19 April Friday

തരൂരിന്‌ പരിപാടികളിൽ പങ്കെടുക്കാൻ ഡിസിസി അനുമതിവേണമെന്ന്‌ താരിഖ്‌ അൻവർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


കോഴിക്കോട്‌  
ശശി തരൂരിന്‌ എവിടെയും പരിപാടികളിൽ പങ്കെടുക്കാമെന്നും അതിന്‌ ഡിസിസികളുടെ അനുമതിവേണമെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ. ഇക്കാര്യത്തിൽ വിവാദത്തിന്‌ ഇടമില്ല. എം കെ രാഘവൻ എംപി അയച്ച പരാതി കിട്ടിയിട്ടില്ല. ഡൽഹിയിൽ എത്തിയശേഷം പരിശോധിക്കുമെന്നും കോഴിക്കോട്ട്‌ ഡിസിസി ഓഫീസിന്‌ കല്ലിടാൻ എത്തിയ അദ്ദേഹം പറഞ്ഞു. 

കെപിസിസി പ്രസിഡന്റ്‌ പറഞ്ഞാൽ കേൾക്കാൻ ബാധ്യതയുണ്ട്‌. എന്നാൽ, അച്ചടക്കത്തിന്‌ കൃത്യമായ നിർവചനം വേണമെന്ന്‌ എം കെ രാഘവൻ പറഞ്ഞു. അതിൽ ഏറ്റക്കുറച്ചിൽ പാടില്ലെന്നും താരിഖ്‌ അൻവറും കെ സുധാകരനും ചെന്നിത്തലയും ഉൾപ്പെടെയുള്ള വേദിയിൽ അദ്ദേഹം തുറന്നടിച്ചു.

എല്ലാവരും നിയമസഭയിലേക്ക്‌ തള്ളിക്കയറാൻ ശ്രമിച്ചാൽ ഡൽഹിയിൽ ഒന്നും ചെയ്യാനില്ലെന്നാണ്‌ ജനം കരുതുകയെന്നായിരുന്നു കെ മുരളീധരൻ എംപിയുടെ പരിഹാസം. തിക്കിത്തിരക്കൽ കാണുമ്പോൾ കോൺഗ്രസ്‌ ജയിക്കാൻ പോകുന്നില്ലെന്ന്‌ കരുതും. അതിനാൽ നിയമസഭയിലേക്ക്‌ ഞാനില്ല. പാർലമെന്റിലേക്ക്‌ പരിഗണിക്കണം –- മുരളീധരൻ പറഞ്ഞു.

വിലക്കേർപ്പെടുത്തരുത്: എം എം ഹസ്സൻ
കോഴിക്കോട്ടെ പരിപാടിയിൽ ശശി തരൂരിന്‌ വിലക്ക്‌ ഏർപ്പെടുത്താൻ പാടില്ലായിരുന്നെന്ന്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ.  തരൂർ പാർടി ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടിയിരുന്നെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഐസിസിയും കെപിസിസിയും തരൂരിനോട്‌ അനീതി കാട്ടിയിട്ടില്ല. പാർടി വിലക്ക്‌ ഏർപ്പെടുത്തിയിട്ടില്ല. വിവിധ മുദ്രാവാക്യങ്ങളുയർത്തി ഡിസംബർ എട്ടിന്‌ സെക്രട്ടറിയറ്റിനും കലക്ടറേറ്റുകൾക്കും മുന്നിൽ യുഡിഎഫ്‌ ധർണ നടത്തുമെന്നും ഹസ്സൻ പറഞ്ഞു.

കോൺഗ്രസ്‌ ഫ്ലക്‌സ്‌ പോര്‌ 
തുടരുന്നു
ഈരാറ്റുപേട്ടയിൽ ശശി തരൂർ പങ്കെടുക്കാനിരിക്കുന്ന പൊതുപരിപാടിയുടെ പേരിൽ കോൺഗ്രസിനുള്ളിലെ പോര്‌ തുടരുന്നു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ചിത്രം ഒഴിവാക്കി ഫ്ലക്‌സ് ബോർഡ് വന്നതിന് പിന്നാലെ, സതീശന്റെ പടം മാത്രംവച്ച്‌ പ്രത്യേക ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെപിസിസി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ. ഡിസംബർ മൂന്നിന്‌ ഈരാറ്റുപേട്ടയിൽ നടക്കുന്ന വർഗീയവിരുദ്ധ സമ്മേളനത്തിന്റെ ഉദ്‌ഘാടകനായാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ശശി തരൂരിനെ ക്ഷണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top