഐറ്റം രുചിച്ചപ്പോൾ അജയ്ക്ക് സ്വാദ് ഇഷ്ടപ്പെട്ടു. തുടർന്ന് ഷെ-ഫിനെ നേരിൽക്കണ്ട് ചോദിച്ചപ്പോൾ മൈക്രോഗ്രീൻ ഇനത്തിൽപ്പെട്ട കടുക് ചെടിയാണെന്നുമാത്രം പറഞ്ഞു. പിന്നീട് മെെക്രോഗ്രീനിനെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് പൊള്ളാച്ചിയിലാണ്. മൂന്നുവർഷത്തെ പരീക്ഷണ നിരീക്ഷണത്തിലൂടെയാണ് ഇന്നത്തെ ‘ഗ്രോ ഗ്രീനിൽ’ എത്തിയത്. മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങളിൽ ഈ കുഞ്ഞൻ ചെടിക്ക് വലിയ പ്രാധാന്യം ഉണ്ടാകുമെന്ന തിരിച്ചറിവാണ് വ്യാവസായികാടിസ്ഥാനത്തിൽ മൈക്രോഗ്രീൻ ഉൽപ്പാദനത്തിന് തുടക്കമിടാൻ കാരണമെന്ന് അജയ് പറഞ്ഞു.
‘പോർഷൻസി’ൽ
രുചിയ്ക്കാം
മെെക്രോഗ്രീൻ
മൈക്രോഗ്രീനിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കി വിൽക്കുന്ന ഹോട്ടൽ ആരംഭിച്ചിരിക്കുകയാണ് അജയ്. മൈക്രോഗ്രീൻ ചേർത്തുള്ള ഭക്ഷണം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. വലിയ വില നൽകിയാലേ മൈക്രോഗ്രീൻ ലഭിക്കൂവെന്ന ചിന്താഗതി മാറണം. ഒപ്പം മില്ലെറ്റ്സ് വിഭവങ്ങളുമുണ്ട്.
ആലുവ സ്വദേശി രാകേഷ് ചന്ദ്രബോസുമായി ചേർന്നാണ് കലൂർ മെട്രോ സ്റ്റേഷനോടുചേർന്ന് പോർഷൻസ് എന്ന ഹോട്ടൽ നടത്തുന്നത്. കുറഞ്ഞവിലയിൽ ഒരാൾക്ക് ആവശ്യമുള്ള അളവിൽമാത്രം ഭഷണം നൽകുമെന്നതാണ് പോർഷൻസിന്റെ പ്രത്യേകത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..