29 March Friday

ചില്ലാകാൻ 
1000 പറുദീസ ; ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


തിരുവനന്തപുരം
പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുകയാണ്‌ ലക്ഷ്യം. ആദ്യഘട്ടത്തിൽ 1000 പുതിയ കേന്ദ്രം വികസിപ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പദ്ധതി ആരംഭത്തിനായി 50 കോടി രൂപ അനുവദിച്ചു. ജൂണിൽ പദ്ധതി പ്രവർത്തനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ജില്ലാതലത്തിൽ എല്ലാ പഞ്ചായത്തിലെയും ടൂറിസം സാധ്യതകൾ പരിശോധിച്ചാണ്‌‌ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്. അടിസ്ഥാന സൗകര്യം വികസിപ്പിച്ച്‌ സഞ്ചാരികളെ ആകർഷിക്കുന്ന നിലയിലേക്ക്‌ ഉയർത്താനുള്ള പദ്ധതി തയ്യാറാക്കും. കലക്ടറുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും പദ്ധതിയിൽ താൽപ്പര്യമുള്ളവരുടെയും യോഗം ചേരും. ടൂറിസംമന്ത്രി പി എ മുഹമ്മദ്‌ റിയാസും ഇത്തരം യോഗങ്ങളിൽ പങ്കെടുക്കും. ഇതിനോടകം നിരവധി പഞ്ചായത്തുകളുടെ പദ്ധതിനിർദേശങ്ങൾ ടൂറിസംവകുപ്പിന്‌ ലഭിച്ചിട്ടുണ്ട്‌. പദ്ധതിപ്രവർത്തനങ്ങൾ സംബന്ധിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്ക് ഉടൻ‌ പരിശീലനം ആരംഭിക്കും.

പദ്ധതിയുടെ നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ക്ക്‌ അടങ്കലിന്റെ 60 ശതമാനം, 50 ലക്ഷം രൂപവരെ ടൂറിസംവകുപ്പ്‌ നൽകും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനം കണ്ടെത്തും. കോവിഡിനുശേഷം സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ തിരക്കിന് ആനുപാതികമായി വിവിധ ഭാ​ഗങ്ങളിലെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനാെപ്പം ഗ്രാമീണമേഖലയിൽ ടൂറിസത്തിൽനിന്നുള്ള വരുമാനവും ഉറപ്പാക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top