08 August Monday
അടിയന്തരപ്രമേയം സഭ തള്ളി

നാല്‌ കേന്ദ്ര ഏജൻസികൾ ഉഴുതുമറിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല; എന്ത്‌ അസംബന്ധവും വിളിച്ചുപറയാമെന്ന്‌ കരുതേണ്ട: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസില്‍ നാല്‌  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വന്ന്‌  ഉഴുത് മറിച്ച് നോക്കിയിട്ടും സര്‍ക്കാരിനെതിരെ ഒരു കച്ചിത്തുരുമ്പ് പോലും കിട്ടിയിട്ടില്ലെന്നും പ്രതിയായ വനിതയുടെ  രഹസ്യമൊഴി എന്നും പറഞ്ഞ്‌  ഭയപ്പെടുത്താമെന്ന്‌ പ്രതിപക്ഷം കരുതേണ്ടെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു  മുഖ്യമന്ത്രി. സഭയിൽ എന്ത്‌ അസംബന്ധവും വിളിച്ചുപറയാമെന്ന്‌ ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു.

സ്വർണക്കടത്ത്‌ കേസിൽ കേന്ദ്ര എജൻസികൾക്ക്‌ ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നുവെങ്കില്‍ സർക്കാരിനെ ബാക്കി വെച്ചേക്കുമായിരുന്നോ? തീയില്ലാത്തിടത്ത് പുകയുണ്ടാക്കാനാണ് പ്രതിപക്ഷം അടിയന്തിര പ്രമേയവുമായി വന്നത്.സഭയിൽ ബി ജെ പി അംഗം ഇല്ലാത്തതിന്റെ കുറവ് നികത്താനും അവർക്ക്‌ വേണ്ടി വിടുപണി ചെയ്യാനുമാണ്‌  കോണ്‍ഗ്രസ് ശ്രമിക്കുന്നത്‌. അടിസ്ഥാനമില്ലാതെ, അസ്ഥിവാരമില്ലാതെ, കെട്ടിപ്പൊക്കുന്ന ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം ഒരു തവണ തകര്‍ന്നു വീണതാണ്. ജനം തള്ളിയതുമാണ്‌. വീണ്ടും തകര്‍ന്ന ചീട്ടുകെട്ടുകള്‍ കെട്ടിപ്പോക്കുകയാണ്. ഇതും തകരാന്‍ അധികം സമയം വേണ്ട.

സ്വര്‍ണക്കടത്ത കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നത്‌ സംഘപരിവാര്‍ ആണ്‌.  കാറും വീടും ശമ്പളവും അടക്കം എല്ലാ ഭൗതിക സഹായവും നല്‍കുന്നു. പ്രതിയുമായി സംഘപരിവാറിനുള്ള ബന്ധം പരിശോധിച്ചാല്‍ ഇത്‌ മനസിലാകും. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.  എന്നാൽ സ്വർണം ആര്‌ അയച്ചു , ആർക്കുവേണ്ടി അയച്ചു എന്ന പ്രധാന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നില്ല. അത്‌ കേന്ദ്രത്തിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എതിരാകും എന്നതിനാലല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഒരു തെളിവുമില്ലാത്ത വിഷയത്തില്‍ രഹസ്യമൊഴി കൊടുത്തിരിക്കുന്നു എന്ന വാദവുമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ വരുന്നത്. രഹസ്യമൊഴിയില്‍ എന്ത് ഉണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്‌. അവർ രഹസ്യമൊഴി കൊടുക്കുന്നത്‌ ആദ്യമായല്ല. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.  അടിയന്തര പ്രമേയത്തില്‍ പറയുന്നത് സംസ്ഥാനത്തെ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനെന്ന് പറയുന്ന ഒരാളുമായി ഫോണില്‍ സംസാരിച്ചുവെന്നാണ്. എന്തിനു സംസാരിച്ചുവെന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ മേല്‍ കെട്ടിവയ്ക്കാനാണ് പതിവുപോലത്തെ ശ്രമം. ഒരു പ്രശ്‌നത്തിലും ഇടനിലയായി ഉപയോഗിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ല.
 
സഭയിൽ ഗൗരവമുള്ള കാര്യം ചർച്ചചെയ്യുമ്പോൾ മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്ലില്ലാത്തതും  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള കാര്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ രണ്ട് പേരും സഭയിലില്ല. സോളാര്‍ കേസില്‍ കമ്മീഷനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ കേസില്‍ കുറ്റങ്ങള്‍ കണ്ടെത്തി ശുപാര്‍ശ നല്‍കിയിരുന്നു. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഒത്തുകളി ആണെന്ന് ആരോപണമുന്നയിച്ച സ്ത്രീ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ മറുപടിക്ക്‌ ശേഷം സഭ അടിയന്തരപ്രമേയം തള്ളി. ഷാഫി പറമ്പിൽ എംഎൽഎയാണ്‌ അടിയന്തര പ്രമേയത്തിന്‌ അനുമതി തേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top