പെരുമ്പാവൂർ
സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അഞ്ചു പ്രതികൾക്ക് 24 വർഷം തടവും പിഴയും ശിക്ഷ. മലയാറ്റൂർ കാടപ്പാറ തോട്ടക്കര ബോബി (37), കടപ്പാറ ചെത്തിക്കോട്ടിൽ രതീഷ് (39), മൂക്കന്നൂർ താബോർ കരയിടത്ത് എൽദോ (ആച്ചി എൽദോ–-41), മലയാറ്റൂർ കാടപ്പാറ കോമാട്ടിൽ അരുൺ (കുരുവി–-30), മൂക്കന്നൂർ താബോർ കോഴിക്കോടൻ ഗ്രിന്റേഷ് (ഇണ്ടാവ–-36) എന്നിവരെയാണ് പെരുമ്പാവൂർ അഡീഷണൽ സെഷൻ കോടതി ജഡ്ജി എം ഐ ജോൺസൻ ശിക്ഷിച്ചത്.
കേസിൽ ഏഴു പ്രതികളാണുണ്ടായിരുന്നത്. രണ്ടാംപ്രതി മലയാറ്റൂർ മന്ത്രിമുക്ക് പാടശേരി ആൽബിനെ കോടതി വെറുതെവിട്ടു. മൂന്നാംപ്രതി മലയാറ്റൂർ കാടപ്പാറ വെട്ടിക്ക മനോജ് (ലൂണ മനോജ്) ഒളിവിലാണ്. 2016 സെപ്തംബർ 12ന് മലയാറ്റൂർ കാടപ്പാറ മണിയാട്ടവീട്ടിൽ റിതിൻ രാജിനെ (32)യാണ് വ്യക്തിവൈരാഗ്യംമൂലം പ്രതികൾ ആക്രമിച്ചത്. സുഹൃത്തിന്റെ കല്യാണപ്പന്തലിലും അവിടന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് പോകുന്നവഴിയിലുംവച്ച് കമ്പിവടിക്ക് കാലിലും നടുവിലും അടിച്ചുവീഴ്ത്തി നട്ടെല്ലിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നടുവിനുതാഴെ ചലനശേഷി നഷ്ടപ്പെട്ട റിതിൻ രാജ് ചക്രക്കസേരയിലാണ് സഞ്ചരിക്കുന്നത്.
അങ്കമാലി–-കാലടി റൂട്ടിലോടുന്ന വിഗ്‌നേഷ് എന്ന ബസിലെ ഡോർ ചെക്കറായിരുന്ന റിതിൻ രാജിനെ 2014 മാർച്ച് 10ന് അങ്കമാലി നായരങ്ങാടിയിൽ ബസ് തടഞ്ഞുനിർത്തി പ്രതികൾ വടിവാളിന് വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. മുമ്പുണ്ടായ വാക്കുതർക്കത്തിന്റെ പേരിലായിരുന്നു ആക്രമണം. വെട്ട് മാറിക്കൊണ്ട തൃക്കാക്കര കാർഡിനൽ ഹൈസ്കൂൾ പ്രധനാധ്യാപികയ്ക്കാണ് പരിക്കേറ്റത്. ഈ കേസിൽ പറവൂർ അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണയിൽ പ്രതികൾ ഭയപ്പെടുത്തിയതിനെ തുടർന്ന് അധ്യാപിക മൊഴിമാറ്റി. എന്നാൽ, പ്രധാന സാക്ഷിയായിരുന്ന റിതിൻ രാജിന്റെ മൊഴിപ്രകാരം പ്രതികളെ 10 വർഷം തടവിന് ശിക്ഷിച്ചു. അപ്പീൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും റിതിൻ രാജിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജി ശ്രീകുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..