20 April Saturday

റമീസ്‌ എൻഐഎ കസ്‌റ്റഡിയിൽ ; 4‌ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ അഞ്ചാംപ്രതി മലപ്പുറം സ്വദേശി കെ ടി റമീസിനെ ഏഴുദിവസത്തേക്ക്‌  എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു.  പ്രത്യേക എൻഐഎ കോടതിയാണ്‌ കസ്‌റ്റഡി അനുവദിച്ചത്‌. നേരത്തെ ആലുവ സബ്‌ജയിലിലെത്തി ഇയാളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരുന്നു.

അതേസമയം, കേസിലെ പ്രധാനപ്രതികളായ സ്വപ്‌നയെയും സന്ദീപ്‌ നായരെയും ചോദ്യം ചെയ്യാനായി കസ്‌റ്റംസ്‌ സംഘം കസ്‌റ്റഡിയിൽ വാങ്ങിയിട്ടുണ്ട്‌. റിമാൻഡിലായിരുന്ന ഇരുവരെയും സാമ്പത്തിക കുറ്റങ്ങൾ വിചാരണ ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയാണ്‌ ആഗസ്‌ത്‌ ഒന്നുവരെ കസ്‌റ്റഡിയിൽ വാങ്ങിയത്‌.

വിദേശത്തുള്ള മൂന്നാംപ്രതി ഫൈസൽ ഫരീദ്‌, കൂട്ടാളി റബിൻസ്‌ എന്നിവർക്കായി കസ്‌റ്റംസിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. നേരത്തെ എൻഐഎ കോടതിയും ഇവർക്കായി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

സ്വർണക്കടത്ത്‌ കേസിലെ അവസാനഘട്ട ചോദ്യം ചെയ്യലിനാണ്‌ രണ്ടാംപ്രതി സ്വപ്‌നയെയും നാലാംപ്രതി സന്ദീപ്‌ നായരെയും കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ വാങ്ങിയത്‌. ഇതുവരെ അറസ്‌റ്റിലായ 16 പ്രതികളിൽ ഇവരെക്കൂടിയാണ്‌ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനുള്ളത്‌. 

കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌ത കെ ടി റമീസിന്റെ അറസ്‌റ്റ്‌ കഴിഞ്ഞദിവസം എൻഐഎ രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ്‌  കോടതിയിൽ അപേക്ഷ സമർപ്പിച്ച്‌ കസ്‌റ്റഡിയിൽ വാങ്ങിയത്‌. സന്ദീപ്‌ നായരെ ചോദ്യം ചെയ്‌തതിൽനിന്ന്‌ കള്ളക്കടത്തിൽ റമീസ്‌ വഹിച്ച പ്രധാന പങ്ക്‌ വ്യക്തമായിട്ടുണ്ടെന്ന്‌ കസ്‌റ്റഡി അപേക്ഷയിൽ എൻഐഎ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകർക്കാനുള്ള സ്വർണക്കടത്തിന്‌ പ്രേരിപ്പിച്ചത്‌ റമീസാണെന്നും ഇയാൾക്ക്‌ രാജ്യത്തിനകത്തും പുറത്തും ബന്ധങ്ങളുണ്ടെന്നും അവരുടെ അകമ്പടിയോടെയാണ്‌ അയാളെ കണ്ടിട്ടുള്ളതെന്നും സന്ദീപ്‌ നായർ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്നുമാണ്‌ എൻഐഎ കോടതിയെ അറിയിച്ചത്‌.

4‌ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ അറസ്‌റ്റു ചെയ്‌ത നാലു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. അറസ്‌റ്റിലായ മുഴുവൻ പ്രതികളും സ്വർണക്കടത്തിലും അതിനുപിന്നിലെ ഗൂഢാലോചനയിലും മുഖ്യ പങ്കുവഹിച്ചവരാണെന്ന്‌ കസ്‌റ്റംസ്‌ കോടതിയെ അറിയിച്ചു.

ഏഴാംപ്രതി ഹംജത്‌ അലി (മലപ്പുറം), ഒമ്പതാംപ്രതി മുഹമ്മദ്‌ അൻവർ (മഞ്ചേരി), പത്താംപ്രതി ടി എം സംജു (കോഴിക്കോട്‌), പതിനാലാംപ്രതി സി വി ജിഫ്‌സൽ (കോഴിക്കോട്‌) എന്നിവരാണ്‌ ജാമ്യാപേക്ഷ നൽകിയത്‌.

കേസിലെ ആറാംപ്രതി മുഹമ്മദ്‌ ഷാഫിക്ക്‌ കഴിഞ്ഞവർഷം ആറ്‌ ലക്ഷം രൂപ താൻ കൊടുത്തിരുന്നെന്നും അത്‌ തിരികെ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ്‌ തന്നെ കേസിൽ കുടുക്കിയതെന്നും പ്രതി ഹംജത്‌ അലി കോടതിയിൽ പറഞ്ഞു.  കള്ളക്കടത്തിന്‌ പണം മുടക്കി എന്ന കുറ്റമാണ്‌ മുൻ   പ്രവാസിയായ സംജുവിനെതിരെ കസ്‌റ്റംസ്‌ ചുമത്തിയിട്ടുള്ളത്‌. 14 കോടി രൂപയുടെ സ്വർണക്കടത്തിൽ ഒരുകോടി രൂപപോലും താൻ മുടക്കിയിട്ടില്ലെന്ന്‌‌ സംജു വാദിച്ചു. എന്നാൽ മുഴുവൻ പ്രതികളുടെയും പങ്കിന്‌ കൃത്യമായ തെളിവുണ്ടെന്നും അത്‌ തെളിയിക്കുന്ന മറ്റ്‌ പ്രതികളുടെ പ്രസ്‌താവന കോടതിക്ക്‌ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

യുഎഇ കോൺസുലേറ്റ്‌ ദൃശ്യം കസ്റ്റംസ്‌ വീണ്ടും ആവശ്യപ്പെടും
അഡ്‌മിൻ അറ്റാഷെയ്‌ക്കു പകരം തിരുവനന്തപുരത്തെ കോൺസുലേറ്റിൽ യുഎഇ നിയോഗിച്ച ഉദ്യോഗസ്ഥനെ കാണാൻ സ്വർണക്കടത്തുകേസ്‌ അന്വേഷിക്കുന്ന കസ്റ്റംസ്‌ സംഘം. കഴിഞ്ഞദിവസം തലസ്ഥാനത്ത്‌ എത്തിയ മബ്‌റൂഖ്‌ എന്ന യുഎഇ പൗരനായ ഉദ്യോഗസ്ഥനെ നേരിൽ കാണും. വിവരങ്ങൾ തേടും. കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾക്കായി‌ വീണ്ടും കത്തുനൽകും.

അഡ്‌മിൻ അറ്റാഷെയോട്‌ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന്‌ കസ്റ്റംസ്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതെ അഡ്‌മിൻ അറ്റാഷെ യുഎഇയിലേക്കു മടങ്ങി. അന്വേഷണപുരോഗതിക്ക്‌ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അത്യാവശ്യമാണ്‌‌. സ്വർണമടങ്ങിയ ബാഗേജുകൾ കോൺസുലേറ്റിലേക്ക്‌ എത്തിയിട്ടുണ്ടോ, നിലവിൽ പിടിയിലായ സ്വർണക്കടത്തുകേസിലെ പ്രതികളുടെ കോൺസുലേറ്റ്‌ സന്ദർശനം, കടത്തിലെ പങ്കാളികൾ തുടങ്ങിയ വിവരങ്ങൾ ദൃശ്യങ്ങളിൽനിന്ന്‌ അറിയാൻ കഴിയും. 

ആവശ്യമെങ്കിൽ  സ്വപ്‌നയെയും സന്ദീപിനെയും തലസ്ഥാനത്ത്‌ എത്തിച്ച്‌ തെളിവെടുപ്പിന്‌ കസ്റ്റംസ്‌ തയ്യാറെടുക്കുകയാണ്‌. എൻഐഎ ഇവരെ തിരുവനന്തപുരത്ത്‌ എത്തിച്ച്‌ തെളിവെടുത്തിരുന്നു. എൻഐഎയിൽനിന്ന്‌ ചൊവ്വാഴ്‌ചയാണ്‌ ഇവരെ കസ്റ്റംസിന്‌ ലഭിച്ചത്‌. ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top