20 April Saturday

ഇനി മാലിന്യനീക്കവും ‘സ്‌മാർട്ട്‌’

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


കൊച്ചി
നഗരത്തിലെ മാലിന്യനീക്കം ‘സ്‌മാർട്ടാ’ക്കാൻ ഒരുങ്ങി കൊച്ചി നഗരസഭ. മാലിന്യം നീക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന് (സിഎസ്‌എംഎൽ) നഗരസഭാ അധികൃതർ നിർദേശം സമർപ്പിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിക്കാൻ 74 ഡിവിഷനുകളിലായി 150 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്‌.

എഴുപത്തിനാലു ഡിവിഷനുകളിലേക്കായി 15 ഇലക്ട്രിക് ട്രൈസൈക്കിളുകൾ, ട്രൈസൈക്കിളുകളിൽനിന്ന് മാലിന്യം യന്ത്രസഹായത്തോടെ ഇറക്കാൻ കഴിയുന്ന 50 ടിപ്പർ ട്രൈസൈക്കിൾ, മാലിന്യം അമർത്താനുള്ള 15 കോംപാക്‌റ്ററുകൾ എന്നിവ വാങ്ങുന്നതിനായാണ്‌ നിർദേശം സമർപ്പിച്ചത്‌. മാലിന്യം ശേഖരിക്കാനും ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുമാണ്‌ ഇവ ഉപയോഗിക്കുക. നിർദേശങ്ങളുടെ ഡിപിആർ തയ്യാറാക്കിയതായി സിഎസ്‌എംഎൽ അധികൃതർ പറഞ്ഞു.

ഏപ്രിലിൽ വാഹനങ്ങൾ എത്തിയേക്കും. വേർതിരിച്ചറിയാൻ വാഹനങ്ങൾക്ക് കളർകോഡ് ഉണ്ടാകും. വാഹനങ്ങളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കും മേൽനോട്ടത്തിനായി ഒരു മെക്കാനിക്കൽ എൻജിനിയറെ നിയമിച്ചതായി ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ടി കെ അഷ്‌റഫ്‌ പറഞ്ഞു. ഇപ്പോഴുള്ള കോംപാക്‌റ്ററുകൾ വാങ്ങിയിട്ട്‌ 15 വർഷമായതിനാൽ അടുത്തവർഷം സർവീസ് നിർത്തേണ്ടിവരും. നേരത്തേ ഇറക്കിയ ക്യാരേജ് ഓട്ടോകൾ പ്രവർത്തനക്ഷമമല്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്‌ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാകും. പൊലീസിന്റെ മേൽനോട്ടത്തിലാകും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കുക. ക്യാമറ സ്ഥാപിക്കലും പരിപാലനവും സ്വകാര്യ കമ്പനിയുടെ ചുമതലയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top