19 April Friday

വായ്‌പ നിഷേധത്തിനെതിരെ 
പ്രതിഷേധമുയരണം: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ വായ്‌പാ നിഷേധത്തിനെതിരെ ശക്തമായ പ്രചാരണം ജീവനക്കാർ ഏറ്റെടുക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ്‌ ഐസക്‌ പറഞ്ഞു. ഒറ്റയടിക്ക്‌ 15,000 കോടിയിലേറെ രൂപയാണ്‌ വെട്ടിക്കുറച്ചത്‌. കേരളം വലിയ കടക്കെണിയിലാണെന്ന പൊതുബോധം സൃഷ്‌ടിക്കാൻ പരിശ്രമിച്ച മാധ്യമങ്ങൾവരെ ഇപ്പോൾ കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ‘വികസന പ്രവർത്തനങ്ങളും ജനപക്ഷ സിവിൽ സർവീസും’ വിഷയത്തിലെ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ എങ്ങനെയെല്ലാം തകർക്കാമെന്ന്‌ ഗവേഷണം നടത്തുകയാണ്‌ മോദി സർക്കാർ. കേരളത്തിൽമാത്രമാണ്‌ പുതുതായി തസ്‌തിക സൃഷ്ടിക്കലും പിഎസ്‌സി നിയമനവും നടക്കുന്നത്‌. ജനപക്ഷ സിവിൽ സർവീസാണ്‌ കേരളത്തിലുള്ളത്‌. ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതിൽ സിവിൽ സർവീസ്‌ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ സിവിൽ സർവീസിന്‌ നല്ല മിടുക്കുണ്ട്‌. എന്നാൽ, വൻകിട പ്രോജക്ടുകൾ, മൂലധന നിക്ഷേപം, വ്യവസായ സംരംഭങ്ങൾ എന്നിവയുടെ കാര്യത്തിൽ പിന്നിലാണ്‌. ഇതുമാറാതെ നവകേരളത്തിലേക്ക്‌ മുന്നേറാനാകില്ല. കാര്യക്ഷമത ഉയർത്താൻ പ്രഖ്യാപനങ്ങൾമാത്രം പോരാ. അഴിമതിയിലും വിട്ടുവീഴ്‌ചയില്ലാതെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോ ചെയർമാൻ ചവറ ജയകുമാർ, ജയശ്ചന്ദ്രൻ കല്ലിംഗൽ, എസ്‌ ആർ മോഹനചന്ദ്രൻ എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top