25 April Thursday

കാടിറങ്ങി ആനക്കൂട്ടം, ഭീതിയോടെ നാട് ; ഇടമലയാർ യുപി സ്‌കൂൾ തകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


കോതമംഗലം
ഇടമലയാർ ഗവ. യുപി സ്കൂൾ കെട്ടിടം കാട്ടാനക്കൂട്ടം ആക്രമിച്ചുതകർത്തു. ചൊവ്വ പുലർച്ചെയാണ്‌ സംഭവം. ആറ്‌ ആനകളാണ് ആക്രമണം നടത്തിയത്‌. അഞ്ച് ക്ലാസ് മുറികളുടെ ജനാലകളും സ്റ്റോർ റൂമും കുടിവെള്ള ടാങ്കും പൈപ്പുകളും കുട്ടികളുടെ പച്ചക്കറിത്തോട്ടവും തകർത്തു.
ഇടമലയാർ വനാതിർത്തിയിലെ സ്കൂളിനുനേരെ മുമ്പും കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ കുട്ടികൾ കണ്ടത് തകർന്ന ക്ലാസ് മുറികളാണ്. ഇവരെ താൽക്കാലികമായി സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ ഇരുത്തി. ഫെൻസിങ്‌ പ്രവർത്തിക്കാത്തതാണ്‌ പ്രശ്നമായതെന്നും ബദൽ സംവിധാനം ഒരുക്കി പരീക്ഷകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു.

എംഎൽഎ സന്ദർശിച്ചു
കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവ. യുപി സ്കൂൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. 2016ന് ശേഷം ആദ്യമായാണ് കാട്ടാനകൾ സ്കൂളിൽ വലിയതോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്. സ്‌കൂളിനുചുറ്റുമുള്ള ഫെൻസിങ് അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കുന്നതിനും സ്കൂൾ വളപ്പിനുചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന്‌ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. തുണ്ടം റേഞ്ച് ഓഫീസർ സി വി വിനോദ്കുമാറും ജനപ്രതിനിധികളും എംഎൽഎക്ക്‌ ഒപ്പമുണ്ടായിരുന്നു.

ആലാട്ടുചിറയിൽ വീടും കൃഷിയും നശിപ്പിച്ചു
ആലാട്ടുചിറയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. തോമ്പ്രക്കുടി ഇ എം ഗോപിയുടെ വീട്ടുവളപ്പിൽ കയറിയാണ് കൃഷി നശിപ്പിച്ചത്. വീട്ടുമുറ്റത്ത് നിന്നിരുന്ന തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിട്ടു.

അടയ്ക്കാമരങ്ങളും നശിപ്പിച്ചിട്ടുണ്ട്. പാണംകുഴി, നെടുമ്പാറ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top