05 June Monday

ഇന്നസെന്റിന്റെ ആ വിളി നൽകിയത്‌ ജീവൻ

അക്ഷിത രാജ്‌Updated: Wednesday Mar 29, 2023


തൃശൂർ
എറണാകുളം പിവിഎസ് ആശുപത്രിയിലേക്ക്‌   ഫോൺ കോൾ. "ഇന്നസെന്റാണ്‌, അരവിന്ദന്റെ ഓപ്പറേഷനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണം, ‌പണം ലഭിക്കാത്ത കാരണം ചികിത്സ മുടങ്ങരുത്‌' ആ  ഫോൺവിളിയിലൂടെ  അരവിന്ദൻ നെല്ലുവായ്‌ക്ക്‌  ജീവനാണ്‌ ലഭിച്ചത്‌.   ഇന്നസെന്റ്‌ എന്ന മനുഷ്യസ്‌നേഹി തിരിച്ചുനൽകിയ ജീവിതവുമായി  അരവിന്ദൻ  ഇന്നസെന്റിന്‌ പ്രണാമമേകുകയാണ്‌. 2016ലാണ്‌ സംവിധായകൻകൂടിയായ   അരവിന്ദൻ നെല്ലുവായ്‌  കരൾ മാറ്റിവയ്‌ക്കുന്നതിന്‌  പിവിഎസ്‌ ആശുപത്രിയിൽ ചികിത്സ തേടിയത്‌. 

സിനിമയുടെ അണിയറപ്രവർത്തകൻ ഷാജി പട്ടിക്കര അരവിന്ദന്റെ  രോഗ വിവരം   ഇന്നസെന്റിനെ അറിയിച്ചു.  ഇന്നസെന്റും സെറ്റിലുള്ളവരും ചികിത്സയ്‌ക്കുവേണ്ടിയുള്ള തുക സമാഹരിച്ചു.  ഭാര്യ സെറ്റിലെത്തി തുക ഏറ്റുവാങ്ങുമ്പോൾ ഇന്നസെന്റ്‌ പറഞ്ഞു  "എന്താവശ്യമുണ്ടേലും വിളിക്കണം'.

അരവിന്ദന്‌ ഭാര്യ ഷൈലജ കരൾ നൽകാൻ  സന്നദ്ധയായി.  ഷൈലജയ്‌ക്ക്‌ ചില ആരോഗ്യ പ്രശ്‌നങ്ങൾ വന്നതിനാൽ കരൾമാറ്റ ശസ്‌ത്രക്രിയ നടന്നില്ല. ശേഷം മൃതസഞ്ജീവനിയിൽ രജിസ്ട്രേഷൻ ചെയ്‌തു. പക്ഷേ, സാമ്പത്തികമായ ഒരുക്കങ്ങൾക്ക്‌ മുമ്പുതന്നെ മൃതസഞ്ജീവിനി വഴി  കരൾ ലഭ്യമായി. അടിയന്തരമായി ശസ്‌ത്രക്രിയയ്‌ക്ക്‌ തയ്യാറാവാനും നിർദേശം വന്നു.  40 ലക്ഷം രൂപ ചെലവു വരും. ആദ്യ ഗഡു നൽകാതെ ശസ്‌ത്രക്രിയ നടക്കില്ല. പ്രതിസന്ധിഘട്ടത്തിൽ ഇന്നസെന്റ് പറഞ്ഞ വാക്കിന്റെ വിശ്വാസത്തിൽ അദ്ദേഹത്തെ കാണാൻ തീരുമാനിക്കുകയായിരുന്നു. ഷാജി പട്ടിക്കര വീട്ടിൽ നേരിട്ടെത്തി കാര്യം അറിയിച്ചു. ഉടൻ പിവിഎസ് ആശുപത്രി എംഡി മിനിയെ വിളിച്ച് ഓപ്പറേഷനു വേണ്ട എല്ലാ കാര്യങ്ങളും ഉടൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.  കൃത്യമായ ഇടപെടലിൽ തടസ്സമില്ലാതെ ശസ്‌ത്രക്രിയ നടന്നു.  ആശുപത്രി അധികൃതരും തുണയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top