20 April Saturday

മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജം: ആര്‍ക്കിയോളജി വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കൊച്ചി > കലൂരിലെ വാടക വീട്ടില്‍ മോന്‍സണ്‍ മാവുങ്കല്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജമാണെന്ന് സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്. കണ്ടെടുത്ത ശബരിമല ചെമ്പോല തിട്ടൂരത്തില്‍ വിശദമായ പരിശോധന വേണമെന്നും നിര്‍ദ്ദേശം. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം വകുപ്പ് നടത്തിയ കാലപ്പഴക്ക പരിശോധനയിലാണ് ഇവ മൂല്യങ്ങളില്ലാത്ത വ്യാജ നിര്‍മിതികളാണെന്ന് കണ്ടെത്തിയത്.

ടിപ്പുസുല്‍ത്താന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു എന്നിവയെല്ലാം വ്യാജമാണെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. ഇവയ്ക്ക് മൂല്യങ്ങളൊന്നുമില്ല. ചെമ്പോല തിട്ടൂരം പരിശോധിക്കാന്‍ പ്രത്യേക സംഘം വേണമെന്ന് എഎസ്ഐ കേരളാ യൂണിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയെന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടത്.

പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പുരാവസ്തുക്കളില്‍ മഹാഭൂരിഭാഗവും വ്യാജമാണെന്ന് ആര്‍ക്കിയോളജി വകുപ്പിലെ വിദഗ്ദ്ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വസ്തുക്കള്‍ പരിശോധിച്ചതിന്റെ ഫലം ഉള്‍പ്പെടുത്തിയുള്ള അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സംസ്ഥാന പുരാവസ്തു വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥര്‍ സംയുക്തമായി മോന്‍സന്റെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്.

കൂടുതല്‍ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ വേണമെന്ന് ആവശ്യപ്പെട്ട് എഎസ്ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മോന്‍സണ്‍ മാവുങ്കലിന്റെ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വായിച്ച ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവ വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ചെമ്പോല താന്‍ വായിച്ചിരുന്നെന്നും എന്നാല്‍ അതിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന കാര്യം ഇപ്പോള്‍ ഓര്‍മയില്ലെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top