19 April Friday

ഡോക്‌ടറുടെ ഗോൾ 
തൃക്കാക്കരയുടെ
കളിക്കളത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


തൃക്കാക്കര
തൃക്കാക്കരയുടെ ആവേശം കാൽപ്പന്തിൽ നിറച്ച്‌ തൃക്കാക്കരയുടെ പ്രിയ സാരഥി ഡോ. ജോ ജോസഫ്‌. "കളിക്കളത്തിനായി ഒരു ഗോൾ' നേടി ഡോ. ജോ തൃക്കാക്കരയുടെ കായികമുന്നേറ്റത്തിലേക്ക്‌ ചുവടുവച്ചു. കളിക്കളങ്ങളില്ലാത്ത തൃക്കാക്കരയിൽ "ഗോൾ ഫോർ എ പ്ലേ ഗ്രൗണ്ട്' എന്ന മുദ്രാവാക്യമുയർത്തി ഇടതുയുവജന സംഘടനകൾ സംഘടിപ്പിച്ച മത്സരം കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു.

സി കെ വിനീത് നേതൃത്വം നൽകിയ യുവജന ടീമും എ എ റഹിം എംപി നേതൃത്വം നൽകിയ ജനപ്രതിനിധികളുടെ ടീമും തമ്മിലാണ്‌ മാറ്റുരച്ചത്‌. അരമണിക്കൂർ വീതമുള്ള രണ്ടു പകുതികളിലായി മത്സരം പൂർത്തിയായപ്പോൾ ജനപ്രതിനിധികളുടെ ടീമിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് യുവജന നേതാക്കൾ തകർത്തു. മത്സരത്തിന് ആവേശം പകർന്ന്‌ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ജനപ്രതിനിധികളുടെ ടീമിനും നടൻ ഇർഷാദ്‌ അലി യുവജന ടീമിനും ബൂട്ടുകെട്ടി.

മത്സരത്തിന്റെ ജനപ്രതിനിധികളുടെ ടീം പരാജയപ്പെട്ടെങ്കിലും ഡോ. ജോയുടെ ഗോൾ കാണികളെ ആവേശഭരിതരാക്കി. എ എ റഹിം എംപിക്കുപുറമേ എംഎൽഎമാരായ എം വിജിൻ, എച്ച് സലാം, എം എസ് അരുൺകുമാർ, എ രാജ, കെ പ്രേംകുമാർ, പി വി ശ്രീനിജിൻ, പി പി സുമോദ് എന്നിവർ ടീമിൽ അംഗങ്ങളായി. സി കെ വിനീത് ക്യാപ്റ്റനായ ടീമിൽ വി കെ സനോജ്, വി വസിഫ്, അഡ്വ. എൻ വി വൈശാഖ്, കെ റിയാസുദ്ധീൻ, കെ എച്ച് സുൽത്താൻ, പി എച്ച് നിയാസ്, ഭാവന സത്യനാഥൻ, ആൽബിൻ തുടങ്ങിയവരും അണിനിരന്നു.

എം വിജിൻ, എച്ച്‌ സലാം, ഡോ. ജോ എന്നിവർ ജനപ്രതിനിധികളുടെ ടീമിനുവേണ്ടി ഗോൾ നേടി. സി കെ വിനീത്, വി വസീഫ്, എൻ വി വൈശാഖ് എന്നിവർ യുവജന ടീമിനുവേണ്ടി ഗോൾ നേടി. ഒരു സെൽഫ് ഗോളും ലഭിച്ചു. കെ എ നജീബാണ്‌ കളി നിയന്ത്രിച്ചത്‌. വ്യാഴം രാത്രി 10ന് പാലച്ചുവട് ഫുട്ബോൾ ഗ്രൗണ്ടിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ മത്സരം ഉദ്ഘാടനം ചെയ്തു. ഡോ. ജോ ജോസഫ്‌ വിജയിച്ചാൽ മണ്ഡലത്തിലെ ഓരോ വില്ലേജിലും ഓരോ കളിക്കളം എന്നത്‌ യാഥാർഥ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പ്രശസ്‌ത ഫുട്‌ബോൾ കമന്റേറ്റർ ഷൈജു ദാമോദരന്റെ കമന്ററിയും ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top