28 March Thursday

ടിപിആർ താഴ്‌ത്താൻ പരിശോധന കാൽലക്ഷമാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021



കൊച്ചി
ജില്ലയിൽ പത്തിനടുത്ത്‌ തുടരുന്ന കോവിഡ്‌ ടിപിആർ നിരക്ക്‌ പിടിച്ചുകെട്ടാൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നു. ദിവസം 25,000 പരിശോധനയാണ്‌ ലക്ഷ്യമെന്ന്‌ ഡെപ്യൂട്ടി ഡിഎംഒ  എസ്‌ ശ്രീദേവി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത്‌ ദിവസവും ഏറ്റവും കൂടുതൽ പരിശോധന (ശരാശരി 20,000) നടത്തുന്നത്‌ ജില്ലയിലാണ്‌. രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്‌.  ടിപിആർ ഉയർന്നുനിൽക്കുന്ന വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

24 മണിക്കൂർ നിരീക്ഷണം
കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പിക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാർ വീണ്ടും നിരീക്ഷണത്തിനിറങ്ങി. 24 മണിക്കൂറും  പരിശോധനയുണ്ടാകും. മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കുന്ന അധികാരങ്ങളോടെയാണ് മജിസ്ട്രേട്ടുമാരുടെ വരവ്. ടിപിആർ കുറയ്‌ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ വിന്യസിച്ചത്.

താലൂക്കടിസ്ഥാനത്തിലാണ്‌ ഇവരുടെ പ്രവർത്തനം. പൊതു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കും. ആളുകൾ കൂട്ടംകൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന കർശനമാക്കും. വ്യാപാരസ്ഥാപനങ്ങളിൽ സാനിറ്റൈസർ ഉറപ്പാക്കണം. മരണം, വിവാഹം, ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവയും നിരീക്ഷിക്കും.

റെയിൽവേ സ്‌റ്റേഷനുകളിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കലും സെക്ടറൽ മജിസ്ട്രേട്ടുമാരുടെ ചുമതലയിൽ വരും. വൈകിട്ടും അവധിദിവസങ്ങളിലും പരിശോധന കർശനമാക്കും. ഏഴു താലൂക്കുകൾക്കുകീഴിൽ 107 സെക്ടറൽ മജിസ്ട്രേട്ടുമാരെയാണ് നിയമിച്ചത്. ആലുവ താലൂക്കിൽ 15, കണയന്നൂരിൽ 23, കൊച്ചി- 15, കോതമംഗലം -10, കുന്നത്തുനാട് -15, മൂവാറ്റുപുഴ 14, പറവൂർ 15 എന്നിങ്ങനെയാണ് നിയമനം. ജില്ലാ സർവൈലൻസ് ഓഫീസർ നൽകുന്ന പട്ടികയനുസരിച്ച് കോവിഡ് വ്യാപനം കൂടിയ മേഖലകളിൽ പരിശോധന നിർബന്ധമാക്കും. ഓരോ പൊലീസ് ഓഫീസറുടെ അകമ്പടിയും സെക്ടറൽ മജിസ്ട്രേട്ടുമാർക്കുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top