26 April Friday

മാധ്യമസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ 
വിനിയോഗിക്കണം : സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022


തിരുവനന്തപുരം
മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌. മാധ്യമ സ്വാതന്ത്ര്യത്തിന്‌ നിയമസഭയിൽ തടസ്സമുണ്ടാകില്ല. ജനാധിപത്യ സംവാദവേദിയായ സഭാതലം വേണ്ടവിധം വിനിയോഗിക്കാൻ അംഗങ്ങളും മാധ്യമപ്രവർത്തകരും തയ്യാറാകണമെന്നും മന്ത്രി സജി ചെറിയാന്റെ ക്രമപ്രശ്‌നത്തിന്‌ റൂളിങ്‌ നൽകി സ്‌പീക്കർ പറഞ്ഞു.

സഭയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്‌തതുപോലുള്ള നിരുത്തരവാദ നടപടി ആരിൽനിന്നുണ്ടായാലും അവകാശലംഘനത്തിനുൾപ്പെടെ നടപടികളെടുക്കുമെന്നും സ്‌പീക്കർ വ്യക്തമാക്കി. സഭയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്‌. അംഗങ്ങൾതന്നെ പകർത്തി നൽകിയത്‌ സഭയുടെ അന്തസ്സ്‌ കളങ്കപ്പെടുത്തി. ചില മാധ്യമപ്രവർത്തകരും  ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായെന്നും സ്‌പീക്കർ പറഞ്ഞു. ഇത് സഭയോടുള്ള അവഹേളനമാണ്‌. മാധ്യമപ്രവർത്തകരും ഇതിലേർപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്‌. അനുവദിച്ച സ്വാതന്ത്ര്യം ദുരുപയോഗിച്ച്‌,  ചട്ടപ്രകാരമുള്ള നടപടികളെ വിലക്കായി ചിത്രീകരിക്കുന്നത് സത്യാനന്തര പ്രചാരണ രീതിയാണ്.

സമ്മേളനം ആരംഭിക്കുംമുമ്പുതന്നെ മാധ്യമ വിലക്കെന്ന വ്യാജവാർത്ത ചാനലുകളിൽ വന്നു. മീഡിയാ റൂം ഒഴികെയുള്ള സ്ഥലങ്ങളിൽ ചിത്രീകരണത്തിന് നിബന്ധനകളോടെ മാത്രമേ അനുമതി നൽകൂ. ഇത്‌ തമസ്‌കരിച്ചായിരുന്നു വാർത്തകൾ. വീഡിയോ കാമറ കൂടാതെ, അംഗീകൃത പ്രസ് പാസ്‌ പ്രദർശിപ്പിച്ച്‌ നിയമസഭാ മന്ദിരത്തിൽ എവിടെയും പ്രവേശിക്കുന്നതിന് നിയന്ത്രണമില്ല.

തിങ്കളാഴ്‌ച സംപ്രേഷണംചെയ്ത നിയമസഭാ നടപടികളിൽ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ മനഃപൂർവം ഒഴിവാക്കിയതായി വാർത്തകളുണ്ടായി.  പി സി വിഷ്‌ണുനാഥിന്റെ പരാതിയും ലഭിച്ചു. ഇത്‌ വസ്‌തുതാപരമല്ലെന്നും സ്‌പീക്കർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top