03 December Sunday

ചെത്തുതൊഴിലാളി സമരം ; 50–--ാംവാർഷികത്തിന് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023



പറവൂർ
തൊഴിലാളികളുടെ അവകാശപ്പോരാട്ട ചരിത്രത്തിലെ അത്യുജ്വല ഏടായ ജില്ലയിലെ ചെത്തുതൊഴിലാളി സമരത്തിന്റെ 50–-ാം വാർഷികാചരണത്തിന്‌ പ്രൗഢഗംഭീര തുടക്കം. സമരത്തിന്റെ പറവൂർ താലൂക്കിലെ നേതൃത്വമായിരുന്ന ടി ഐ സർവന്റെ വേർപാടിന്റെ 50–--ാം വാർഷികാചരണത്തിനും തുടക്കമായി.

നൂറ്റിപ്പത്ത്‌ ദിവസത്തിനുശേഷം വിജയം കണ്ട സമരത്തിന്റെ ഭാഗമായ മുൻ തൊഴിലാളികളും യൂണിയന്റെ ആദ്യകാല നേതാക്കളുമടക്കം നിരവധിപേർ കെ ആർ ഗംഗാധരൻ സ്മാരക ഹാളിൽ ഒത്തുചേർന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കള്ള് ചെത്ത് വ്യവസായം പ്രശ്നങ്ങൾ നേരിട്ട ഘട്ടങ്ങളിലെല്ലാം  ഇടതുപക്ഷ സർക്കാരുകൾ ഫലപ്രദമായ ഇടപെട്ടിട്ടുണ്ടെന്ന്‌ ടി പി രാമകൃഷ്ണൻ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ടി ആർ ബോസ് അധ്യക്ഷനായി.

സിഐടിയു നേതൃത്വം നല്‍കിയ സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളും സമരസമിതി ജില്ലാ കൺവീനറുമായിരുന്ന കെ എം സുധാകരൻ സമരാനുഭവങ്ങൾ വിവരിച്ചു. മര്‍ദനവും ജയിലും കോടതി വ്യവഹാരങ്ങളും നേരിട്ട ചെത്തുതൊഴിലാളികളുടെ സമരചരിത്രത്തിലെ അടര്‍ത്തിമാറ്റാനാകാത്ത ഏടായിരുന്നു 110 ദിവസത്തെ സമരമെന്ന് അദ്ദേഹം ഓർമിച്ചു. കള്ള് ഷാപ്പ് കോണ്‍ട്രാക്ടര്‍മാര്‍ക്കുവേണ്ടി അന്നത്തെ സര്‍ക്കാര്‍ പൊലീസിനെയും മറ്റു മര്‍ദക സംവിധാനങ്ങളെയും ഉപയോഗിച്ചാണ് സമരക്കാരെ അടിച്ചമർത്താൻ നോക്കിയത്.

വൈപ്പിന്‍കരയില്‍ ചെത്തി അളക്കുന്ന കള്ളുമായി പോകുന്ന വാഹനങ്ങള്‍ സമരത്തെ ഏതിർക്കുന്നവർ തടഞ്ഞു. സര്‍ക്കാര്‍ ജയിലിലടച്ച 173 പേരിൽ 35 പേര്‍ സ്ത്രീകളായിരുന്നു. കോണ്‍ട്രാക്ടർ കെ ജി ഭാസ്കരന്റെ നായരമ്പലത്തെ ഓഫീസില്‍ സൂക്ഷിച്ച കള്ള് ഷാപ്പുകളിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോള്‍ ജീപ്പിനുമുന്നില്‍ കിടന്ന്‌ തടഞ്ഞു. തൊഴിലാളികൾ ഗുണ്ടകളെ നേരിട്ടതിനാലാണ്‌ തന്റെ ജീവൻ നഷ്ടമാകാതിരുന്നതെന്നും കെ എം സുധാകരൻ വിവരിച്ചു. 1973 സെപ്തംബര്‍ നാലിന് തൊഴില്‍ -റവന്യു മന്ത്രിമാര്‍ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. നവംബർവരെ വിവിധ പരിപാടികൾ വാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി പി എൻ സീനുലാൽ, സിഐടിയു ഏരിയ സെക്രട്ടറി പി കെ സുരേന്ദ്രൻ, പ്രസിഡന്റ്‌ പി കെ സോമൻ, എം ടി ഷോല, ടി വി നിധിൻ, താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എം കെ സിദ്ധാർഥൻ, സെക്രട്ടറി കെ എസ് സജീവൻ, ടി ജി അശോകൻ, കെ ഡി വേണുഗോപാൽ, പി ആർ രഘു, ടി ഇ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഷിബു പുലർക്കാഴ്ചയും സംഘവും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top