28 March Thursday

പരിമിതികളെ നീന്തിത്തോൽപ്പിച്ച് ആസിം

എം പി നിത്യൻUpdated: Friday Jan 28, 2022

പെരിയാർ നീന്തിക്കയറിയ ആസിം വെള്ളിമണ്ണയെ യുവജന ക്ഷേമ 
ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് മാലയിട്ട് സ്വീകരിക്കുന്നു.
പരിശീലകൻ സജി വാളാശേരി സമീപം



ആലുവ
മുഹമ്മദ് ആസിം എന്ന പതിനാറുകാരൻ ആലുവ പെരിയാർ നീന്തിക്കടന്നത് പുതിയ ചരിത്രമായി. ജന്മനാ കൈകളില്ല, സ്വാധീനമില്ലാത്ത വലതുകാൽ. നട്ടെല്ലിന്‌ വളവും ഒരു ചെവിക്ക്‌ കേൾവിക്കുറവും. 136 സെന്റി മീറ്റർമാത്രമാണ് ഉയരം. എന്നാൽ, തന്നെ ഈ പരിമിതികളൊന്നും ബാധിക്കില്ലെന്ന്‌ തെളിയിച്ചു കോഴിക്കോട്  താമരശേരി വെളിമണ്ണ ആലത്തുകാവിൽ ഷാഹിദ്–-ജംസീന ദമ്പതികളുടെ മകൻ മുഹമ്മദ് ആസിം.

ആലുവയിൽ പെരിയാറിന്റെ ഏറ്റവും വീതി കൂടിയ അദ്വൈതാശ്രമം കടവിൽനിന്ന്‌ മണപ്പുറംവരെ ഒരുകിലോമീറ്ററിൽ അധികം ദൂരമാണ് നീന്തിക്കടന്നത്. ആശ്രമം കടവിൽനിന്ന്‌ റെയിൽവേ മേൽപ്പാലത്തിനരികിലേക്ക് നീന്തിയശേഷം അവിടെനിന്ന്‌ മണപ്പുറം കടവിലേക്ക് നീന്തിക്കയറിയത്‌ ഒരുമണിക്കൂർകൊണ്ട്‌. പരിശീലകൻ സജി വാളാശേരി, ആസിമിനൊപ്പം നീന്തി. 

തൊണ്ണൂറ്‌ ശതമാനം അംഗപരിമിതനായ ആസിമിനെ നീന്തൽക്കാരനാക്കാൻ സജി വാളാശേരിയും ഏറെ ശ്രമിച്ചു.  വീട്ടിലെത്തി പലവട്ടം സംസാരിച്ച്‌ മാതാപിതാക്കളെ സമ്മതിപ്പിച്ചു. സജിയുടെ വീട്ടിൽ താമസമൊരുക്കി. രാവിലെയും വൈകിട്ടും രണ്ടുമണിക്കൂർവീതം രണ്ടാഴ്ചത്തെ കഠിന പരിശീലനം. അവസാന നാലുദിവസം ഒരുകിലോമീറ്റർവരെ നീന്തിച്ചു.  

‘‘എനിക്ക് പെരിയാർ നീന്തിക്കടക്കാൻ കഴിഞ്ഞെങ്കിൽ ആർക്കും കഴിയും’’–- ആസിം പറഞ്ഞു. പുഴ നീന്തിക്കയറിയ ആസിമിനെ യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വീകരിച്ചു. അൻവർ സാദത്ത് എംഎൽഎയാണ്‌ ഫ്ലാഗ് ഓഫ് ചെയ്തത്‌. നഗരസഭാ ചെയർമാൻ എം ഒ ജോൺ അടക്കം നിരവധിപേർ ആശംസയുമായി എത്തി.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top