19 April Friday

പരിഹാരങ്ങളുടെ തീരത്ത്‌ 
വൈപ്പിൻ, കൊച്ചി തീരസദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


വൈപ്പിൻ/ഫോർട്ട്‌ കൊച്ചി
തീരങ്ങളെ കേട്ട്‌, തീരജനതയെ ചേർത്തുനിർത്തി വൈപ്പിൻ, കൊച്ചി തീരദേശമണ്ഡലങ്ങളിൽ സംഘടിപ്പിച്ച തീരസദസ്സുകളിൽ വമ്പൻ ജനപങ്കാളിത്തം. തീരജനതയുടെ പരാതികൾക്കും അപേക്ഷകൾക്കും പരിഹാരം കാണാൻ ഫിഷറീസ്‌ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തദ്ദേശ ജനപ്രതിനിധികളെയും വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരെയും ഒന്നാകെ പങ്കെടുപ്പിച്ചായിരുന്നു സദസ്സ്‌.

മന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ സംവിധാനമാകെ അണിനിരന്ന സദസ്സ്‌ മത്സ്യത്തൊഴിലാളികളുടെയും തീരജനതയുടെയും ജീവിതത്തിലേക്ക്‌ ഇറങ്ങിച്ചെന്ന ചരിത്രമുഹൂർത്തത്തിനാണ്‌ സാക്ഷിയായത്‌. തീരത്തോടും മത്സ്യത്തൊഴിലാളികളോടുമുള്ള സംസ്ഥാന സർക്കാരിന്റെ കരുതൽ വ്യക്തമാക്കുന്നതായിരുന്നു ജനപങ്കാളിത്തം. തീരമേഖലകളിലെ പൊതുവികസനം സംബന്ധിച്ച അപേക്ഷകളാണ്‌ കൂടുതൽ ലഭിച്ചതെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട പരാതികൾ കുറവായത്‌ അവരുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടായതിന്‌ തെളിവാണെന്നും മന്ത്രി പറഞ്ഞു. കൊച്ചി മണ്ഡലത്തിൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും വൈപ്പിനിൽ മാഞ്ഞൂരാൻ ഹാളിലും മന്ത്രി സജി ചെറിയാൻ സദസ്സ്‌ ഉദ്ഘാടനം ചെയ്തു.

കൊച്ചി മണ്ഡലത്തിൽ 202 അപേക്ഷ തീർപ്പാക്കി. വിവിധ വിഭാഗങ്ങളിലായി ഓൺലൈനായി ആകെ 556 അപേക്ഷയാണ് ലഭിച്ചത്. വൈപ്പിനിൽ 147 അപേക്ഷ തീർപ്പാക്കി. ഓൺലൈനായി ലഭിച്ച 423 അപേക്ഷകൾ ഉൾപ്പെടെ 464 അപേക്ഷകളാണ് ലഭിച്ചത്. കടൽക്ഷോഭം, വേലിയേറ്റത്തിന്റെ ഭാഗമായുള്ള വെള്ളംകയറൽ, അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം, കുടിവെള്ളപ്രശ്‌നം, ജലാശയങ്ങളുടെ ആഴംകൂട്ടൽ, പുലിമുട്ടുകളുടെയും കടൽഭിത്തികളുടെയും നിർമാണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും നിർദേശങ്ങളുമാണ്‌ ജനപ്രതിനിധികളും തീരവാസികളും ഉന്നയിച്ചത്‌.

വൈപ്പിനിൽ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. എസ്‌ ശർമ, ഡോ. കെ എസ്‌ പുരുഷൻ, ഗോവ പോർട്ട്‌ ട്രസ്‌റ്റ്‌ മുൻ ചെയർമാൻ ഡോ. ജോസ്‌ പോൾ, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ആനുകൂല്യങ്ങളുടെ വിതരണവും വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കലും നടന്നു.
കൊച്ചിയിൽ കെ ജെ മാക്‌സി എംഎൽഎ അധ്യക്ഷനായി. വിവിധ പദ്ധതികളിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായവും കോസ്റ്റ് ഗാർഡ് നൽകുന്ന 100 ലൈഫ് ജാക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ആറുപേരെയും കല–-കായിക–-വിദ്യാഭ്യാസ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 18 പേരെയും ആദരിച്ചു.

ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കോസ്റ്റ് ഗാർഡ് ഡിഐജി എൻ രവി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആശ അഗസ്റ്റിൻ, സംസ്ഥാന തീരദേശ വികസന കോർപറേഷൻ റീജണൽ മാനേജർ വി പ്രശാന്ത്, മത്സ്യഫെഡ് മാനേജർ ടി ഡി സുധ, കെ ബി രമേഷ്, എൻ എസ് ശ്രീലു, എസ് മഹേഷ്, എസ് ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top