കളമശേരി
ഏലൂർ നഗരസഭാ ആരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒപി അടച്ചുപൂട്ടാനിടയായ ഓംബുഡ്സ്‌മാൻ ഉത്തരവ് ബിജെപിയുടെ ഗൂഢനീക്കത്തിന്റെ ഫലമെന്ന് ചെയർമാൻ എ ഡി സുജിൽ. സായാഹ്ന ഒപിയിലേക്ക് ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചതിൽ സാങ്കേതികപ്പിഴവ് ആരോപിച്ച് ബിജെപി കൗൺസിലർമാരായ എസ് ഷാജി, കെ എൻ അനിൽകുമാർ, പി ബി ഗോപിനാഥ് എന്നിവർ നഗരസഭാ ഓംബുഡ്സ്‌മാന് പരാതി നൽകിയിരുന്നു. എന്നാൽ, എതിർകക്ഷിയായ ചെയർമാനെ അറിയിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതായി ചെയർമാൻ പറഞ്ഞു. പരാതിക്കാർക്ക് അനുകൂല ഉത്തരവ് ലഭിച്ചതോടെ ജീവനക്കാരുടെ ജോലി അനിശ്ചിതത്വത്തിലാകുകയും സായാഹ്ന ഒപി മുടങ്ങുകയും ചെയ്തു.
2018ലെ പ്രളയത്തിൽ തകർന്ന ഏലൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രം സംസ്ഥാന സർക്കാർ 4.5 കോടി രൂപ ചെലവിൽ പുതുക്കി നിർമിച്ചാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി ഏപ്രിൽമുതൽ സായാഹ്ന ഒപി അനുവദിച്ചത്. സായാഹ്ന ഒപി പ്രവർത്തനത്തിന് ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ നിയമിക്കാൻ നഗരസഭ തുക വകയിരുത്തി. ഒഴിവുകളിലേക്ക് പത്രപ്പരസ്യം നൽകി അപേക്ഷ ക്ഷണിച്ചു. തുടർന്ന് ഇന്റർവ്യൂ നടത്തി കൗൺസിൽ അംഗീകാരം നേടി ഏപ്രിലിൽ ഈവനിങ് ഒപി ആരംഭിച്ചു.
പ്രദേശവാസികൾക്ക് ജോലിക്കുശേഷം വൈകിട്ട് ചികിത്സ നേടാനുള്ള സൗകര്യത്തിനായാണ് നഗരസഭയിലോ സമീപപ്രദേശത്തോ ഉള്ള ജീവനക്കാരെ ലഭ്യമാക്കാനുള്ള, നിയമപരമായ നിയമനനടപടിക്ക് തയ്യാറായത്. സമീപ നഗരസഭകളിലും മറ്റും ഇതേ രീതിയാണ് അവലംബിക്കുന്നത്. നിയമനം എംപ്ലോയ്‌മെന്റ് ബ്യൂറോ വഴി വേണമെന്നായിരുന്ന പരാതിക്കാരുടെ ആവശ്യം. ഇതേ കൗൺസിലർമാരുടെ രണ്ടാമത്തെ പരാതി താൽക്കാലിക ടൈപ്പിസ്റ്റ് നിയമനത്തെക്കുറിച്ചാണ്. നഗരസഭയിലെ ടൈപ്പിസ്റ്റിന് സ്ഥലംമാറ്റമായപ്പോൾ അടുത്തയാൾ വരുന്നതുവരെ ദൈനംദിന പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻവേണ്ടി ഏതാനും ദിവസത്തേക്കാണ് ദിവസക്കൂലിക്ക് ആളെവച്ചത്. സ്ഥിരം ടൈപ്പിസ്റ്റ് എത്തിയതോടെ ഇത് അവസാനിപ്പിച്ചു. സാങ്കേതികപ്രശ്നങ്ങൾ ഉയർത്തി ബിജെപി നടത്തുന്ന പ്രവർത്തനം ഏലൂർ ജനത തിരിച്ചറിയണമെന്നും എ ഡി സുജിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..