29 March Friday

കുടിശ്ശിക നിവാരണത്തിന് കേരള ബാങ്ക് കർമപദ്ധതി ; പൊതുയോഗത്തിന്റെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


തിരുവനന്തപുരം
കുടിശ്ശികനിവാരണ പദ്ധതി മിഷൻ 100 ഡെയ്‌സ് വിജയിപ്പിക്കാൻ കേരള ബാങ്ക്‌ വാർഷിക പൊതുയോഗം തീരുമാനിച്ചു. സഞ്ചിത നഷ്ടം പരമാവധി കുറച്ച് റിസർവ് ബാങ്ക് നിബന്ധനകൾക്ക് അനുസൃതമായി ബാങ്കിനെ ലാഭത്തിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് കർമപദ്ധതിയിൽ ലക്ഷ്യമിടുന്നത്‌. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാനസഹകരണ ബാങ്കും ലയിച്ചപ്പോൾ നിലനിൽക്കുന്ന ഭീമമായ സഞ്ചിത നഷ്ടം‌ കുറയ്‌ക്കാനാണ്‌ തീരുമാനം. നിലവിൽ 100 ശതമാനം കരുതൽ വച്ച നിഷ്‌ക്രിയ ആസ്തി 1118. 44 കോടി രൂപയാണ്. ഇതിന്റെ പകുതിയെങ്കിലും നവംബർ എട്ടിനകം സമാഹരിക്കും.

ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ യോഗത്തിൽ അധ്യക്ഷനായി. സാമ്പത്തിക പ്രതിസന്ധിയിലും രോഗികളും നിരാലംബരുമായ മുപ്പത്തഞ്ചിൽപ്പരം ഇടപാടുകാരുടെ കുടിശ്ശിക വായ്‌പാ ബാധ്യത തീർപ്പാക്കികൊടുക്കാൻ കഴിഞ്ഞതായി പ്രസിഡന്റ്‌ അറിയിച്ചു.  ഭരണസമിതിയും ജീവനക്കാരും മുൻകൈയെടുത്ത് കുടിശ്ശിക അടച്ച് പ്രമാണം തിരികെ നൽകി. ബാങ്കിന്റെ ബോർഡ് ഓഫ് മാനേജ്മെന്റിലേക്ക്  അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന നിയമാവലി ഭേദഗതി, കഴിഞ്ഞ സാമ്പത്തികവർഷത്തെ പ്രവർത്തന, ഓഡിറ്റ്‌ റിപ്പോർട്ടുകൾ, രണ്ട് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എന്നിവ യോഗം അംഗീകരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയുള്ള കെ സി സഹദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ്‌ എം കെ കണ്ണൻ, സഹകരണ സെക്രട്ടറി മിനി ആന്റണി, പ്രൊഫഷണൽ ഡയറക്ടർ എസ് ഹരിശങ്കർ, ബോർഡ് ഓഫ് മാനേജ്മെന്റ്‌ ചെയർമാൻ വി രവീന്ദ്രൻ, ചീഫ്  ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ ആർ രാജേഷ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top