26 April Friday

ബിനാലെ വേദിയിൽ കഥയുടെ ആത്മാവ്‌ 
വരയിൽ കണ്ട്‌ മീര

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


കൊച്ചി
ബിനാലെ വേദിയിൽ ‘അക്ഷരാർട്‌ഥം'ജലച്ചായ ക്യാമ്പിൽ തന്റെ കഥകളെ ആസ്‌പദമാക്കി വരഞ്ഞ വർണച്ചിത്രങ്ങൾ ആസ്വദിച്ച്‌ എഴുത്തുകാരി കെ ആർ മീര. വെറ്റ്പാലറ്റ് ആർട്ട് ഗ്രൂപ്പിന്റെയും എബിസി ആർട്ട്റൂമിന്റെയും സഹകരണത്തോടെ കബ്രാൾ യാർഡ്‌ പവിലിയനിലായിരുന്നു പരിപാടി. കെ ആർ മീരയുടെ മോഹമഞ്ഞ, സർപ്പയജ്‌ഞം, ഏകാന്തതയുടെ നൂർ വർഷങ്ങൾ എന്നീ കഥകൾ പ്രമേയമാക്കിയായിരുന്നു രചന. ബിനാലെ ചിത്രകാരി ഇ എൻ ശാന്തി ഉൾപ്പെടെ 20 പേർ നിറങ്ങൾ ചാലിച്ച് ചിത്രമെഴുതി.  ചിത്രമെഴുതിയവരുമായി എഴുത്തുകാരി സംവദിച്ചു.

കഥകളുടെ ആത്മാവ് അറിഞ്ഞ് വരച്ചത് വലിയ അംഗീകാരമാണെന്ന് മീര പറഞ്ഞു. പ്രതീക്ഷിക്കാത്തവിധം മനോഹരമായി. ഇത് ആദ്യാനുഭവമാണ്. ചിത്രങ്ങളിൽ  വേറൊരുതരം വായനയുണ്ട്. ചിത്രവും കഥയും തമ്മിൽ ഭാവനയുടെ പരിസരത്ത് കണ്ടുമുട്ടുകയും കൂടിക്കലരുകയും മറ്റൊന്നായി തീരുകയും ചെയ്യുന്നു. വാങ്മയ ചിത്രമാണ് കഥയിലൂടെയും കവിതയിലൂടെയും വരുന്നതെന്ന് പറയാറുണ്ട്.

ആർട്ടിസ്റ്റ് കഥ വായിച്ചതെങ്ങനെ എന്നാണ് ചിത്രത്തിലൂടെ മനസ്സിലാകുക. ഓരോ ചിത്രവും അത്ഭുതപ്പെടുത്തുന്നു. ഭാവന ഉരുവപ്പെടുന്നത് ഒരേ ഇടത്തുനിന്നാണെന്ന് തോന്നും. ഏതൊക്കെ രീതിയിൽ വായിക്കപ്പെടുന്നു എന്നത്‌ എഴുതുന്നയാളെസംബന്ധിച്ച്‌ ഭാഗ്യമാണ്‌. ഒരു കഥ, വാക്ക്, പ്രയോഗം, മറ്റൊരു കലാഹൃദയത്തെ സ്പർശിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നതും മറ്റൊരു കലാസൃഷ്ടിക്ക്‌ കാരണമാകുന്നതും ഏറ്റവും പ്രധാനമാണെന്നും മീര പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top