24 April Wednesday

പറവൂർ നഗരസഭ ബജറ്റ് ജനവിരുദ്ധം: 
എൽഡിഎഫ് ബഹിഷ്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

പറവൂർ
വികസന കാഴ്ചപ്പാടില്ലാത്തതും ജനവിരുദ്ധവുമായ ബജറ്റാണ് നഗരസഭയിൽ അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജറ്റ് ചർച്ചയ്‌ക്കിടെ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബജറ്റിൽ അവതരിപ്പിച്ച കണക്കിൽ അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര അംഗം ജോബി പഞ്ഞിക്കാരനും രംഗത്തുവന്നു.

ദീർഘവീക്ഷണമില്ലാത്തതും ആവർത്തന വിരസവുമായ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് ടി വി നിധിൻ പറഞ്ഞു. ദേശീയപാത വികസനം മുന്നിൽക്കണ്ടുള്ള  പ്രഖ്യാപനങ്ങൾ ബജറ്റിലില്ല. ഭൂരഹിതരായ ജനറൽ വിഭാഗക്കാർക്ക് വസ്തു വാങ്ങി നൽകുന്നതിന് തുക നീക്കിവച്ചിട്ടില്ല. ഭവനരഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയ പദ്ധതി, മാലിന്യ സംസ്കരണം, ഐടി, ടൂറിസം, ബഡ്സ് സ്കൂൾ, കവലകളുടെ വികസനം എന്നിങ്ങനെ ജനകീയ ആവശ്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചു.

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പദ്ധതിയില്ല. താലൂക്ക് ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ, ലൈബ്രറികൾ, കായിക മേഖല എന്നിവയ്‌ക്കായി ബജറ്റിൽ ഒന്നുമില്ല. കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികൾ നേടിയെടുക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും നിധിൻ കുറ്റപ്പെടുത്തി.
ബിജെപിയുടെ മൂന്ന്‌ അംഗങ്ങളും സ്വതന്ത്ര അംഗം ജോബി പഞ്ഞിക്കാരനും എതിർത്തെങ്കിലും കൗൺസിലിലെ ഭൂരിപക്ഷത്തിൽ ബജറ്റ് പാസാക്കി. എൽഡിഎഫ് കൗൺസിലർമാരായ കെ ജെ ഷൈൻ, എൻ ഐ പൗലോസ്, എം കെ ബാനർജി, ഇ ജി ശശി എന്നിവരും സംസാരിച്ചു.

കണക്കിൽ പൊരുത്തക്കേട്‌
നഗരസഭ ഉപാധ്യക്ഷൻ എം ജെ രാജു അവതരിപ്പിച്ച  2022–--23 വർഷത്തെ പുതുക്കിയ ബജറ്റിൽ മുന്നിരിപ്പായി 50.86 ലക്ഷം രൂപയും വരവിനത്തിൽ 33.03 കോടി രൂപയുമാണ് കാണിച്ചിട്ടുള്ളത്. ഇതുപ്രകാരം ആകെ വരവ് 33.54 കോടി രൂപ വരേണ്ടതിനുപകരം 35.54 കോടി രൂപ എന്നാണ് അച്ചടിച്ച് വന്നത്.

തൻവർഷം 35.08 കോടി രൂപ ചെലവ് കഴിഞ്ഞാൽ 1.53 കോടി രൂപ കുറവ് കാണേണ്ടതിനുപകരം 46.04 ലക്ഷം രൂപ നീക്കിയിരിപ്പായാണ് ബജറ്റിൽ വന്നിട്ടുള്ളത്. ഇതേ തുകയാണ് 2023–--24 വർഷത്തിൽ മുന്നിരിപ്പായി കാണിച്ചിട്ടുള്ളത്. ഇതിനാൽ 2023–--24ൽ പ്രതീക്ഷിക്കുന്ന ആകെ വരവിലും ചെലവ് കഴിഞ്ഞുള്ള നീക്കിയിരിപ്പിലും വലിയ വ്യത്യാസമുണ്ടാകും. ഫലത്തിൽ ബജറ്റിലെ കണക്കുകൾ അംഗീകരിക്കാനാകില്ലെന്നും ധനകാര്യ സ്ഥിരം സമിതിയുടെ പരിഗണനയ്‌ക്ക് കണക്കുകൾ വീണ്ടും അയച്ച് ക്രമപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ടി വി നിധിനും സ്വതന്ത്ര അംഗം ജോബി പഞ്ഞിക്കാരനും ആവശ്യപ്പെട്ടു. അവതരിപ്പിച്ച ബജറ്റ് നിയമപരമായി നിലനിൽക്കില്ലെന്നും ഇരുവരും പറഞ്ഞു.  പിശകുകൾ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ എം ജെ രാജു, പക്ഷേ തിരുത്താൻ തയ്യാറാകാത്തത് തർക്കങ്ങൾക്ക് വഴിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top