26 April Friday

വ്യാപനം കൂടും ; കാരുണ്യ സ്‌കീമിൽ സ്വകാര്യ ആശുപത്രിയിലും സൗജന്യചികിത്സ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


തിരുവനന്തപുരം
കോവിഡ്‌ വ്യാപനം ഇനിയും വർധിക്കുമെന്ന വിലയിരുത്തലിൽ ജാഗ്രതയും പ്രതിരോധപ്രവർത്തനവും ശക്തിപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  അതിവ്യാപനമേഖലകളും (ക്ലസ്‌റ്റർ) അവിടത്തെ രോഗികളുടെയും എണ്ണം‌ വർധിക്കുകയാണ്‌.  ഈ സാഹചര്യം നേരിടാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന്‌‌ മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനസജ്ജമായ 101 കോവിഡ്‌ പ്രഥമ ചികിത്സാകേന്ദ്രത്തിലെ (സിഎഫ്എൽടിസി) 12,801 കിടക്കയിൽ 45 ശതമാനത്തിലും രോഗികളുണ്ട്. രണ്ടാംഘട്ടത്തിൽ 229 കേന്ദ്രത്തിൽ 30,598 കിടക്ക തയ്യാറായി. മൂന്നാംഘട്ടത്തിൽ 36,400 കിടക്കയ്‌ക്കായി 480 കേന്ദ്രം കണ്ടെത്തി. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേർക്ക് പരിശീലനം നൽകി. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹ ടീം ലീഡറും സ്റ്റാഫ് നേഴ്സും രണ്ട് ലാബ് ടെക്‌നീഷ്യന്മാരും രണ്ട് ഫാർമസിസ്റ്റുകളും അടങ്ങുന്നതാണ് പ്രഥമകേന്ദ്രം. ആരോഗ്യ സർവകലാശാലയുടെ കോഴ്സുകൾ പഠിച്ചിറങ്ങിയവരെയും ഇവിടെ നിയോഗിക്കും.  താമസസൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കും.

പ്രവർത്തനരഹിതമായ 44 ആശുപത്രിയും ഭാഗികമായി പ്രവർത്തിക്കുന്ന 42 ആശുപത്രിയും സ്വകാര്യമേഖലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും. കാരുണ്യ കാസ്പ് ഗുണഭോക്താക്കൾക്കും സർക്കാർ റഫർ ചെയ്യുന്ന കോവിഡ് രോഗികൾക്കും ലിസ്‌റ്റ്‌ ചെയ്‌ത സ്വകാര്യ ആശുപത്രികളിൽനിന്ന്‌  സൗജന്യ ചികിത്സ ലഭിക്കും. കോവിഡ് ചികിത്സയ്‌ക്കുമാത്രമായി താൽക്കാലിക എംപാനൽമെന്റ് സൗകര്യം ആരംഭിച്ചു.

ഗുരുതര രോഗികൾക്ക്‌ നൽകുന്ന ശ്രദ്ധയും പരിചരണവും പ്രഥമകേന്ദ്രങ്ങളിൽ ലഭിക്കണം എന്നത്‌ തെറ്റിദ്ധാരണയാണ്‌. ഇവിടെ എത്തുന്നവർ വലിയ രോഗികളല്ല. രോഗബാധിതരാണെങ്കിലും ആരോഗ്യത്തിന്‌ മറ്റ്‌ കുഴപ്പങ്ങളൊന്നുമില്ല. ഇവിടെ ചികിത്സ എന്നത്‌ അവരെ നിരീക്ഷിക്കലാണ്‌. കോവിഡ് പ്രതിരോധം ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോകൊണ്ട് അവസാനിക്കുന്നതല്ല. അതിനായി ദീർഘകാല പദ്ധതി രൂപപ്പെടുത്തും. അതിവ്യാപനമേഖലകളും അവ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകളും പഠിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അകാരണമായ ഭയം വേണ്ട
കോവിഡ് മരണകാരണമാകുമ്പോൾ അകാരണമായ ഭയം ജനങ്ങൾ കാട്ടുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി. രോഗപ്രതിരോധത്തിനാണ് ഊന്നൽ നൽകേണ്ടത്‌. മരിച്ചവരോട്‌ അനാദരവ് കാട്ടുന്നത് സംസ്കാരമുള്ള സമൂഹത്തിന്‌ ചേർന്ന നടപടിയല്ല. സമ്പൂർണ ലോക്‌ഡൗൺ വേണ്ടെന്നും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നുമുള്ള പൊതുഅഭിപ്രായമാണ് ഉയരുന്നത്. ഇതനുസരിച്ച്‌ കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ നിയന്ത്രണം കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top