കളമശേരി
സമുദ്ര ഉപരിതലത്തിലെയും അന്തരീക്ഷത്തിലെയും ദിവസവും മാറുന്ന താപഘടനയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോടുചേര്‍ന്നുള്ള കിഴക്കന്‍ അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്ക് കാരണമാകുന്നതെന്ന് കുസാറ്റ് ഗവേഷകന്റെ കണ്ടെത്തൽ. കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിലെ (എസിഎആര്‍ആര്‍) ഗവേഷകൻ സി എസ് അഭിറാം നിര്‍മലിന്റെ ഗവേഷണ പ്രബന്ധത്തിലാണ് സുപ്രധാന കണ്ടെത്തല്‍. അറബിക്കടലില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വ്യാപകമാകുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനുമുമ്പ് മാര്‍ച്ചുമുതൽ ജൂണ്‍വരെയും ഒക്ടോബര്‍മുതൽ ഡിസംബര്‍വരെയുമാണ്. സമുദ്ര ഉപരിതലത്തിലെയും അന്തരീക്ഷത്തിന്റെയും താപനില, മർദം എന്നിവ ഉണ്ടാക്കുന്ന തെര്‍മോഡൈനാമിക് ഘടന കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ രൂപപ്പെടലിനും തീവ്രതയ്ക്കും കാരണമാകുന്ന ‘സൈക്ലോജനിസിസ്’ എന്ന പ്രതിഭാസമുണ്ടാക്കുന്നു. ഭൗമോപരിതലത്തിൽനിന്ന് നാലുമുതൽ 10 കിലോമീറ്റര്‍വരെ ഉയരത്തിലുള്ള ട്രോപോസ്ഫിയറിന്റെ മധ്യഭാഗത്തെ താപ അസ്ഥിരതയുടെയും ഈര്‍പ്പത്തിന്റെയും വര്‍ധനയാണ് ചുഴലിക്കാറ്റുകളുടെ രൂപപ്പെടലും തീവ്രതയും നിയന്ത്രിക്കുന്നത്. മണ്‍സൂണിനുശേഷം ചുഴലിക്കാറ്റുകൾ വര്‍ധിക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റുകളുടെ ദൈര്‍ഘ്യം മൂന്നിരട്ടിയും എണ്ണം 80 ശതമാനവും വര്‍ധിച്ചതായും പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. എസിഎആര്‍ആര്‍ ഡയറക്ടര്‍ പ്രൊഫ. എസ് അഭിലാഷിന്റെ കീഴിലായിരുന്നു ഗവേഷണം.
ഐഎംഡി ഡിജിഎം ഡോ. മൃത്യുഞ്ജയ് മൊഹപത്ര, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ് ഗവേഷകൻ ഡോ. ശ്യാം ശങ്കര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ഡോ. എ കെ സഹായ്, സസെക്‌സ് സര്‍വകലാശാലയിലെ ഡോ. മാക്‌സ് മാര്‍ട്ടിന്‍ എന്നിവരുമായി ചേർന്നാണ് പ്രബന്ധം തയ്യാറാക്കിയത്. പ്രബന്ധത്തിന്റെ പൂർണ രൂപം https://www.nature.com/articles/s41598-023-42642-9 എന്ന ലിങ്കിൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..