25 April Thursday

സെമിത്തേരിയിൽ ചിതയൊരുങ്ങി; പുതിയ ലോകത്തിനുള്ള മഹാസന്ദേശം

പ്രത്യേക ലേഖകൻUpdated: Wednesday Jul 29, 2020


ആലപ്പുഴ
പള്ളിസെമിത്തേരിയിലെ കല്ലറകൾക്കിടയിൽ ഒരുക്കിയ ചിത നിന്നു കത്തി. അതിൽ നിന്നും ഉയർന്ന വെളിച്ചം പുതിയ ലോകത്തിനുള്ള മഹാസന്ദേശം കൂടിയായി.

മാരാരിക്കുളം സെന്റ്‌ അഗസ്‌ത്യൻസ്‌ പള്ളി സെമിത്തേരിയിലാണ്‌ ചരിത്രത്തിൽ ആദ്യമായി ചിതയൊരുങ്ങിയത്‌. പിന്നീട്‌‌ ആലപ്പുഴ കാട്ടൂർ സെന്റ്‌മൈക്കിൾസ്‌ പള്ളി സെമിത്തേരിയിലും സമാനമായ ചിതയൊരുങ്ങി.  ലത്തീൻ സഭ ആലപ്പുഴ രൂപതയാണ്‌‌ സെമിത്തേരികളിലും കോവിഡ്‌ മൃതദേഹം ദഹിപ്പിക്കാൻ ധീരമായ തീരുമാനമെടുത്തത്‌‌.  ബിഷപ്പ് ഡോ. ജെയിംസ്‌ ആനാപറമ്പിലാണ്‌ ഈ വിപ്ലവ തീരുമാനത്തിന്‌ ‌ മുൻകൈയെടുത്തത്‌. പരമ്പരാഗത രീതിയിലെ മാറ്റമായതിനാൽ  റോമിൽ നിന്നും അനുമതിയും തേടി.

തിങ്കളാഴ്‌ച്ച മരിച്ച കാനാശേരിയിൽ ത്രേസ്യാമ്മ (62) യാണ്  മാരാരിക്കുളം പള്ളിയിലെ‌ സെമിത്തേരിയിലെ ചിതയിൽ എരിഞ്ഞടങ്ങിയത്‌.  കെഎൽസിഎ ആലപ്പുഴ രൂപതാ ജനറൽ സെക്രട്ടറി ഇ വി രാജു ചിതയ്‌ക്ക്‌ തീകൊളുത്തി.  ഫാ. ബർണാഡ്‌ പണിക്കവീട്ടിൽ പള്ളിക്കുള്ളിൽ അവർക്കായി പ്രാർഥിച്ചു. കാട്ടൂർ സെന്റ്‌മൈക്കിൾസ്‌ പള്ളി സെമിത്തേരിയിൽ തെക്കേത്തൈയ്യിൽ മറിയാമ്മ (80) യെയും ദഹിപ്പിച്ചു. ഫാ. സാവിയോ  കാർമികനായി. സഭാ പിആർഒ ഫാദർ സേവ്യർ കുടിയാംശേരി നേതൃത്വം നൽകി. ചിതാഭസ്‌മം സെമിത്തേരികളിൽ സംസ്‌കരിക്കുന്ന ചടങ്ങും നടന്നു. ബന്ധുക്കൾക്ക്‌  തുടർ പ്രാർഥനകളും ഇവിടെ നടത്താം.

കോവിഡ്‌  രോഗിയായി സംശയം തോന്നുവരുടെയടക്കം മൃതദേഹം പ്രോട്ടോക്കോൾ പ്രകാരമാണ്‌ സംസ്‌കരിക്കേണ്ടത്‌. ഇതിനായി ചുരുങ്ങിയത്‌ 12 അടി താഴ്‌ചയിൽ കൂഴിയെടുക്കേണ്ടി വരും. ആലപ്പുഴ പോലുള്ള തീരമേഖലയിൽ മഴക്കാലത്ത്‌  ഇത്‌ അപ്രായോഗിമാണ്‌. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ്‌ ലത്തീൻ സഭയുടെ അത്യപൂർവമായ തീരുമാനം.

കോവിഡ്‌ ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ കത്തോലിക്കാസഭയുടെ ആലപ്പുഴ രൂപതയും വയനാട് വാരാമ്പറ്റ മഹല്ല് കമ്മിറ്റിയും കാട്ടിയ മാതൃക ശ്രദ്ധേയമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ മൃതദേഹം ഇടവക സെമിത്തേരികളിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മം സെമിത്തേരിയിൽ അടക്കം ചെയ്യുകയായിരുന്നു. ബാംഗ്ലൂരിൽനിന്ന് തലശേരിക്കുള്ള യാത്രാമധ്യേ ബത്തേരിയിൽ മരിച്ച വ്യക്തിയുടെ മൃതദേഹം വാരാമ്പറ്റ പള്ളി കബർസ്ഥാനത്ത് മറവു ചെയ്യാൻ മഹല്ല് കമ്മിറ്റി സമ്മതിച്ചതും മാതൃകാപരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top