16 April Tuesday

മെട്രോ രണ്ടാംഘട്ടം ; കൺസൾട്ടൻസി ടെൻഡർ അടുത്തയാഴ്‌ചയോടെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


കൊച്ചി
കൊച്ചി മെട്രോ ഇൻഫോപാർക്ക്‌ പാത നിർമാണത്തിനുള്ള പ്രോജക്ട്‌ കൺസൾട്ടന്റിനെ കണ്ടെത്താനുള്ള ടെൻഡർ അടുത്തയാഴ്‌ചയോടെ. കലൂർ സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ നീളുന്ന പാതയുടെ ജിയോടെക്‌നിക്കൽ സർവേയും ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കെഎംആർഎൽ. നിർദിഷ്ടപാത പ്രദേശത്ത്‌ ഡ്രോൺ ഉപയോഗിച്ചുള്ള ലിഡാർ സർവേ കഴിഞ്ഞയാഴ്‌ച പൂർത്തിയായിരുന്നു.

ഡിഎംആർസിക്ക്‌ പിന്നാലെ ഏറ്റെടുത്ത ദൈർഘ്യമേറിയ മെട്രോ നിർമാണം കുറ്റമറ്റനിലയിൽ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കെഎംആർഎൽ.   ആദ്യഘട്ടത്തിന്റെ അനുബന്ധമായി പേട്ടമുതൽ എസ്‌എൻ ജങ്ഷൻവരെയുള്ള 1. 8 കിലോമീറ്റർ പാത പൂർണമായും കെഎംആർഎല്ലാണ്‌ നിർമിച്ചത്‌. രണ്ടാംഘട്ടപാത നിർമാണത്തിന്‌ കേന്ദ്രാനുമതി ലഭിച്ചശേഷം ദിവസങ്ങൾക്കുള്ളിൽത്തന്നെ പദ്ധതിപ്രദേശത്ത്‌ കെഎംആർഎൽ ലിഡാർ സർവേ നടത്തി. കഴിഞ്ഞ ഏഴിനാണ്‌ കേന്ദ്രാനുമതിയായത്‌. പതിനാലിനായിരുന്നു സർവേ. വിശദ പദ്ധതിരേഖ തയ്യാറാക്കിയതിനുശേഷം പ്രദേശത്തുണ്ടായിട്ടുള്ള മാറ്റം കണ്ടെത്തുന്നതിനായിരുന്നു സർവേ. ലിഡാർ സർവേ പൂർത്തിയായതിനെ തുടർന്നാണ്‌ ജിയോടെക്‌നിക്കൽ ഇൻവെസ്‌റ്റിഗേഷൻ നടത്തുന്നത്‌. മെട്രോപാത നിർമിക്കുന്ന സ്ഥലത്തിന്റെ ഭൂഘടനയും മണ്ണിന്റെ നിലവാരവും കണ്ടെത്താനാണിത്‌. സൈറ്റുകളിൽനിന്ന്‌ പൈലിങ്ങിലൂടെയും ഡ്രില്ലിങ്ങിലൂടെയും ശേഖരിക്കുന്ന സാമ്പിളുകൾ ലാബുകളിൽ പരിശോധിക്കും. വിദഗ്‌ധ എൻജിനിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന സർവേ പൂർത്തിയാകുന്നമുറയ്‌ക്ക്‌ നിർമാണം തുടങ്ങും.

ഇതോടൊപ്പം പദ്ധതിയുടെ കൺസൾട്ടന്റിനെ കണ്ടെത്താനുള്ള ടെൻഡറും ക്ഷണിക്കും. അടുത്തയാഴ്‌ചയോടെ ടെൻഡർ പ്രസിദ്ധീകരിച്ചേക്കും.  മെട്രോ സ്‌റ്റേഷനുകൾ, വയഡെക്ട്‌, റെയിൽപ്പാത എന്നിവയുടെ നിർമാണം, ട്രെയിൻ, കോച്ചുകൾ, സിഗ്‌നലിങ്, വാർത്താവിനിമയ സംവിധാനമൊരുക്കൽ, വൈദ്യുതീകരണം തുടങ്ങിയവ കരാറുകാർ മുഖേന നടപ്പാക്കേണ്ടത്‌ കൺസൾട്ടന്റാണ്‌.

ആലുവമുതൽ പേട്ടവരെയുള്ള ഒന്നാംഘട്ട നിർമാണത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനും (ഡിഎംആർസി) എസ്‌എൻ ജങ്ഷൻമുതൽ തൃപ്പൂണിത്തുറ ടെർമിനൽവരെയുള്ള നിർമാണത്തിന്‌ ആർവി അസോസിയറ്റ്‌സുമായിരുന്നു കൺസൾട്ടന്റുമാർ.രണ്ടാംഘട്ടത്തിന്‌ കേന്ദ്രാനുമതി പ്രതീക്ഷിച്ച്‌ കഴിഞ്ഞവർഷം സെപ്‌തംബറിൽത്തന്നെ പ്രോജക്ട്‌ മാനേജ്‌മെന്റ്‌ കൺസൾട്ടന്റിനെ നിയമിക്കാൻ നടപടി ആരംഭിച്ചിരുന്നു. ആർവി അസോസിയറ്റ്‌സ്‌, റൈറ്റ്‌സ്‌, ടാറ്റ കൺസൾട്ടിങ് എൻജിനിയേഴ്‌സ്‌, ആർവിഎൻഎൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുത്തെങ്കിലും കേന്ദ്രാനുമതി വൈകിയതിനാൽ  കെഎംആർഎൽ നടപടി റദ്ദാക്കുകയായിരുന്നു.

രണ്ടാംഘട്ട പാതയ്‌ക്കുള്ള സ്ഥലമെടുപ്പും റോഡുകളുടെ വീതികൂട്ടൽ ഉൾപ്പെടെ അനുബന്ധ ജോലികളും 75 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്‌. മെട്രോ സ്‌റ്റേഷനുകളുടെ നിർമാണത്തിനുള്ള ഭരണാനുമതി ഉടനായേക്കും. 11.17 കിലോമീറ്റർ നീളത്തിൽ കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെ പാതയിൽ 11 സ്‌റ്റേഷനുകളാണുണ്ടാകുക. 1975 കോടിരൂപയാണ്‌ നിർമാണച്ചെലവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top