25 April Thursday

ഡിവൈഎഫ്‌ഐ ജാഥകൾക്ക്‌ 
ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022


തിരുവനന്തപുരം
സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ട്രീറ്റിന്റെ പ്രചാരണാർഥമുള്ള ഡിവൈഎഫ്‌ഐ മേഖലാ ജാഥകൾക്ക്‌ നാടെങ്ങും ഉജ്വല വരവേൽപ്പ്‌.  തെക്കൻമേഖലാ ജാഥ വെള്ളി രാവിലെ  ജാഥാ ക്യാപ്‌റ്റൻ  വി കെ സനോജിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം പ്രയാണം ആരംഭിച്ചു. ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യം ഉയർത്തിയുള്ള ജാഥയ്‌ക്ക്‌ വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു.  നെടുമങ്ങാട്, വിളപ്പിൽ, കാട്ടാക്കട, നെയ്യാറ്റിൻകര, കോവളം എന്നിവിടങ്ങളിലായിരുന്നു ആദ്യ ദിന പര്യടനം. നാടൻ കലാരൂപങ്ങളുടെയും മുത്തുക്കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാണ് ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചത്‌. ശനി വഞ്ചിയൂർ, പേരൂർക്കട, കഴക്കൂട്ടം, ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ  പര്യടനം നടത്തും.

വടക്കൻമേഖലാ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. പയ്യന്നൂരിൽ ആയിരങ്ങൾ പങ്കെടുത്ത  സ്വീകരണത്തോടെ കണ്ണൂരിലെ ആദ്യദിന പ്രയാണം പൂർത്തിയാക്കി. വെള്ളി രാവിലെ ചട്ടഞ്ചാലിൽനിന്നാണ്‌ രണ്ടാംദിന പര്യടനം തുടങ്ങിയത്‌. കുതിരപ്പുറത്തേറ്റിയാണ്‌ ജാഥാലീഡർ വി വസീഫിനെയും മാനേജർ എസ് ആർ അരുൺ ബാബുവിനെയും സ്വീകരിച്ചത്‌. കാഞ്ഞങ്ങാട്ട്‌ കഥകളി, തിരുവാതിര അടക്കമുള്ള കലാരൂപങ്ങളോടെ ഘോഷയാത്രയുണ്ടായി. പടന്നക്കാട്‌ ബേക്കൽ ക്ലബ്ബിൽ പിഎസ്‌സി റാങ്ക്‌ ഹോൾഡർമാരുമായി ജാഥാംഗങ്ങൾ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.  മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന്റെ സംവിധായകൻ സെന്ന ഹെഗ്‌ഡെക്ക്‌ ഉപഹാരം നൽകി. നീലേശ്വരം മാർക്കറ്റ്‌ ജങ്‌ഷനിലെയും ചെറുവത്തൂരിലെയും സ്വീകരണശേഷം ജില്ലാ അതിർത്തിയായ കാലിക്കടവിൽനിന്നാണ്‌ പയ്യന്നൂരിലേക്ക്‌ വരവേറ്റത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top